അഡ്മിഷന്‍ കിട്ടാത്തതില്‍ വിഷമിക്കേണ്ട, 900 ഓട്ടോണോമസ് കോളേജുകളിലും ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് അവസരമൊരുങ്ങുന്നു
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് സര്‍വകലാശാലകള്‍ക്ക് പുറമെ ഓട്ടോണോമസ് കോളേജുകള്‍ വഴിയും ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ലഭ്യമാക്കുക
ഉയര്‍ന്ന കട്ട് ഓഫ് കാരണം കോളേജുകളില്‍ അഡ്മിഷന്‍ ലഭിക്കാത്തവര്‍ ഇനി നിരാശരാകേണ്ടി വരില്ല, 2022-23 മുതല്‍ രാജ്യത്തെ 900 ഓട്ടോണോമസ് കോളേജുകളിലും ഓണ്‍ലൈന്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ലഭ്യമാക്കാനൊരുങ്ങുകയാണ് യുജിസി. നിലവില്‍ സര്‍വകലാശാലകള്‍ വഴി മാത്രമാണ് ഓണ്‍ലൈന്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നല്‍കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഓട്ടോണോമസ് കോളേജുകള്‍ വഴിയും ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ലഭ്യമാക്കുന്നതോടു കൂടി രാജ്യത്തെ എന്റോള്‍മെന്റ് അനുപാതം വര്‍ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡിഗ്രി പ്രവേശനത്തിന് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് വേണമെന്നതില്‍നിന്ന് വ്യത്യസ്തമായി ഹയര്‍ സെക്കന്‍ഡറി വിജയിച്ച ആര്‍ക്കും കോഴ്‌സുകള്‍ക്ക് ചേരാവുന്നതാണ്. സമാനമായി ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പഠിക്കുന്നതിന് ബിരുദ പരീക്ഷ വിജയിച്ചാല്‍ മതിയാകും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ നേതൃത്വല്‍ കംപ്യൂട്ടര്‍ അടിസ്ഥാനമാക്കിയായിരിക്കും പരീക്ഷകളും വാല്വേഷനും നടത്തുക. 75 ശതമാനം ഹാജര്‍ നിര്‍ബന്ധമല്ലാത്ത ഓണ്‍ലൈന്‍ ബിരുദവും പരമ്പരാഗത ബിരുദവും തുല്യമാണെന്ന് യുജിസി ചെയര്‍പേഴ്‌സണ്‍ എം ജഗദേശ് കുമാര്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2035ഓടെ രാജ്യത്തെ മൊത്ത എന്റോള്‍മെന്റ് അനുപാതം 50 ശതമാനമായി ഉയര്‍ത്തുക എന്ന അടിസ്ഥാന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. 2018-19ല്‍ 18-23 പ്രായമുള്ളവരുടെ എന്റോള്‍മെന്റ് നിരക്ക് 26.3 ശതമാനമായിരുന്നെങ്കില്‍ 2019-20ല്‍ 27.1 ശതമാനമായി ഉയര്‍ന്നു. ഇത് അടുത്ത 13 വര്‍ഷങ്ങള്‍ കൊണ്ട് 50 ശതമാനമാക്കി ഉയര്‍ത്തും.