'ഞങ്ങളും കോളേജിലേക്ക്'; മങ്കടയില്‍ വനിതകള്‍ക്ക് സൗജന്യമായി ഡിഗ്രിയെടുക്കാം

എം.എല്‍.എയുടെ നേതൃത്വത്തില്‍ വേറിട്ട പദ്ധതി

Update:2024-07-27 12:49 IST

becker.com

ഡിഗ്രി പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന വനിതകള്‍ക്ക് ഒരു വര്‍ഷം കൊണ്ട് ഡിഗ്രിയെടുക്കാനുള്ള സൗജന്യ പദ്ധതിക്ക് മലപ്പുറം ജില്ലയിലെ മങ്കട മണ്ഡലത്തില്‍ തുടക്കമായി. സഹകരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് മങ്കട എം.എല്‍.എ മഞ്ഞളാംകുഴി അലിയാണ് 'ഞങ്ങളും കോളേജിലേക്ക്' എന്ന പേരില്‍ ഈ പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.  ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിൽ  രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥിനികള്‍ക്ക് മങ്കട രാമപുരം ജെംസ് കോഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ക്ലാസുകള്‍ നല്‍കും. മൂന്ന് കോഴ്‌സുകളിലേക്ക്  പ്രവേശനം  ആരംഭിച്ചു. ഔദ്യോഗികമായ ഉദ്ഘാടനം അടുത്ത മാസം നടക്കും.

സംസ്ഥാനത്തെ ആദ്യത്തെ പദ്ധതി

സ്ത്രീ വിദ്യാഭ്യാസത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ട് ഡിഗ്രി തലത്തില്‍ ഇത്തരമൊരു പദ്ധതി സംസ്ഥാനത്തെ ഒരു നിയമസഭാ മണ്ഡലത്തില്‍ ആദ്യമാണെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ പറഞ്ഞു. കോളേജ് പഠന സമയത്ത് വിവാഹിതരാകുന്നത് മൂലവും മറ്റു കാരണങ്ങളാലും പഠനം തുടരാന്‍ കഴിയാതെ പോകുന്ന സ്ത്രീകള്‍ മണ്ഡലത്തില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞാണ് പദ്ധതി നടപ്പാക്കുന്നത്. ഇവരില്‍ പലരും വിവാഹം കഴിഞ്ഞ് കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം പഠനം തുടരാന്‍ ആഗ്രഹിക്കുന്നവരാണ്. ഇവര്‍ക്ക് ഈ പദ്ധതി ഏറെ പ്രയോജനം ചെയ്യുമെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി.

മുന്‍ഗണന മണ്ഡലത്തില്‍ ഉള്ളവര്‍ക്ക്

ബി.എ ഇംഗ്ലീഷ്, സോഷ്യോളജി, ബികോം എന്നീ കോഴ്‌സുകളിലേക്കാണ് ആദ്യഘട്ടത്തില്‍ പ്രവേശനം. മങ്കട നിയമസഭാ മണ്ഡലത്തിലുള്ള സ്ത്രീകള്‍ക്കാണ് ഈ പദ്ധതിയില്‍ മുന്‍ഗണന. പഠിക്കാനെത്തുന്നവര്‍ക്ക് പ്രായപരിധിയില്ല. ആഴ്ചയില്‍ രണ്ട് ദിവസം രാമപുരത്തെ ജെംസ് കോളേജില്‍ ക്ലാസുകള്‍ നല്‍കും. കോളേജിലെ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ് എന്നിവ ഉപയോഗിക്കാം. പഠനത്തോടൊപ്പം നൈപുണി വികസനത്തിനുള്ള അവസരങ്ങളുമുണ്ട്. കമ്പ്യൂട്ടര്‍ പഠനം, ഭാഷാശേഷി വികസന പരിശീലനം തുടങ്ങിയവും നല്‍കും. ഡിഗ്രി പഠനം പൂര്‍ത്തായാക്കുമ്പോള്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ നേടുന്നതിനുള്ള പരിശീലനവും ഇതുവഴി ലഭിക്കും.

പരീക്ഷാ ഫീസ് അടക്കണം

പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നവര്‍ പരീക്ഷാ ഫീസ് മാത്രമാണ് അടക്കേണ്ടത്. പഠനത്തിന് മറ്റു ചെലവുകളില്ല. ഒരു വിദ്യാര്‍ത്ഥിക്ക് 30,000 രൂപയോളം ചെലവു വരുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് എം.എല്‍.എ പറഞ്ഞു. ഇതിനുള്ള പണം സഹകരണ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിടുന്ന വ്യക്തികളുടെയും സഹകരണത്തോടെയാണ് കണ്ടെത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News