രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ഐഐറ്റി ബോംബെ
ആഗോളതലത്തില്‍ തയാറാക്കിയ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് മറ്റു രണ്ടു യൂണിവേഴ്‌സിറ്റികളും
മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഗോള പട്ടികയില്‍ നേട്ടമുണ്ടാക്കി ഐഐറ്റി ബോംബെ. ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്‌സ്- സസ്റ്റെയ്‌നബിലിറ്റി 2023 പട്ടികയിലാണ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ഐഐറ്റി മുംബൈ ഇടം പിടിച്ചത്. തൊഴില്‍ ലഭ്യത, സാമൂഹ്യ പ്രതിബദ്ധത, പരിതസ്ഥിതി തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
281-300 റാങ്കുകളിലാണ് ഐഐറ്റി ബോംബെയുടെ സ്ഥാനം. ഐഐറ്റി ഡല്‍ഹി(321-340), ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി (ജെഎന്‍യു) (361-380) എന്നിവയാണ് ഇന്ത്യയില്‍ രണ്ടും മൂന്നും റാങ്കുകളിലുള്ള സ്ഥാപനങ്ങള്‍.
കോഴ്‌സ് പൂര്‍ത്തിയാക്കുന്നവരുടെ ജോലി ലഭ്യതയുടെ അടിസ്ഥാനത്തില്‍ ആഗോളതലത്തില്‍ ആദ്യ നൂറു റാങ്കുകളിലും ഐഐറ്റി ബോംബെ സ്ഥാനം പിടിച്ചു. തൊഴില്‍ ലഭ്യതയും പഠനാന്തരീക്ഷവുമാണ് ഐഐറ്റി ഡല്‍ഹിക്ക് തുണയായതെങ്കില്‍ ലിംഗസമത്വവും മറ്റു അസമത്വങ്ങള്‍ ഇല്ലാക്കുകയും ചെയ്തതിനാണ് ജെഎന്‍യു മികച്ചതു നിന്നത്.
യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ആണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. യൂണിവേഴ്‌സിറ്റി ഓഫ് ടോറന്റോ, യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ എന്നിവ യഥാക്രമം രണ്ടും മൂന്നൂം സ്ഥാനങ്ങള്‍ നേടി.
പട്ടികയില്‍ 135 എണ്ണവും (19.2 ശതമാനം) യുഎസില്‍ നിന്നുള്ളവയാണ്. ഇതില്‍ 30 എണ്ണം ആദ്യ 100 ല്‍ ഇടംപിടിക്കുകയും ചെയ്തു. പട്ടികയില്‍ 67 യൂണിവേഴ്‌സിറ്റികള്‍ യുകെയില്‍ നിന്നാണ്. ഓസ്‌ട്രേലിയ, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ള യൂണിവേഴ്‌സിറ്റികളും മികവ് കാട്ടി.