സൗദിയില്‍ എഞ്ചിനിയറിംഗ് മേഖലയിലും സ്വദേശിവല്‍ക്കരണം

പ്രവാസികള്‍ക്ക് തിരിച്ചടിയാകും

Update:2024-07-19 17:04 IST

PRIVATIZATION

സൗദി അറേബ്യയില്‍ എഞ്ചിനിയറിംഗ് മേഖലയിലും സ്വദേശിവല്‍ക്കരണം നടപ്പാക്കാനുള്ള  പുതിയ തീരുമാനം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി യുവാക്കളുടെ തൊഴില്‍സാധ്യതകള്‍ കുറക്കും. ഒന്നര പതിറ്റാണ്ട് മുമ്പ് നിതാഖാത്ത് എന്ന പേരില്‍ സൗദിയില്‍ ആരംഭിച്ച തീവ്രസ്വദേശി വല്‍ക്കരണ നയത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഏറെ തൊഴില്‍ സാധ്യതകളുള്ള എഞ്ചിനിയറിംഗ് മേഖലയിലും സ്വദേശികളുടെ നിയമനം നിര്‍ബന്ധമാക്കുന്നത്. കേരളത്തില്‍ എഞ്ചിനിയറിംഗ് പഠനം വ്യാപകമായ രണ്ടര പതിറ്റാണ്ടിനുള്ളില്‍ നിരവധി യുവാക്കളാണ് സൗദി അറേബ്യ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ എഞ്ചിനിയറിംഗ് പ്രൊഫഷണലുകളായി കുടിയേറിയിട്ടുള്ളത്. പുതിയ സ്വദേശിവല്‍ക്കരണം ഇവരുടെ തൊഴിലിന് ഭീഷണി ഉയര്‍ത്താനുള്ള സാധ്യതകള്‍ കൂടുതലാണ്. ഈ മേഖലയില്‍ പുതിയ വിസകളുടെ എണ്ണം കുറയാനും ഇത് കാരണമാകും.

25 ശതമാനം സ്വദേശി നിയമനം

എഞ്ചിനിയര്‍മാരുടെ നിയമനത്തില്‍ ആദ്യഘട്ടത്തില്‍ 25 ശതമാനം സ്വദേശിവല്‍ക്കരണം നടത്താനാണ് സ്വകാര്യ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്‍ജിനീയറിംഗ് പ്രൊഫഷനില്‍ അഞ്ചും അതില്‍ കൂടുതലും പേര്‍ ജോലി ചെയ്യുന്ന മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഈ തീരുമാനം ബാധകമാണ്. ഈ നിര്‍ദേശം നടപ്പാക്കുമ്പോള്‍ പല കമ്പനികളിലും വിദേശ തൊഴിലാളികളെ പിരിച്ചു വിടേണ്ടതായും വരും. പുതിയ പ്രൊജക്ടുകളിലാകട്ടെ വിദേശികളെ നിയമിക്കുന്നത് കുറയുകയും ചെയ്യും. പുതിയ തീരുമാനത്തിലൂടെ എണ്ണായിരത്തിലേറെ സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. സ്വദേശിവല്‍ക്കരണം മുന്നില്‍ കണ്ട് അടുത്ത കാലത്ത് സൗദിയില്‍ എഞ്ചിനിയറിംഗ് പഠനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നു.

കമ്പനികള്‍ക്ക് ചെലവ് കൂടും

സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാകുന്നതോടെ കമ്പനികള്‍ക്ക് ശമ്പള ഇനത്തില്‍ ചെലവ് വര്‍ധിക്കും. നിര്‍ബന്ധമായും നിയമിക്കേണ്ട സ്വദേശി പ്രൊഫഷണലുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ശമ്പളം നല്‍കണം. ഇതാകട്ടെ, പലപ്പോഴും വിദേശ എഞ്ചിനിയര്‍മാര്‍ക്ക് നല്‍കുന്ന ശമ്പളത്തിന്റെ ഇരട്ടിയോ അതില്‍ അധികമോ ആകും. മാത്രമല്ല, ഉല്‍പാദന ക്ഷമത കുറയുകയും ചെയ്യും. കെട്ടിട നിര്‍മാണ രംഗത്തെ എഞ്ചിനിയറിംഗ് പ്രൊഫണലുകള്‍ക്ക് നിര്‍മ്മാണ സ്ഥലത്ത് നിന്ന് ജോലി ചെയ്യേണ്ടി വരും. കൊടും ചൂട് കാലാവസ്ഥയുമുള്ള ഇവിടെ എത്ര സ്വദേശികള്‍ കഠിനമായ ജോലിക്ക് തയ്യാറാകുമെന്നതും കമ്പനികളെ ആശങ്കപ്പെടുത്തുന്നുണ്ട്. മുന്‍ കാലങ്ങളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കിയ മേഖലകളിലെല്ലാം ഉല്‍പ്പാദന ക്ഷമത കുറഞ്ഞതായി പരാതികള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാന്‍ വേണ്ടി മാത്രം സ്വദേശികളെ ഉയര്‍ന്ന ശമ്പളത്തില്‍ നിയമിക്കുകയും ജോലികള്‍ പൂര്‍ത്തിയാക്കാന്‍ വിദേശികളെ അധികമായി നിയമിക്കുകയും ചെയ്യേണ്ട അവസ്ഥ പല മേഖലകളിലും രൂപപ്പെട്ടിരുന്നു.

Tags:    

Similar News