ചെരുപ്പ് നിര്‍മ്മാണം പഠിക്കാം; തവനൂര്‍ സ്‌കില്‍ പാര്‍ക്കില്‍ പുതിയ പ്ലാന്‍

കമ്പനികളിലെ തൊഴിലാളികള്‍ക്കും പരിശീലനം

Update:2024-08-08 16:45 IST

അനുദിനം വളര്‍ന്നു വരുന്ന പാദരക്ഷാ വ്യവസായ രംഗത്തെ തൊഴില്‍ പരിശീലനത്തിന് യുവാക്കള്‍ക്ക് അവസരമൊരുങ്ങുന്നു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ നിയന്ത്രണത്തില്‍ മലപ്പുറം ജില്ലയിലെ തവനൂരിലുള്ള സ്‌കില്‍ പാര്‍ക്കില്‍ സെന്‍ട്രല്‍ ഫൂട്ട് വെയര്‍ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്  എക്സ്റ്റന്‍ഷന്‍ സെന്റര്‍ ആരംഭിക്കാന്‍ ധാരണയായി. മാറുന്ന തൊഴില്‍ സാഹചര്യങ്ങളെ മുന്നില്‍ കണ്ട് നോണ്‍ ലെതര്‍ പാദരക്ഷ നിര്‍മാണ മേഖലയിലുള്ള പരിശീലന പരിപാടികളാണ് ഇവിടെ നടക്കുകയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു അറിയിച്ചു. പാദരക്ഷ നിര്‍മാണ മേഖലയില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളുടെ ആവശ്യാനുസരണം അവരുടെ തൊഴിലാളികള്‍ക്കുള്ള പ്രത്യേക കോഴ്‌സുകളും ഇതോടൊപ്പം ലഭ്യമാക്കും.

തൊഴിലവസരങ്ങള്‍ നിരവധി

പാദരക്ഷ നിർമാണ രംഗത്ത് ഒട്ടേറെ തൊഴിലവസരങ്ങളാണ് ഉള്ളത്. ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍, ബേസിക് കട്ടിങ് ഓപ്പറേറ്റര്‍, ഫൂട്ട് വെയര്‍ സി.എ.ഡി ഓപ്പറേറ്റര്‍, ലൈന്‍ സൂപ്പര്‍വൈസര്‍ തുടങ്ങി നിരവധി തൊഴിലുകള്‍ക്ക് യുവാക്കളെ പ്രാപ്തരാക്കാന്‍ ഹ്രസ്വകാല, ദീര്‍ഘകാല കോഴ്‌സുകള്‍ക്ക് കഴിയും. യഥാര്‍ഥ തൊഴില്‍ സാഹചര്യങ്ങള്‍ മനസിലാക്കാനും  നേരിട്ട് തൊഴില്‍ നല്‍കുന്ന പരിശീലന പരിപാടികളില്‍ ഏര്‍പ്പെടാനുമുള്ള സൗകര്യങ്ങള്‍ തവനൂര്‍ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഒരുക്കും. 25,000 ചതുരശ്ര അടി വിസ്തൃതിയുള്ള കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ലാബ്, വര്‍ക്ക്‌ഷോപ്പ്, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ എന്നിവയും സജ്ജീകരിക്കുന്നുണ്ട്.

പുതിയ കമ്പനികള്‍ക്ക് വഴിയൊരുക്കും

കേന്ദ്രസര്‍ക്കാരിന്റെ ഒരു ജില്ല,ഒരു ഉല്‍പ്പന്നം പദ്ധതിയില്‍ കോഴിക്കോട് മേഖലയിലെ ജില്ലകള്‍ക്ക് അനുവദിച്ചിട്ടുള്ളത് പാദരക്ഷകളും പഴം-പച്ചക്കറി ഉല്‍പ്പന്നങ്ങളുമാണ്. പാദരക്ഷകളുടെ നിര്‍മ്മാണം, കയറ്റുമതി എന്നിവക്ക് കേന്ദ്രത്തിന്റെ ഉയര്‍ന്ന പരിഗണനയാണുള്ളത്. തവനൂരില്‍ പുതിയ പരിശീലന കേന്ദ്രം വരുമ്പോള്‍ പാദരക്ഷ നിര്‍മാണമേഖലയില്‍ പുതിയ കമ്പനികള്‍ വരുന്നതിന് പ്രോല്‍സാഹനമാകുമെന്ന് മന്ത്രി ആര്‍.ബിന്ദു ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് അവരുടെ നിര്‍മാണ വിതരണപ്രവര്‍ത്തങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സെന്ററിലെ പരിശീലനങ്ങള്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News