യു.എസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കൊരു സന്തോഷവാര്‍ത്ത, പഠനത്തോടൊപ്പം ജോലി കണ്ടെത്താന്‍ മാര്‍ഗവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്
നിരവധി കമ്പനികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരമൊരുക്കാമെന്ന് അറിയിച്ചിട്ടുണ്ട്
അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ചെറിയ വരുമാനവും കണ്ടെത്താന്‍ അവസരമൊരുക്കി ന്യൂയോർക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ കണ്ടെത്തുന്നതിന് കോണ്‍സുലേറ്റ് തയ്യാറാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി. കമ്പനികളിലെ ഇന്റേണ്‍ഷിപ്പ് അവസരം കണ്ടെത്തി നേരിട്ട് അപേക്ഷിക്കാമെന്നതാണ് പ്രത്യേകത.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്ന് കോണ്‍സുലേറ്റ് വൃത്തങ്ങള്‍ പ്രതികരിച്ചു. നിരവധി ഇന്ത്യന്‍, അമേരിക്കന്‍ കമ്പനികള്‍ ഇതുമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഉന്നത പഠനത്തോടൊപ്പം പ്രശസ്തമായ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നത് ഭാവിയില്‍ മികച്ച തൊഴിലവസരങ്ങള്‍ സ്വന്തമാക്കാനും നല്ലൊരു കരിയര്‍ കെട്ടിപ്പടുക്കാനും സഹായിക്കും. അമേരിക്കന്‍ തൊഴില്‍ സംസ്‌ക്കാരം മനസിലാക്കാനും ഈ അവസരത്തെ ഉപയോഗിക്കാം. എന്നാല്‍ പ്രതിഫലത്തോടെയുള്ള ഇന്റേണ്‍ഷിപ്പ് അവസരം ലഭിക്കുന്നതിന് കാര്യമായ പരിശ്രമം ആവശ്യമാണ്. കോണ്‍സുലേറ്റിന്റെ പുതിയ സംവിധാനം നിലവില്‍ വരുന്നത് മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാകുമെന്നാണ് പ്രതീക്ഷ
അതേസമയം, ഉന്നത വിദ്യാഭ്യാസത്തിനായി യു.എസിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വര്‍ധനയുണ്ട്. അമേരിക്കയിലെ 10 ലക്ഷം വിദേശവിദ്യാര്‍ത്ഥികളില്‍ 25 ശതമാനവും ഇന്ത്യക്കാരാണ്. യു.എസിലേക്കുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വര്‍ധനയുണ്ടെന്ന് അടുത്തിടെ കേരള മൈഗ്രേഷന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.