ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കഴിഞ്ഞ വര്‍ഷം 65% ലാഭ വര്‍ധന

ഉപകമ്പനിക്ക് കീഴില്‍ കൂടുതല്‍ അക്കാഡമികള്‍ തുറക്കും

Update: 2023-09-06 07:36 GMT

ഇന്ത്യാ സിമന്റ്‌സിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ പ്രീമിയര്‍ലീഗ് ഫ്രാഞ്ചൈസി ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (സി.എസ്.കെ) മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 52.17 കോടി രൂപ ലാഭം (Profit After Tax) നേടി. മുന്‍ സാമ്പത്തിക വര്‍ഷം 31.54 കോടി രൂപയായിരുന്നു ലാഭം. 65 ശതമാനമാണ് വര്‍ധന. മൊത്ത വരുമാനം ഇക്കാലയളവില്‍ മുന്‍വര്‍ഷത്തെ 349.14 കോടി രൂപയില്‍ നിന്ന് 292.34 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.

അഞ്ച് ഐ.പി.എല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നാണ്. ഇക്കഴിഞ്ഞ മേയില്‍ നടന്ന ചാംപ്യന്‍ഷിപ് ട്രോഫിയും സി.എസ്.കെ നേടിയിരുന്നു. 10 തവണ ഫൈനലില്‍ കളിച്ച ടീം 12 തവണ പ്ലേഓഫ്‌സ് യോഗ്യത നേടുകയും ചെയ്തു.
കടമെടുപ്പ് പരിധി ഉയര്‍ത്തും
കടമെടുപ്പ് പരിധി 250 കോടി രൂപയില്‍ നിന്ന് 350 കോടി രൂപയാക്കി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ടേം ലോണ്‍, ഡിബഞ്ചറുകള്‍, ബോണ്ടുകള്‍, മറ്റ് വായ്പാ ഉപകരണങ്ങള്‍ എന്നിവ വഴിയാണ് പരിധി ഉയര്‍ത്തുന്നത്.
ഓഡിറ്റ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം 50,912 ചതുരശ്ര അടി ബില്‍റ്റ്-അപ് സ്‌പേസും 19,208 ചതുരശ്ര അടി ഭൂമിയും 70 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നത് പരിഗണിക്കുന്നതായി ഓഗസ്റ്റ് 14ന് നടന്ന മാറ്റിംഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അറിയിച്ചിരുന്നു. ക്രിക്കറ്റ് അക്കാഡമിയും കമ്പനിയുടെ വിവിധ ബിസിനസ് പ്രോപ്പോസുലുകള്‍ക്കായുള്ള ഹൈ പെര്‍ഫോമന്‍സ് സെന്ററുകളും ഇവിടെ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
സി.എസ്.കെയുടെ ഉപകമ്പനിയായ സൂപ്പര്‍കിംഗ് വെഞ്ച്വേഴ്‌സ് ഇക്കാലയളവിൽ  പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സേലത്തും ചെന്നൈയിലുമായി രണ്ട് അക്കാഡമികളും ഇക്കാലയലവില്‍ ആരംഭിച്ചു. മറ്റ് സ്ഥലങ്ങളിലും അക്കാഡമി തുറക്കാന്‍ കമ്പനിക്ക്  പദ്ധതിയുണ്ട്.
Tags:    

Similar News