എ.ഐ നിങ്ങളുടെ അടിമയോ ഉടമയോ?
നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുമ്പോള്‍ മനുഷ്യന്റെ ബുദ്ധിയെ നിഷ്പ്രഭമാക്കുന്ന ഒന്നായി അത് മാറുമോ?
അടുത്തിടെ പ്രസിദ്ധീകരിച്ച മൈക്രോസോഫ്റ്റ്സ് വര്‍ക്ക് ട്രെന്‍ഡ് ഇന്‍ഡെക്സ് 2023ല്‍ ശ്രദ്ധേയമായൊരു കണ്ടെത്തലുണ്ട്. സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യന്‍ ജീവനക്കാരില്‍ 74 ശതമാനം പേര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിതബുദ്ധി-എ.ഐ) അവരുടെ ജോലികള്‍ ഇല്ലാതാക്കുമെന്ന് ആശങ്കപ്പെടുന്നു. അതേസമയം 83 ശതമാനം പേര്‍ ജോലി ഭാരം കുറയ്ക്കാന്‍ എ.ഐ സഹായകരമാകുമെന്നും അഭിപ്രായപ്പെടുന്നു!
എ.ഐ ഒരേസമയം ആശങ്കയും ആശ്വാസവുമാകുകയാണ്. നിര്‍മിതബുദ്ധിയെ അടിമയാക്കി നിറുത്തിക്കൊണ്ട് കാര്യക്ഷമതയോടെ ജോലികള്‍ തീര്‍ക്കാമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ മനുഷ്യനെ ഭരിക്കുന്ന ഒന്നായി അത് മാറുമെന്ന എതിര്‍വാദവും ശക്തമാണ്. ''എന്റെ വാക്കുകള്‍ കുറിച്ചിട്ടുകൊള്ളുക, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരാശിക്ക് ആണവായുധത്തേക്കാള്‍ മാരകമായിരിക്കും''- 2022ല്‍ ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് അഭിപ്രായപ്പെട്ടതാണ്ഇത്. ലോകപ്രശസ്ത നിക്ഷേപകന്‍ വാറന്‍ ബഫറ്റ് എഐയെ ആണവ ബോംബിനോടാണ് ഉപമിച്ചിരിക്കുന്നത്!
മനുഷ്യകുലത്തെ സ്പര്‍ശിക്കുന്ന സമസ്ത മേഖലകളിലും എഐ സ്വാധീനം ചെലുത്തുമെന്ന കാര്യം ഇപ്പോള്‍ വ്യക്തമാണ്. അത് സമൂഹത്തിന്റെ പുരോഗതിക്ക് അങ്ങേയറ്റം സഹായകരവുമാണ്. പക്ഷേ എഐ മൂലം സംഭവിക്കാനിടയുള്ള വിനാശങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ ഇത് സഹായകരമാവുന്നില്ലെന്നതാണ് വാസ്തവം. തൊഴിലുകള്‍ നഷ്ടപ്പെടുത്തുമെന്നത് മാത്രമല്ല എഐ ഉയര്‍ത്തുന്ന ആശങ്ക. എഐ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ തന്നെ സൃഷ്ടിക്കപ്പെട്ടേക്കും. ഇതിന്റെ വെളിച്ചത്തിലാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍, എഐ ലാബുകള്‍ ജിപിടി-4നേക്കാള്‍ ശക്തമായ എഐ സിസ്റ്റം വികസിപ്പിക്കുന്നതിനുള്ള ജോലികള്‍ ആറുമാസത്തേക്ക് നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് ലോകത്തിലെ അതിപ്രശസ്തരായ 1000ത്തോളം പേര്‍ ഒപ്പുവെച്ച കത്ത് പുറത്തുവിട്ടത്.
