മുതൽമുടക്കില്ല, കഴിവ് മാത്രം മതി: ഓണ്‍ലൈനിലൂടെ പണമുണ്ടാക്കാനുള്ള 6 വഴികള്‍

Update: 2020-09-16 08:08 GMT

ഓണ്‍ലൈന്‍ രംഗത്ത് സംരംഭം തുടങ്ങാന്‍ എലിസബത്ത് റൈഡറുടെ കഥ നിങ്ങള്‍ക്ക് ഒരു പ്രചോദനമാകും. ഒരു ഓണ്‍ലൈന്‍ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ഇറങ്ങിപുറപ്പെട്ടതല്ല എലിസബത്ത് റൈഡര്‍. ആരോഗ്യകരമായ ജീവിതരീതികളോട് പാഷന്‍ ഉണ്ടായിരുന്നു ഒരു സാധാരണസ്ത്രീ. ഏഴ് വര്‍ഷം മുമ്പ് ഈ രംഗത്ത് അവര്‍ക്കുള്ള വൈദഗ്ധ്യം പങ്കുവെക്കാനും കൂടുതല്‍പ്പേരോട് ബന്ധപ്പെടുവാനുമായി ഒരു ബ്ലോഗ് തുടങ്ങി.

അവരുടെ അപാരമായ നര്‍ബബോധവും അറിവും പ്രതിഫലിക്കുന്ന ബ്ലോഗുകള്‍ വലിയ തോതില്‍ ആളുകളെ ആകര്‍ഷിച്ചു. വിജയകരമായ ഓണ്‍ലൈന്‍ ബിസിനസുകളുടെ കഥകള്‍ വായിച്ചപ്പോള്‍ ധാരാളം വ്യൂവേഴ്‌സ് ഉണ്ടെങ്കില്‍ പണമുണ്ടാക്കാന്‍ കഴിയുമെന്ന് അവര്‍ തിരിച്ചറിഞ്ഞു. അതിനാല്‍ കുറച്ചുസമയമെടുത്തുതന്നെ അഫിലിയേറ്റ്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് അവര്‍ പഠിച്ചു. പെട്ടെന്നുതന്നെ അവര്‍ ബ്ലോഗിലൂടെ പണമുണ്ടാക്കാന്‍ തുടങ്ങി. ബ്ലോഗിലൂടെ നേടിയ പണം ബിസിനസില്‍ തന്നെ അവര്‍ വീണ്ടും നിക്ഷേപിച്ചു.

തുടര്‍ന്ന് ഓണ്‍ലൈനായി കോച്ചിംഗ് സെഷനുകളും വെല്‍നസ് ബൂട്ട്ക്യാമ്പുകളും നല്‍കാന്‍ തുടങ്ങി. പാര്‍ട്ണര്‍ പ്രോഡക്റ്റുകളുടെ വില്‍പ്പനയും തുടങ്ങി. എലിസബത്ത് റൈഡര്‍ ഇപ്പോള്‍ സ്വന്തം രാജ്യത്തെ മുന്‍നിര ന്യൂട്രീഷന്‍ ഗുരുവാണ്. അവര്‍ വൈബ്‌സൈറ്റിലൂടെ വര്‍ഷം ഏഴക്കമുള്ള തുകയാണ് സമ്പാദിക്കുന്നത്.

എലിസബത്ത് റൈഡറുടെ കഥ മികച്ച ഓണ്‍ലൈന്‍ ബിസിനസ് വിജയകഥയാകുന്നത് അവര്‍ തനിക്കിഷ്ടമുള്ള മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അത് അവരുടെ സ്വപ്‌നജോലിയായി മാറ്റിയെടുത്തു എന്നതിനാലാണ്. ഇതുപോലെ നിങ്ങള്‍ക്കും ഏറെ പാഷനുള്ള മേഖലയിലായിരിക്കണം ഓണ്‍ലൈന്‍ സംരംഭം തുടങ്ങേണ്ടത്.

