ഈ ചെറിയ യൂറോപ്യന്‍ രാജ്യം വിദേശ പഠനത്തില്‍ ഇന്ത്യക്കാരുടെ ഇഷ്ടപ്പെട്ട ഇടമാകുന്നു

ഇവിടുത്തെ വിദേശികളായ വിദ്യാര്‍ത്ഥികളില്‍ ഏറ്റവുമധികം പേര്‍ അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമാണെന്ന് കണക്കുകള്‍

Update:2023-11-06 16:57 IST

വിദേശ പഠനത്തിനായി കൂടുതലായും യു.കെയും കാനഡയും യു.എസും  തെരഞ്ഞെടുത്തിരുന്ന കാലത്തിന് മാറ്റമാകുന്നു. വിദേശപഠനത്തിന്റെ പുതു സാധ്യതകള്‍ മനസ്സിലാക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ വിദേശ പഠനം തേടി അയര്‍ലാന്‍ഡിലേക്കെത്തുന്നത് കൂടുന്നതായി പുതിയ കണക്കുകള്‍.

അയര്‍ലന്‍ഡ് ഹയര്‍ എഡ്യൂക്കേഷന്‍ അതോറിറ്റി (HEA) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇവിടത്തെ വിദേശ വിദ്യാര്‍ത്ഥികളില്‍ ഏറ്റവുമധികം പേര്‍ എത്തിയിട്ടുള്ളത് അമേരിക്ക കഴിഞ്ഞാല്‍ തൊട്ടു താഴെ ഇന്ത്യയില്‍ നിന്നുമാണെന്നാണ്.

നിലവില്‍ അയര്‍ലന്‍ഡിലെ വിവിധ പ്രദേശങ്ങളിലായി 5,110 വിദ്യാര്‍ത്ഥികളാണ് ഉള്ളത്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ 4,735 പേരും. ചൈനയെയും (3,965) കാനഡയെയും (1,935) പിന്തള്ളിയാണ് ഇന്ത്യ ഐറിഷ് വിദേശ വിദ്യാഭ്യാസ മേഖലയില്‍ മുന്നിലെത്തിയത്. വിദേശ പഠനത്തിനായി എത്തുന്നവരുടെ വാര്‍ഷിക വളര്‍ച്ച പരിഗണിച്ചാല്‍ 10-12 ശതമാനമായി വര്‍ധിച്ചതായി കാണാം.

ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യ 

ഇന്ത്യയില്‍ നിന്നും പഠനത്തിനായി എത്തുന്നവരുടെ അളവിലെ വര്‍ധന പരിഗണിച്ചാല്‍ ഉടന്‍ തന്നെ അമേരിക്കയെ പിന്തള്ളി ഇന്ത്യ മുന്നിലെത്തിയേക്കുമെന്ന് ആഗോള വിദേശ പഠന ഏജന്‍സിയായ അപ്ലൈ ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.

ഹെല്‍ത്ത് ആന്‍ഡ് വെല്‍ഫെയര്‍, ബിസിനസ്, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ലോ, ആര്‍ട്‌സ് ആന്‍ഡ് ഹ്യുമാനിറ്റീസ്, എന്‍ജിനീയറിംഗ്, മാനുഫാക്ചറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, നാച്വറല്‍ സയന്‍സസ്, മാത്തമാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയാണ് ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ അയര്‍ലാന്‍ഡില്‍ പഠിക്കാനായി തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍.



Tags:    

Similar News