അടുത്തിടെ കേരളത്തില്‍ ഒരു വീഡിയോ വൈറലായിരുന്നു. പ്രമുഖ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ എന്നിവരുടെ ഫോട്ടോ വെച്ച് ലോക ക്ലാസിക് ഗോഡ്ഫാദര്‍ സിനിമയുടെ ദൃശ്യം എഐ ടൂള്‍ ഉപയോഗിച്ച് പുനഃസൃഷ്ടിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ നൂറുകണക്കിനാളുകളാണ് ഷെയര്‍ ചെയ്തത്. സാധാരണ ഒരു വീഡിയോ വൈറല്‍ ആയാല്‍ അതിന്റെ സൃഷ്ടാവ് സന്തോഷിക്കുകയാണ് ചെയ്യുക. എന്നാല്‍ ഈ വീഡിയോയുടെ സൃഷ്ടാവ് തന്റെ യൂട്യൂബ് ചാനലില്‍ തുറന്നുപറഞ്ഞത് തന്റെ ഉറക്കം നഷ്ടപ്പെട്ടുവെന്നും. ''ഈ വൈറല്‍ വീഡിയോ എന്നെ സന്തോഷിപ്പിക്കുകയല്ല, ഭയപ്പെടുത്തുകയാണ്. ഇനി ഇത്തരം വീഡിയോകള്‍ നിര്‍മിക്കില്ല. ഇതിലും നന്നായി ഈ വീഡിയോ നിര്‍മിക്കാന്‍ എനിക്കറിയാം. പക്ഷേ അത്തരത്തിലുള്ള വീഡിയോയുടെ ഫലം പ്രതീക്ഷിക്കുന്നതിലും ഭയപ്പെടുത്തുന്നതായിരിക്കും''- വീഡിയോയുടെ സൃഷ്ടാവ് പറയുന്നു.
എന്തുകൊണ്ടാണ് ഈ പേടിയെന്ന് മനസിലാകുന്നുണ്ടോ? അഞ്ചു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ എഐ ടൂളാണിത്. പലരും അറിയുന്നതും ഉപയോഗിക്കുന്നതും ഇപ്പോഴാണെന്ന് മാത്രം. ഒരാളുടെ ഫോട്ടോ ഉണ്ടെങ്കില്‍ അയാളെ വെച്ച് എന്ത് വീഡിയോയും സൃഷ്ടിക്കാം, വൈറലാക്കാം എന്ന സ്ഥിതി വിശേഷം വന്നാല്‍ എന്തായിരിക്കും സ്ഥിതി. എത്രമാത്രം തെറ്റിദ്ധാരണജനകമായ കാര്യങ്ങള്‍ ഇങ്ങനെ ഉണ്ടാക്കാനാകും?
മനുഷ്യരാശിയുടെ ചരിത്രം പരിശോധിച്ചാല്‍ നമുക്കറിയാം ടെക്നോളജികള്‍ ഒരിക്കലും തിരിച്ചുനടന്നിട്ടില്ല, മുന്നോട്ടു മാത്രമെ സഞ്ചരിച്ചിട്ടുള്ളൂ. എഐയുടെ കാര്യത്തിലും അങ്ങനെ തന്നെയാകും. എഐക്ക് ആര് മണികെട്ടും എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ചോദ്യം.
2030ഓടെ എഐ കൊണ്ടുമാത്രം ആഗോള ജി.ഡി.പിയില്‍ 26 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രാജ്യാന്തര വമ്പന്മാരുടെ മുതല്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളും സാധാരണ കമ്പനികളുമെല്ലാം ബിസിനസ് ചെയ്യുന്ന രീതി വരെ എഐ മൂലം കീഴ്മേല്‍ മറിയും; ഇനിയൊരു തിരിച്ചുപോക്കില്ലാത്ത വിധം. പക്ഷേ അതുണ്ടാക്കാന്‍ പോകുന്ന അപകടങ്ങളും പ്രവചനാതീതമാണ്.
കമ്പ്യൂട്ടര്‍ കോഡുകളും മെഷീനുകളും പ്രയോജനപ്പെടുത്തി നിര്‍മിക്കപ്പെട്ട ഏറ്റവും നൂതന സാങ്കേതികവിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധി. മനുഷ്യനെപ്പോലെ, അല്ലെങ്കില്‍ മനുഷ്യനേക്കാള്‍ മികച്ച ബുദ്ധിയോടെ ചിന്തിക്കുന്ന, കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന മെഷീനുകള്‍.
