വായിച്ചിരിക്കേണ്ട ജീവിതം : The Nationalist
വെറുമൊരു സാധാരണ കുടുംബത്തില്‍ നിന്ന് രാജ്യത്തെ അതിശക്തമായൊരു കോര്‍പ്പറേറ്റ് പ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍ പദവിയിലേക്ക് ഒരാള്‍ നടന്ന കഥ
എല്‍ ആന്‍ഡ് ടി എന്ന രണ്ടക്ഷരം രാജ്യത്തിന്റെ മുക്കിലും മൂലയിലും കാണാം. എല്‍ ആന്‍ഡ് ടിയുടെ സാരഥി എഎം നായ്ക്കിന് ഇന്ത്യന്‍ കോര്‍പ്പറേറ്റ് രംഗത്തുള്ള സ്ഥാനം തികച്ചും വേറിട്ടതാണ്. മുംബൈ അന്ധേരിയില്‍ നിന്ന് വടക്കന്‍ ഗുജറാത്തിലെ ഒരു ഗ്രാമത്തിലെ ചാണകം കൊണ്ട് തറ മെഴുകിയ ഒരു സ്‌കൂളിലേക്ക് പറിച്ചുനടപ്പെട്ടതാണ് തന്റെ ബാല്യമെന്ന് പറയുന്നുണ്ട്, ജീവചരിത്രപുസ്തകത്തില്‍ എഎം നായ്ക്ക്.
മിന്‍ഹാസ് മര്‍ച്ചന്റ് എഴുതിയ നായ്ക്കിന്റെ ജീവചരിത്രം, ദി നാഷണലിസ്റ്റ്, എന്ന തലക്കെട്ടില്‍ മറ്റൊരുവരി കൂടിയുണ്ട്; ഫ്രം എ വില്ലേജ് ടു ദി വേള്‍ഡ്. ഈ വാചകം നായ്ക്ക് തന്നെ നിര്‍ദേശിച്ചതാണെന്ന് മര്‍ച്ചന്റ് പറയുന്നു. ഒറ്റ വരിയില്‍ നായ്ക്കിന്റെ ജീവിതത്തിനെ ഇതുപോലെ കുറിക്കാനും പ്രയാസം.
ഒരു ഗ്ലോബല്‍ പവര്‍ഹൗസായി ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോയെ എഎം നായ്ക്ക് എങ്ങനെയാണ് വളര്‍ത്തിയതെന്നാണ് ഈ പുസ്തകത്തിലൂടെ വിവരിക്കുന്നത്. മിന്‍ഹാസ് മര്‍ച്ചന്റ് വളരെ വിശദമായി എഎം നായ്ക്കുമായി സംസാരിച്ച ശേഷം തയ്യാറാക്കിയ ഈ പുസ്തകം പ്രതിഭാശാലിയായ കോര്‍പ്പറേറ്റ് സാരഥിയുടെ വ്യക്തിത്വത്തിന്റെയും വൈദഗ്ധ്യത്തിന്റെയും വിവിധ തലങ്ങള്‍ തുറന്ന് കാട്ടുന്നുണ്ട്. എല്‍ ആന്‍ഡ് ടിയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ ഇന്ത്യയിലെ ഇതര കോര്‍പ്പറേറ്റുകള്‍ നടത്തിയ കരുനീക്കങ്ങളും അതിനെ മറികടന്ന് സ്വതന്ത്രമായൊരു കോര്‍പ്പറേറ്റ് പ്രസ്ഥാനമായി എല്‍ ആന്‍ഡ് ടിയെ നിലനിര്‍ത്താന്‍ നായ്ക്ക് വര്‍ഷങ്ങളോളം നടത്തിയ ശ്രമങ്ങളും ഇതില്‍ വിവരിക്കുന്നുണ്ട്.