EO കേരള ഘടകം വിദ്യാര്‍ത്ഥി സംരംഭക അവാര്‍ഡ് അബ്ദുള്‍ ഗഫൂറിന്
കോവിഡ്ഭീതിയിലും ഈ വര്‍ഷത്തെ മത്സരത്തില്‍ പങ്കെടുത്തത് ഒട്ടേറെ വിദ്യാര്‍ത്ഥികള്‍
എന്‍ട്രപ്രണേഴ്സ് ഓര്‍ഗനൈസേഷന്‍ (EO) കേരളാ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സംസ്ഥാനതല ഗ്ലോബല്‍ സ്റ്റുഡന്റ് എന്‍ട്രപ്രണര്‍ (GSE) അവാര്‍ഡ് മലപ്പുറം വാഴയൂരിലെ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അബ്ദുള്‍ ഗഫൂര്‍ നേടി.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഇഒ കേരള പ്രസിഡന്റും അവന്യൂ ഹോട്ടല്‍സ് എംഡിയുമായ ഐസക് അലക്സാണ്ടര്‍, സില്‍വര്‍സാന്‍ഡ്സ് എംഡിയും വെഞ്ച്വര്‍ വേ സ്ഥാപകനുമായ വിനയക് കൈനടി എന്നിവര്‍ ചേര്‍ന്ന് ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് അബ്ദുള്‍ ഗഫൂറിന് സമ്മാനിച്ചു.
അവാര്‍ഡിനു പുറമെ വിശാഖപട്ടണത്തു നടന്ന മേഖലാ സെമി ഫൈനല്‍സിലും അബ്ദുള്‍ ഗഫൂര്‍, സംസ്ഥാനതല ഫസ്റ്റ് റണ്ണര്‍അപ്പായ ഹിഷവ്ദാസ് എന്നിവര്‍ പങ്കെടുത്തു. സംസ്ഥാനതല ഫസ്റ്റ് റണ്ണറപ്പ്, സെക്കന്‍ഡ് റണ്ണറപ്പ് എന്നിവര്‍ക്ക് യഥാക്രമം 50,000 രൂപ, 25,000 രൂപ എന്നീ ക്യാഷ് അവാര്‍ഡുകളും നല്‍കി. വൈശാഖപട്ടണത്തു നടന്ന സെമിയില്‍ ജേതാവാകുന്നവര്‍ വാഷിംഗ്ടണില്‍ നടക്കുന്ന ആഗോള ഫൈനല്‍സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും.
കോവിഡ്ഭീതിയിലും ഈ വര്‍ഷത്തെ മത്സരത്തിന് ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തുവെന്ന് ജിഎസ്ഇഎ ചെയറും ഭീമ ജ്യൂവല്‍സ് എംഡിയുമായ അഭിഷേക് ഭട്ട് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രതീക്ഷിക്കുന്നു. ഫെഡറല്‍ ബാങ്ക്, വെഞ്ച്വര്‍ വേ എന്നീ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് സംസ്ഥാനതല മത്സരങ്ങള്‍ നടത്തിയത്.