ഇപ്പോള്‍ നമ്മുടെ കൂടെയുണ്ട്
വിപ്ലവകരമായ സാങ്കേതികവിദ്യയാണ് എഐ. അത് സമൂഹത്തിലെ എല്ലാ മേഖലകളിലും വലിയ ചലനം സൃഷ്ടിക്കും - ഇന്‍ഫോസിസ് സഹസ്ഥാപകനും ആക്സിലര്‍ വെഞ്ച്വേഴ്സ് ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്റെ അഭിപ്രായം ഇതാണ്. ''നമ്മളെ മനസിലാക്കി, നമ്മുടെ ഭാഷയില്‍, വേണമെങ്കില്‍ നമ്മുടെ ശബ്ദത്തില്‍ തന്നെ നമ്മോട് സംവദിക്കാന്‍ എഐക്ക് കഴിയും. നമുക്കപ്പോള്‍ തോന്നും മറ്റൊരു മനുഷ്യനോട് തന്നെയല്ലേ നമ്മള്‍ സംവദിക്കുന്നതെന്ന്. അതീവ ബുദ്ധിപരമായി നമ്മളോട് ഇടപഴകാന്‍ എഐക്ക് കഴിയുന്നു'' - ക്രിസ് ഗോപാലകൃഷ്ണന്‍ പറയുന്നു.
ചാറ്റ്ജിപിടി പോലുള്ള ജനറേറ്റീവ് എഐ സാങ്കേതികവിദ്യ നമ്മുടെ ജീവിതം ആയാസരഹിതമാക്കുകയും തൊഴില്‍ക്ഷമത കൂട്ടുകയും ചെയ്യുമെന്ന അഭിപ്രായമാണ് എസ്.ബി.ഐ മുന്‍ ചെയര്‍മാനും സെയ്ല്‍സ് ഫോഴ്‌സ് ഇന്ത്യ ചെയര്‍പേഴ്‌സണും സി.ഇ.ഒയുമായ അരുന്ധതി ഭട്ടാചാര്യയുടേത്.
എന്തുതന്നെയായാലും ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ അടക്കം സാധ്യമായിടത്തെല്ലാം എഐ ഉപയോഗിച്ചു തുടങ്ങിക്കഴിഞ്ഞു.
ഓപ്പണ്‍എഐ വികസിപ്പിച്ചെടുത്ത ചാറ്റ്ജിപിടിയുടെ വരവോടെയാണ് സാധാരണക്കാര്‍ വരെ എഐയുടെ വിസ്മയകരമായ ലോകം സ്വയം അനുഭവിച്ചറിയാന്‍ തുടങ്ങിയത്. എന്തിനും ഏതിനും ഗൂഗ്ളില്‍ പരതിയവര്‍ വരെ ചാറ്റ്ജിപിടിയെ ആശ്രയിക്കാന്‍ തുടങ്ങി. ഈ ചാറ്റ്ജിപിടി, ജിപിടി 3.5 അധിഷ്ഠിതമായുള്ളതാണ്. അതായത് ജനറേറ്റീവ് പ്രീ ട്രെയ്ന്‍ഡ് ട്രാന്‍സ്ഫോര്‍മര്‍ 3.5 പതിപ്പ്. 2023 മാര്‍ച്ച് 14ന് ഓപ്പണ്‍എഐ ചാറ്റിജിപിടി 4 അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും കഠിനമായ മത്സരപരീക്ഷകളില്‍ 90 ശതമാനവും പുഷ്പം പോലെ പാസായാണ് ചാറ്റിജിപിടി 4 കളം പിടിച്ചത്. അപ്പോള്‍ ഇനി വരാനിരിക്കുന്ന ചാറ്റ്ജിപിടി 5 എന്തായിരിക്കും?
മനുഷ്യന്റെ റോള്‍ എന്താണ്?
