ഒലയ്ക്ക് ശേഷം വനിതകള്‍ക്ക് വന്‍ തൊഴിലവസരങ്ങളൊരുക്കി ടിസിഎസ്
വനിതാ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ ആയിരക്കണക്കിന് പേര്‍ക്ക് ജോലി.
ഇക്കഴിഞ്ഞ ദിവസമാണ് ബെംഗളുരു ആസ്ഥാനമായ ഒല ചരിത്രപരമായ തീരുമാനം അറിയിച്ചത്. തമിഴ്നാട്ടിലെ ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്ലാന്റില്‍ 10,000 വനിതകളെ നിയമിക്കുന്നു. ഇതാ ഒലയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടിസിഎസ്) ഇത്തരത്തിലൊരു സുവര്‍ണ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.
വനിതകള്‍ക്കായി രാജ്യത്തെ ഐടി മേഖലയില്‍ നടക്കാനൊരുങ്ങുന്ന ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആണ് കമ്പനിപ്രഖ്യാപിച്ചത്.
'റീ ബിഗിന്‍' പദ്ധതിയിലൂടെ കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട പുതുതായി മികച്ച തൊഴില്‍ തേടുന്ന ആയിരക്കണക്കിന് വനിതകള്‍ക്ക് തൊഴില്‍ ലഭിക്കും.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി നിയമിക്കുന്ന വനിതാ പ്രൊഫഷണലുകളുടെ എണ്ണം പുറത്തുവിട്ടിട്ടില്ലെങ്കിലും കമ്പനിയുടെ 2020-21 വാര്‍ഷിക റിപ്പോര്‍ട്ട് (AR) അനുസരിച്ച്, ആകെ ജീവനക്കാരില്‍ 36.5 ശതമാനമാണ് സ്ത്രീകളുടെ പങ്കാളിത്തം.
നിലവില്‍ ടിസിഎസിന്റെ മൊത്തം ജീവനക്കാരുടെ എണ്ണം 509,058 ആണ്. 2022 സാമ്പത്തിക വര്‍ഷം, കമ്പനി കാമ്പസുകളില്‍ നിന്ന് 40,000 ത്തിലധികം പേരെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കമ്പനി കണക്കുകള്‍ വ്യക്തമാക്കിയില്ലെങ്കിലും, അടുത്ത വൃത്തങ്ങള്‍ പറയുന്നത് ഇതില്‍ 40-50 ശതമാനം നിയമനങ്ങളും സ്ത്രീകളാണെന്നാണ്.