തൊഴിലില്ലായ്മ നിരക്ക്; കേരളത്തെ കടത്തി വെട്ടി യുപി
യുപിയിലും കേരളത്തിലും തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു, പഞ്ചാബിലും ഗോവയിലും കൂടി
സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ തൊഴിലില്ലായ്മ വലിയ പ്രചരണായുധമായി മാറിക്കൊണ്ടിരിക്കെ കണക്കുകള്‍ പറയുന്നു; യുപിയില്‍ അഞ്ചു വര്‍ഷം കൊണ്ട് തൊഴില്ലില്ലായ്മ കുറഞ്ഞു. കേരളത്തിലും തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഉത്തര്‍പ്രദേശിനേക്കാള്‍ പിന്നിലാണെന്ന് സിഎംഐഇയുടെ ത്രൈമാസ സ്ഥിതിവിവര കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു
അതേസമയം ഉത്തരാഘണ്ഡ്, ഗോവ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വര്‍ധിച്ചു.
കഴിഞ്ഞ സെപ്തംബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ യുപിയിലെ തൊഴിലില്ലായ്മ നിരക്ക് 4.83 ശതമാനമാണ്. എന്നാല്‍ 2016 ലെ ഇതേകാലയളവില്‍ എട്ടു ശതമാനമായിരുന്നു നിരക്ക്. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ഇക്കാലത്തിനിടയില്‍ 14.16 ശതമാനത്തില്‍ നിന്ന് 7.09 ശതമാനമായാണ് കുറഞ്ഞത്.
അതേസമയം പഞ്ചാബിലെ തൊഴിലില്ലായ്മ നിരക്ക് 6.13 ശതമാനത്തില്‍ നിന്ന് 7.85 ശതമാനമായി. ഗോവയിലെ നിരക്ക് 12.85 ല്‍ നിന്ന് 13.09 ശതമാനമായി ഉയര്‍ന്നു. ഉത്തരാഘണ്ഡിന്റെ തൊഴിലില്ലായ്മ നിരക്ക് 2.3 ശതമാനം ആയിരുന്നത് 4.08 ശതമാനമായി.
രാജ്യത്തിന്റെ ആകെ തൊഴിലില്ലായ്മ നിരക്ക് അഞ്ചു വര്‍ഷം കൊണ്ട് 6.68 ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായതായും സിഎംഐഇ കണക്കുകള്‍ സൂചിപ്പിക്കുന്നു.
13 സംസ്ഥാനങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞപ്പോള്‍ 11 എണ്ണത്തില്‍ കൂടി. രാജസ്ഥാനാണ് ഏറ്റവും മോശം നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഹരിയാന, ഝാര്‍ഘണ്ഡ് എന്നിവയാണ് തൊട്ടുപിന്നില്‍. അഞ്ച് ശതമാനമായിരുന്നു അഞ്ചു വര്‍ഷം മുമ്പ് രാജസ്ഥാന്റെ തൊഴിലില്ലായ്മ നിരക്ക് എന്നാല്‍ ഇക്കഴിഞ്ഞ സെപ്തംബര്‍-ഡിസംബറില്‍ 24 ശതമാനമായി ഉയര്‍ന്നു.