വ്യാവസായിക വിപ്ലവത്തിന്റെ ഓരോ ഘട്ടത്തിലും മനുഷ്യന്റെ കായികമായ അധ്വാനത്തെ കുറയ്ക്കുന്ന കാര്യങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. മനുഷ്യാധ്വാനം കുറഞ്ഞു, കാര്യക്ഷമത കൂടി, ലോകം അതിവിപ്ലവകരമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. എന്നാല്‍ ഇപ്പോള്‍ മനുഷ്യന്റെ ബുദ്ധി, സര്‍ഗാത്മകത എന്നിവയ്ക്കെല്ലാം പകരമായുള്ള യന്ത്രമാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. നോവല്‍ എഴുതണോ? പാട്ടെഴുതണോ? വീഡിയോ സൃഷ്ടിക്കണോ? എല്ലാം എഐ ചെയ്യും. ചാറ്റ്ജിപിടി സോഫ്റ്റ് വെയറിന്റെ സൃഷ്ടാവ് സാം ഓള്‍ട്ട്മാന്‍ അടുത്തിടെ പറഞ്ഞത് ഇതാണ്: ബുദ്ധിയെന്നത് മനുഷ്യന് സവിശേഷമായുള്ള മാന്ത്രിക സിദ്ധിയെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ തോന്നുന്നു അതൊരു അടിസ്ഥാനകാര്യം മാത്രമാണെന്ന്
മക്കിന്‍സിയുടെ The Economic Potential of Generative AI സ്റ്റഡി പ്രകാരം 2030നും 2050നുമിടയില്‍ 50 ശതമാനം തൊഴിലുകളും ഓട്ടോമേറ്റ് ചെയ്യപ്പെടുമെന്ന് പറയുന്നുണ്ട്. അതിനിടെ എ.ഐ രംഗത്ത് ലോകത്ത് നമ്പര്‍ വണ്‍ ആകാനുള്ള ശ്രമങ്ങള്‍ ലോകരാജ്യങ്ങള്‍ മത്സരബുദ്ധിയോടെ ചെയ്തുകൊണ്ടുമിരിക്കുന്നു. ഈവര്‍ഷം തന്നെ ലോകത്തെ ഒന്നാമത്തെ ഗ്ലോബല്‍ സമിറ്റ് ഓണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നടത്താന്‍ യു.കെ കൊണ്ടുപിടിച്ച ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. യു.എ.ഇ ഇപ്പോള്‍ തന്നെ ഈ രംഗത്ത് ബഹുദൂരം സഞ്ചരിച്ചുകഴിഞ്ഞു.
ലോകത്താദ്യമായി എ.ഐക്ക് ഒരു മന്ത്രാലയവും ഒരു സര്‍വകലാശാലയും കൊണ്ടുവന്നത് യു.എ.ഇയാണ്. UAE National Strategy for Artificial Intelligence 2031 എന്നത് യു.എ.ഇക്കുണ്ട്. എസ്റ്റോണിയ 1997 മുതല്‍ ഡാറ്റ പോളിസിയുണ്ടാക്കി മുന്നോട്ട് പോകുന്ന രാജ്യമാണ്. ഇന്ന് 24 മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും അവിടെ സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാന്‍ പറ്റുന്ന വിധത്തിലാണ് ഡിജിറ്റലൈസേഷന്‍. ചൈന ഓരോ വര്‍ഷവും ശാസ്ത്ര സാങ്കേതിക രംഗത്ത് നടത്തുന്ന നിക്ഷേപം കുത്തനെ കൂട്ടി വരുന്നു. ഇപ്പോള്‍ ലോകത്ത് എ.ഐ രംഗത്ത് അപേക്ഷിക്കപ്പെടുന്ന പേറ്റന്റുകളില്‍ 63 ശതമാനവും ചൈനയില്‍ നിന്നാണ്. അമേരിക്കയും ഇസ്രായേലും ഫിന്‍ലന്‍ഡുമെല്ലാം എ.ഐ രംഗത്ത് മുന്നേറാന്‍ അതിശക്തമായ തന്ത്രങ്ങളുമായി രംഗത്തുണ്ട്.
