നിയമനങ്ങള്‍ വര്‍ധിക്കുന്നു, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് എട്ട് മാസത്തെ ഏറ്റവും താഴ്ന്നനിലയില്‍

തൊഴിലില്ലായ്മ നിരക്ക് 5.89 ശതമാനമായാണ് കുറഞ്ഞത്

Update:2021-09-21 14:10 IST

ശുഭപ്രതീക്ഷകള്‍ നല്‍കി രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നു. കഴിഞ്ഞ എട്ടുമാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോഴത്തെ തൊഴിലില്ലായ്മ നിരക്ക്. സെപ്റ്റംബര്‍ മൂന്നാം വാരത്തിലെ കണക്കുകള്‍ നോക്കുമ്പോള്‍ തൊഴിലില്ലായ്മ നിരക്ക് 5.89 ശതമാനമായി കുറഞ്ഞു. ഓഗസ്റ്റില്‍ എട്ട് ശതമാനത്തിന് മുകളിലുണ്ടായ തൊഴിലില്ലായ്മ നിരക്കാണ് ഈ മാസം 5.89 ശതമാനമായി കുത്തനെ കുറഞ്ഞത്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ആഴ്ച 7.35 ആയിരുന്നു രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്.

നഗര-ഗ്രാമ മേഖലകളില്‍ വ്യത്യാസമില്ലാതെയാണ് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞത്. എന്നിരുന്നാലും നഗര മേഖലയിലാണ് തൊഴിലില്ലായ്മ കൂടുതലായുള്ളത്. 7.93 ശതമാനം. 4.92 ശതമാനമാണ് ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക്. കോവിഡ് രണ്ടാം തരംഗ വ്യാപനം കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നിയമനങ്ങള്‍ വര്‍ധിച്ചതാണ് തൊഴിലില്ലായ്മ നിരക്ക് കുറയാന്‍ കാരണം. വരും മാസങ്ങളില്‍ നിയമനങ്ങള്‍ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, ഓഗസ്റ്റില്‍ 8.32 ശതമാനത്തിലേക്ക് ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞത് ഇന്ത്യന്‍ തൊഴില്‍ വിപണിക്ക് ആശ്വാസകരമാണ്. നഗര മേഖലകളില്‍ 9.78 ശതമാനവും ഗ്രാമീണ മേഖലയില്‍ 7.27 ശതമാനവുമായിരുന്നു കഴിഞ്ഞ മാസത്തെ തൊഴിലില്ലായ്മ നിരക്ക്. എന്നിരുന്നാലും ഹരിയാന, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഇരട്ട അക്കമായി തുടരുകയാണ്.




Tags:    

Similar News