1. ഫിറ്റ്‌നസ് വെബ്‌സൈറ്റ്

ആരോഗ്യത്തെക്കുറിച്ചും പ്രത്യേകിച്ച് ഫിറ്റ്‌നസിനെക്കുറിച്ചുമുള്ള അവബോധം കൂടിവരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പുറത്തുപോയി വ്യായാമം ചെയ്യാനാകാത്ത സ്ഥിതിയുമാണല്ലോ. ഈ സാഹചര്യം പ്രയോജനപ്പെടുത്തി ഈ രംഗത്ത് താല്‍പ്പര്യമുള്ളവര്‍ക്ക് ഫിറ്റ്‌നസ് വെബ്‌സൈറ്റ് ആരംഭിക്കാം. ഫിറ്റ്‌നസ് സംബന്ധമായ വെബ്‌സൈറ്റില്‍ നിന്ന് പലതരത്തില്‍ വരുമാനമുണ്ടാക്കാനാകും. പൊതുവായ ചില കണ്ടന്റുകള്‍ സൗജന്യമായി കൊടുത്തശേഷം ഹെല്‍ത്തി ഈറ്റിംഗ് പ്ലാന്‍, ഹെല്‍ത്തി റെസിപ്പീസ് തുടങ്ങിയവ പ്രീമിയം കണ്ടന്റായി നല്‍കാം. ഇ-ബുക്കായി അല്ലെങ്കില്‍ വീഡിയോ സീരീസായി ഫിറ്റ്‌നസ് ട്രെയ്‌നിംഗ് കോഴ്‌സ് തയാറാക്കാം. വ്യക്തിഗതമായി ഓരോരുത്തര്‍ക്കും പറ്റുന്ന കസ്റ്റമൈസ്ഡ് ഫിറ്റ്‌നസ്, ഡയറ്റ് പ്ലാനുകള്‍ നല്‍കുന്നതിന് കൂടുതല്‍ ഫീസ് ഈടാക്കാം.

2. ഓണ്‍ലൈന്‍ ട്യൂട്ടര്‍

കുട്ടികളെ പഠിപ്പിക്കാനുള്ള കഴിവുള്ളവര്‍ക്ക് ബിരുദം മാത്രമേ ഉള്ളുവെങ്കില്‍പ്പോലും ഓണ്‍ലൈന്‍ ട്യൂട്ടറാകാം. വിദ്യാര്‍ത്ഥികളെയും ഓണ്‍ലൈന്‍ ട്യൂട്ടര്‍മാരെയും തമ്മില്‍ കണക്റ്റ് ചെയ്യുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ സൈന്‍ അപ്പ് ചെയ്ത് ഈ രംഗത്ത് നിങ്ങള്‍ക്ക് ചുവടുറപ്പിക്കാം.
വെര്‍ച്വല്‍ കോച്ചിംഗ് സെന്ററായി പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തും ഓണ്‍ലൈന്‍ ട്യൂട്ടറാകാം. അവര്‍ ഫുള്‍ടൈം, പാര്‍ട് ടൈം ട്യൂട്ടര്‍മാരെ ജോലിക്കെടുത്ത് അവര്‍ക്ക് ശമ്പളം കൊടുക്കുന്ന രീതിയാണ് പിന്തുടരുന്നത്. പാര്‍ട് ടൈം ട്യൂട്ടര്‍മാര്‍ക്ക് അവര്‍ എത്ര ക്ലാസ് എടുക്കുന്നു എന്നതിനെ അനുസരിച്ചാണ് വേതനം നല്‍കുന്നത്. അത് കമ്പനിയായിരിക്കും നിശ്ചയിക്കുന്നത്.

3. കോഡിംഗ്/ പ്രോഗ്രാമിംഗ് ട്യൂട്ടോറിയല്‍

ഏറെ സാധ്യതകളുള്ള മേഖലയായതുകൊണ്ടുതന്നെ കോഡിംഗ്, പ്രോഗ്രാമിംഗ് കോഴ്‌സുകള്‍ പഠിക്കാന്‍ താല്‍പ്പര്യള്ള അനേകരെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞേക്കും. വൈദഗ്ധ്യമാര്‍ജ്ജിച്ചശേഷം ഈ മേഖലയില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിക്കാവുന്നതാണ്. ആറ് വയസിന് മുകളിലേക്കുള്ള കുട്ടികളെ കോഡിംഗിന്റെ ബാലപാഠങ്ങള്‍ ഓണ്‍ലൈനിലൂടെ പരിശീലിപ്പിക്കുന്നതിന് സാധ്യതകള്‍ ഏറെയാണ്.