കേരളം എന്തുചെയ്യണം?
അതായത് ലോകത്ത് എ.ഐ നിയന്ത്രിതമായൊരു സമ്പദ്വ്യവസ്ഥ രൂപം കൊള്ളുമ്പോള്‍ കേരളം പഴഞ്ചന്‍ വിദ്യാഭ്യാസ സമ്പ്രദായവുമായി മുന്നോട്ട് പോകുന്നതില്‍ മുരളി തുമ്മാരുകുടിയെ പോലെ ലോകചലനങ്ങള്‍ സശ്രദ്ധം വീക്ഷിച്ച് കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങളില്‍ ചിന്തിക്കുന്നവര്‍ ആശങ്ക ഇതിനകം തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. എ.ഐയെ മലയാളികള്‍ അടിമയാക്കിയാല്‍ പുതിയ കാലത്ത് നമുക്ക് മുന്നേറാനാകും. അതിന് ലോകത്തെവിടെയും വരുന്ന എ.ഐ സമ്പദ്വ്യവസ്ഥയില്‍ ജോലി ചെയ്യാന്‍ പറ്റുന്നവരെ സംഭാവന ചെയ്യുന്ന സംവിധാനം കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടാല്‍ മതി.
അതിന് സര്‍ക്കാര്‍ പണം ചെലവിടേണ്ടതില്ല. മതിയായ പോളിസിയും വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റം വരുത്താനുള്ള ആര്‍ജവത്തോടെയുള്ള നീക്കങ്ങളും ഉണ്ടാവണം. ലോകം അഞ്ചാം സമ്പദ്വ്യവസ്ഥയിലേക്ക് മാറുമ്പോഴും നമ്മള്‍ മിക്കവാറും ഒന്നാം വ്യവസായ വിപ്ലവത്തിന് പിന്നിലാണ് - മുരളി തുമ്മാരുകുടി നിരീക്ഷിക്കുന്നു. ലോകം ഇനി ഒരിക്കലും പഴയപോലെയാകില്ല.
ആ യാഥാര്‍ത്ഥ്യം ബിസിനസുകാര്‍ ഉള്‍പ്പടെ എല്ലാവരും മനസിലാക്കിയേ മതിയാകൂ. മാത്രമല്ല ലോകത്തിലെ ഏറ്റവും വിദഗ്ധരായവര്‍ക്ക് പോലും പ്രവചിക്കാനാകാത്ത വിധമാണ് കാര്യങ്ങള്‍ എന്നിരുന്നാലും സമൂഹം അറിഞ്ഞിരിക്കേണ്ട ചില റിസ്‌കുകളുണ്ട്.
ഇനി എന്താണ് റിസ്‌ക്?
ഡിസ്റപ്ഷന്‍ റിസ്‌ക്: ഏത് ബിസിനസ് മോഡലിനെയും നിമിഷങ്ങള്‍ കൊണ്ട് മാറ്റിമറിക്കാന്‍ കരുത്തുണ്ട് എ.ഐയ്ക്ക്. പ്രമുഖ സ്റ്റാര്‍ട്ടപ്പ് ആക്സിലേറ്ററായ വൈകോംബിനേറ്ററില്‍ ഭാഗമായിരുന്ന 50 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ ഈവര്‍ഷം പൂട്ടിപ്പോയി. അവര്‍ വികസിപ്പിച്ച് വിപണിയിലെത്തിക്കാന്‍ തയാറെടുത്തിരുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഗൂഗ്ളും മൈക്രോസോഫ്റ്റുമൊക്കെ അവര്‍ക്ക് മുമ്പേ അവരേക്കാള്‍ നന്നായി വിപണിയിലെത്തിച്ചതുകൊണ്ടാണിത്. അതായത് നിങ്ങള്‍ കൊണ്ടുവരുന്ന ആശയത്തിന്റെ ആയുസ് പോലും ഇന്ന് വെല്ലുവിളി നേരിടുകയാണ്.
