വിദ്യാഭ്യാസ മേഖല; ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും ഊന്നല്‍

ലോകനിലവാരത്തിലുള്ള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കും

Update:2022-02-01 15:15 IST

Banner vector created by upklyak - www.freepik.com

ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ഊന്നല്‍ നല്‍കുന്നു. വിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ പുതിയ പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തില്‍ ലോകോത്തര നിലവാരത്തിലുള്ള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ബജറ്റില്‍ വിഭാവനം ചെയ്യുന്നു. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പഠനം സാധ്യമാകുന്ന രീതിയിലാകും ഇതിന്റെ പ്രവര്‍ത്തനമെന്നും അവര്‍ പറയുന്നു.

സാമ്പത്തിക സേവനം, ടെക്‌നോളജി തുടങ്ങിയവയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ക്കായി ലോകോത്തര യൂണിവേഴ്‌സിറ്റികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നഗര ആസൂത്രണവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ എഐസിടിഇയുടെ നേതൃത്വത്തില്‍ ആരംഭിക്കും.
നഗരാസൂത്രണവുമായി ബന്ധപ്പെട്ട അഞ്ച് അക്കാദമിക് സ്ഥാപനങ്ങളെ സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ് ആക്കും. 250 കോടി രൂപ ഇതിനായി വകയിരുത്തി.
കാര്‍ഷിക സര്‍വകലാശാലകളുടെ സിലബസ് ആധുനിക കൃഷി രീതികള്‍ക്ക് അനുയോജ്യമായ രീതിയില്‍ പരിഷ്‌കരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിക്കുന്നു.
രാജ്യത്തെ ഐടിഐകളില്‍ നൈപുണ്യ വികസനത്തിനായി കൂടുതല്‍ കോഴ്‌സുകള്‍ ഏര്‍പ്പെടുത്തും. ഡിജിറ്റല്‍ ദേശ് ഇ പോര്‍ട്ടലിലൂടെ യുവാക്കളിലെ നൈപുണ്യ വികസനത്തിനായി സൗകര്യമൊരുക്കും.
പ്രധാനമന്ത്രി ഇ വിദ്യ പ്രോഗ്രാമിനു കീഴിലുള്ള 'ഒരു ക്ലാസ്, ഒരു ടിവി ചാനല്‍' പദ്ധതിയില്‍ 12 ല്‍ നിന്ന് 200 ചാനലുകളായി വര്‍ധിപ്പിക്കും. ഒന്നു മുതല്‍ 12 ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രാദേശിക ഭാഷകളില്‍ സപ്ലിമെന്ററി വിദ്യാഭ്യാസത്തിനുള്ള അവസരം ഇത് ഒരുക്കും.



Tags:    

Similar News