4. ഓണ്‍ലൈന്‍ ലാംഗ്വേജ് ട്യൂട്ടര്‍

മനസുണ്ടായാല്‍ മതി കൈനിറയെ പണം നേടാമെന്ന് പറഞ്ഞതുപോലെ ഏതെങ്കിലും രണ്ട് ഭാഷയെങ്കിലും നിങ്ങള്‍ക്ക് നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുമോ? അതുപോലെ മറ്റുള്ളവരെ അനായാസം കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കുന്നതിനുള്ള കഴിവുമുണ്ടെങ്കില്‍ ഓണ്‍ലൈന്‍ ആയി ഭാഷ പഠിപ്പിക്കുന്നതിനുള്ള സംരംഭം ആരംഭിക്കാം. ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, ഹിന്ദി, ഇംഗ്ലിഷ് തുടങ്ങിയ ഭാഷകള്‍ക്കൊപ്പം മലയാളം പഠിക്കാനും ഏറെ ആവശ്യക്കാരുണ്ട്. മികച്ച രീതിയില്‍ പാഠ്യപദ്ധതി തയാറാക്കിയശേഷം ഇതിലേക്ക് കടക്കുക.

5. ഓണ്‍ലൈന്‍ ക്രാഫ്റ്റ് ഷോപ്പ്

ലോക്ഡൗണ്‍ പലരെയും കലാകാരന്മാര്‍ ആക്കിയിട്ടുണ്ട്. നിരവധിപ്പേര്‍ വീട്ടിലിരുന്ന് ക്രാഫ്റ്റുകള്‍ ചെയ്യുന്നു. ആര്‍ട്ട് & ക്രാഫ്റ്റ് ചെയ്യുന്നവരുടെ പ്രധാന പ്രശ്‌നം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനുള്ള ബുദ്ധിമുട്ടാണ്. എങ്ങനെ അവ വില്‍ക്കണം എന്ന് അവര്‍ക്കറിയില്ല. ഇത്തരക്കാര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കുന്ന ഒരു ആര്‍ട്ട് & ക്രാഫ്റ്റ് ഇ-കൊമേഴ്‌സ് സൈറ്റ് ആരംഭിക്കാം. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് നടത്തി വില്‍പ്പന കൂട്ടാം. വില്‍ക്കുന്ന ഓരോ ഉല്‍പ്പന്നത്തിന്റെയും വിലയുടെ നിശ്ചിതവിഹിതം ഈടാക്കാം.

6. ഓണ്‍ലൈന്‍ എക്കൗണ്ടിംഗ്

ഇപ്പോഴത്തെ പ്രതിസന്ധിയുള്ള സാഹചര്യത്തില്‍ പല ചെറുകിടസ്ഥാപനങ്ങള്‍ക്കും ഒരു മുഴുവന്‍ സമയ എക്കൗണ്ടന്റിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കണമെന്നില്ല. എക്കൗണ്ടിംഗ്, ഫിനാന്‍സ്, ഓഡിറ്റിംഗ്, ബില്ലിംഗ് തുടങ്ങിയ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ വിവിധ കമ്പനികള്‍ക്ക് നല്‍കാം. ഈ രംഗത്ത് അവഗാഹമുള്ളവര്‍ക്കാണ് ഇത് അനുയോജ്യം. എക്കൗണ്ടിംഗ് പ്രൊഫഷണലുകള്‍ക്ക് സ്വന്തമായും വിവിധ വൈബ്‌സൈറ്റുകള്‍ വഴിയും ജോലി ചെയ്യാനുള്ള അവസരമുണ്ട്.

എല്ലാവര്‍ക്കും അവസരമുണ്ട്!

ഓണ്‍ലൈന്‍ മേഖലയിലെ അവസരങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ഇപ്പോള്‍ പറഞ്ഞ മേഖലകളിലൊന്നുപോലും നിങ്ങള്‍ക്ക് അനുയോജ്യമാകണം എന്നില്ല. ഏതൊരു പ്രൊഫഷണലും തങ്ങളുടെ മേഖലയിലെ ഓണ്‍ലൈന്‍ അവസരങ്ങളെക്കുറിച്ച് ചിന്തിക്കുകയാണ് വേണ്ടത്. ഉദാഹരണത്തിന് ഒരു അഭിഭാഷകന് ഓണ്‍ലൈന്‍ ലീഗല്‍ സേവനങ്ങള്‍ കൊടുക്കാം. പല സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ ലീഗല്‍ കണ്‍സള്‍ട്ടന്റാകാം. അതുപോലെ ഡോക്ടര്‍ക്ക് സ്വതന്ത്രമായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News