അതുപോലെ തന്നെ ജോലിയുടെ കാര്യത്തിലും വലിയ റിസ്‌കുണ്ട്. കസ്റ്റമര്‍ കെയര്‍ മുതല്‍ ഹൈ എന്‍ഡ് ജോലികളായ ഫിനാന്‍ഷ്യല്‍ ട്രേഡിംഗ് അനലിസ്റ്റ്, റേഡിയോളജിസ്റ്റ് പോലുള്ള മെഡിക്കല്‍ ജോലികള്‍ എല്ലാം എ.ഐ മാറ്റിമറിക്കും. ഗോള്‍ഡ്മാന്‍ സാക്സിന്റെ 2023 മാര്‍ച്ചിലെ പഠന പ്രകാരം ചാറ്റ്ജിപിടി പോലുള്ള എഐ ടൂളുകള്‍ മൂലം 300 ദശലക്ഷം തൊഴിലുകള്‍ ഇല്ലാതാകുമെന്നാണ്. വരും വര്‍ഷങ്ങളില്‍ തൊഴില്‍ വിപണിയുടെ സ്വഭാവം അപ്പാടെ മാറും. ജോലി കിട്ടാന്‍ വേറെ കുറേ സ്‌കില്ലുകള്‍ വേണ്ടി വരും.
എന്നിരുന്നാലും ഇതിനെ വലിയ തോതില്‍ ഭയക്കേണ്ടതില്ലെന്ന് ഇന്‍ഫോസിസ് സ്ഥാപകനായ നാരായണമൂര്‍ത്തിയെ പോലുള്ളവര്‍ പറയുന്നു.
സൈബര്‍ സെക്യൂരിറ്റി റിസ്‌ക്: 2022ല്‍ സൈബര്‍ സെക്യൂരിറ്റി റിസ്‌കില്‍ 38 ശതമാനം വര്‍ധനയാണുണ്ടായത്! 2024ല്‍ ഇത് 44-48 ശതമാനമാകുമെന്ന് കണക്കാക്കുന്നു. വ്യാജ സന്ദേശങ്ങള്‍, വീഡിയോകള്‍, വോയ്സുകള്‍ എല്ലാം ഇനി കൂടും. അതുകൊണ്ട് അങ്ങേയറ്റം ശ്രദ്ധവേണം എവിടെയും.
പ്രതിച്ഛായയില്‍ സംഭവിക്കുന്ന റിസ്‌ക്: പല കമ്പനികളും ഇപ്പോള്‍ തന്നെ കസ്റ്റമര്‍ കെയറിലും മറ്റും എഐയുടെ സേവനം തേടുന്നുണ്ട്. അതില്‍ കുറേയേറെ ശൈശവദശയിലുള്ള ടെക്നോളജിയാകാം. അതുകൊണ്ട് തന്നെ കമ്പനിയുമായി ഇടപെടുന്ന കസ്റ്റമേഴ്സിന് തെറ്റായ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടാനും സാധ്യതയുണ്ട്. എ.ഐ അധിഷ്ഠിത സൊല്യൂഷനുകളില്‍ നിന്ന് കമ്പനികളില്‍ പലതും പിന്മാറുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കാരണം തെറ്റായ വിവരം കൊടുത്ത് പേര് മോശമാക്കിയാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ?
എ.ഐ ചാറ്റ്‌ബോട്ടുകളെ നിങ്ങളുടെ അടിമയാക്കുക, നിങ്ങള്‍ എഐക്ക് അടിമയാകാതിരിക്കുക. അതുവഴി, നിങ്ങള്‍ക്ക് പുതിയ ലോകം തന്നെ സൃഷ്ടിക്കാനാകുമെന്ന് ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ യൂണിവേഴ്‌സിറ്റി (ദുബൈ) എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഉജ്വല്‍ കെ. ചൗധരി പറയുന്നു. നിങ്ങള്‍ ചിന്തിക്കാത്ത, അല്ലെങ്കില്‍ നിങ്ങളുടെ ശ്രദ്ധയില്‍ വരാത്ത കുറേയേറെ കാര്യങ്ങളിലേക്ക് നിങ്ങളെ കൈപിടിച്ചുകൊണ്ടുപോകാന്‍ എഐക്ക് കഴിയും.
