ഐടി കമ്പനികള്‍ ജീവനക്കാരെ തിരികെ വിളിക്കുന്നു; 4.5 ലക്ഷം പുതിയ തൊഴിലുകള്‍
വരും വര്‍ഷത്തിന്റെ ആദ്യപകുതിയോടെ 1,75,000 പേര്‍ക്ക് അവസരം.
ഇന്ത്യന്‍ ഐടി കമ്പനികളില്‍ ജീവനക്കാരെ തിരികെ വിളിക്കുന്നു. പുതുതായി 4.5 ലക്ഷം തൊഴിലവസരങ്ങളും ഐടി രംഗത്ത് വരുന്നതായി മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനം അണ്‍എര്‍ത്ത് ഇന്‍സൈറ്റ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷത്തിലാണ് ലക്ഷക്കണക്കിന് തൊഴിലന്വേഷകര്‍ക്ക് അവസരങ്ങള്‍ ലഭിക്കുക. മുന്‍പരിചയമില്ലാത്ത ജീവനക്കാരെയും കമ്പനികള്‍ നിയമിച്ചേക്കുമെന്നും മേഖലയിലുള്ളവര്‍ പറയുന്നു.
സ്‌കില്‍ അടിസ്ഥാനപ്പെടുത്തിയുള്ള വേതനങ്ങള്‍ക്കായിരിക്കും പ്രാധാന്യം. പുതിയ അവസരങ്ങളില്‍ 17-19 ശതമാനത്തോളം പേരെയും വരും വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ നിയമിച്ചേക്കും. 175000 ത്തോളം വരുമിത്. അണ്‍എര്‍ത്തിന്റെ കണക്കനുസരിച്ച് ഇതിനോടകം രാജ്യത്തെ 30-ലധികം ആഭ്യന്തര, മള്‍ട്ടിനാഷണല്‍ ടെക് സ്ഥാപനങ്ങള്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ 2,50,000 പുതുമുഖങ്ങളെ ചേര്‍ത്തിട്ടുണ്ട്.
പുതിയ നിയമനങ്ങള്‍ നടത്തുന്ന ഏറ്റവും മികച്ച അഞ്ച് കമ്പനികള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടിസിഎസ്), ഇന്‍ഫോസിസ് എന്നിവരുമുണ്ട്. ടിസിഎസ് 77,000 പുതുമുഖങ്ങളെ നിയമിക്കും (H1FY22-ല്‍ 43,000 പേരെയും H2FY22ല്‍ 34,000 പേരെയും നിയമിക്കും), 45,000 പുതുമുഖങ്ങളെ നിയമിക്കാനാണ് കൊഗ്‌നിസന്റിന്റെ പദ്ധതി.
ഇന്‍ഫോസിസ് 45,000 പേരെയും ടെക് മഹീന്ദ്ര 15,000 പേരെയും നിയമിക്കും. കൂടാതെ HCL ടെക്‌നോളജീസ് ഈ സാമ്പത്തിക വര്‍ഷത്തില്‍ 22,000 പേരെയും 2023 സാമ്പത്തിക വര്‍ഷത്തോടെ 30,000 പേരെയും ജീവനക്കാരിലേക്ക് ചേര്‍ക്കും.