''ഹ്യൂമന്‍ ഇന്റലിജന്‍സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കൈകോര്‍ത്ത് മുന്നോട്ട് പോവുന്ന നാളുകളാണ് ഇനിയുള്ളത്. എ.ഐ ചാറ്റ്‌ബോട്ടിനെ അടിമയാക്കൂ. നിങ്ങളുടെ അധ്വാനം കുറയ്ക്കൂ; കാര്യക്ഷമത കൂട്ടൂ. അതിലാണ് ഇനി മനുഷ്യരാശിയുടെ വിജയം'' -അദ്ദേഹം പറയുന്നു.
അതേ, ഇനി മനുഷ്യബുദ്ധിയെ അടിസ്ഥാനപരമായ ഒരു കാര്യമാക്കി നിര്‍ത്തികൊണ്ട് മനുഷ്യനേക്കാള്‍ കാര്യക്ഷമതയോടെ പൂര്‍ണതയോടെ പ്രവര്‍ത്തിക്കുന്ന മെഷീനുകള്‍ വാഴും കാലമാണ്. കരുതിയിരിക്കുക, അനുനിമിഷം പുതിയ അറിവുകള്‍ തേടിക്കൊണ്ടിരിക്കുക. എന്നെ ഇതൊന്നും ബാധിക്കില്ലെന്ന് പറഞ്ഞ് മാറിനില്‍ക്കാതിരിക്കുക. വരും കാലത്ത് മുന്നേറാന്‍ അതൊക്കെ തന്നെ മതിയാകും.
ആണവായുധത്തേക്കാള്‍ മാരകമാകുമോ?
നിലവില്‍ എ.ഐ ആണവായുധത്തേക്കാള്‍ മാരകമായിട്ടില്ല. പക്ഷേ നാളെ അങ്ങനെയാകില്ലെന്ന് പറയാനാകില്ല. കൃത്യമായ നിയന്ത്രണചട്ടങ്ങള്‍ ഇക്കാര്യത്തിലുണ്ടായില്ലെങ്കില്‍ പല വിനാശങ്ങളും ഉണ്ടാവും. മനുഷ്യന്‍ കൊടുക്കുന്ന ഡാറ്റ വെച്ചാണ് എ.ഐ അധിഷ്ഠിത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എത്ര നല്ല ഡാറ്റ നല്‍കുന്നുവേ അത്രയും നല്ല ഫലം അത് തിരിച്ചുതരും. എത്രമാത്രം മോശമായ, വിനാശകരമായ കാര്യമാണോ ചെയ്യുന്നത് അതുപോലെ തന്നെ വിനാശമായ ഫലവും എ.ഐ തരും.
രോഗനിര്‍ണയത്തില്‍ എ.ഐ വലിയതോതില്‍ ഉപയോഗിക്കുന്നുണ്ട്. ഇനി അതും കൂടും. അവിടെ തെറ്റായ വിധത്തിലാണ് ഡാറ്റ നല്‍കുന്നതെങ്കില്‍ എന്തായിരിക്കും അപകടമെന്ന് ചിന്തിച്ചാല്‍ മതി. രോഗനിര്‍ണയം തെറ്റും തെറ്റായ ചികിത്സ നിര്‍ദേശിക്കപ്പെടും. നിയമം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിലെല്ലാം ഇതൊക്കെ തന്നെ സംഭവിക്കാം.
സമ്പദ് വ്യവസ്ഥയില്‍ എന്ത് സംഭവിക്കും?
പി.ഡബ്ല്യു.സിയുടെ ഗ്ലോബല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റഡി പ്രവചിക്കുന്നത് 2030ഓടെ എ.ഐ മൂലം ആഗോള ജി.ഡി.പിയില്‍ 26 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ്.
ടീംലീസ് ഡിജിറ്ററില്‍ നിഗമനപ്രകാരം 2025ഓടെ എ.ഐ ഇന്ത്യന്‍ ജി.ഡി.പിയില്‍ 450-500 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യും. 2035 ഓടെ ഇത് 967 ബില്യണ്‍ ഡോളറാകും. കുറേയേറെ ജോലികള്‍ ഇതുമൂലം ഇല്ലാതാകും. അതുപോലെ തന്നെ ആയിരക്കണക്കിന് പുതിയ തൊഴിലുകളും ഉയര്‍ന്നുവരും.
ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ എ.ഐ രംഗത്ത് 45,000ലധികം തൊഴിലവസരങ്ങളുണ്ടെന്ന് ടീംലീസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. മെഷീന്‍ ലേണിംഗ് എന്‍ജിനിയര്‍, ബിഗ് ഡാറ്റ എന്‍ജിനിയര്‍, ഡാറ്റ സയന്റിസ്റ്റ്, എ.ഐ റിസര്‍ച്ച് സയന്റിസ്റ്റ്, എ.ഐ കണ്‍സള്‍ട്ടന്റ്, റോബോട്ടിക്‌സ് എന്‍ജിനിയര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് എ.ഐ വഴിതുറക്കുന്നത്. ഇവര്‍ക്ക് തുടക്കത്തില്‍ നേടാവുന്ന വാര്‍ഷിക ശമ്പളം 12 ലക്ഷം മുതല്‍ 45 ലക്ഷം രൂപവരെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
''വിപ്ലവകരമായ സാങ്കേതികവിദ്യയാണ് എ.ഐ. അത് സമൂഹത്തിലെ എല്ലാ മേഖലകളിലും വലിയ ചലനം സൃഷ്ടിക്കും. നമ്മളെ മനസിലാക്കി, നമ്മുടെ ഭാഷയില്‍, വേണമെങ്കില്‍ നമ്മുടെ ശബ്ദത്തില്‍ തന്നെ നമ്മോട് സംവദിക്കാന്‍ എ.ഐക്ക് കഴിയും. നമുക്കപ്പോള്‍ തോന്നും മറ്റൊരു മനുഷ്യനോട് തന്നെയല്ലേ നമ്മള്‍ സംവദിക്കുന്നതെന്ന്. അതീവ ബുദ്ധിപരമായി നമ്മളോട് ഇടപഴകാന്‍ എ.ഐക്ക് കഴിയുന്നു''
ക്രിസ് ഗോപാലകൃഷ്ണന്‍, ചെയര്‍മാന്‍, ആക്സിലര്‍ വെഞ്ച്വേഴ്സ്
30 കോടി
എ.ഐ മൂലം വൈകാതെ ലോകത്ത് 30 കോടിയോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.
15.7 ലക്ഷം കോടി
2030ഓടെ ആഗോള ജി.ഡി.പിയില്‍ 15.7 ലക്ഷം കോടി ഡോളറിന്റെ വര്‍ധനയുണ്ടാകാന്‍ എ.ഐ വഴിയൊരുക്കുമെന്ന് പി.ഡബ്ല്യു.സിയുടെ പഠനം.
2.90 ലക്ഷം
ഈ വര്‍ഷം ഇന്ത്യയില്‍ 2.90 ലക്ഷം പുതിയ തൊഴിലുകള്‍ ടെക് രംഗത്ത് സൃഷ്ടിക്കപ്പെടുമെന്ന് നാസ്‌കോം. ഇതില്‍ 36 ശതമാനവും എ.ഐ, മെഷീന്‍ ലേണിംഗ് രംഗത്തായിരിക്കും.
ഒരുലക്ഷം കോടി
2025ല്‍ എ.ഐ മേഖലയില്‍ ഇന്ത്യ ചെലവിടുമെന്ന് പ്രതീക്ഷിക്കുന്ന തുക 1,178 കോടി ഡോളറാണ്. 2030ഓടെ ചെലവ് ഒരുലക്ഷം കോടി ഡോളര്‍ കടക്കുമെന്നും വിലയിരുത്തപ്പെടുന്നു.
(This article was originally published in Dhanam Magazine July 15th issue)