മൊബൈൽ അഡിക്ഷന്‍ നിയന്ത്രിച്ച് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം
അമിതമായ മൊബൈൽ ഉപയോഗം നിയന്ത്രിക്കാനുള്ള വഴികള്‍;
ഒരു വിദേശയാത്രയ്ക്കിടെ കൗതുകകരമായ ഒരു ഓഫര്‍ ഒരു റെസ്റ്റൊറന്റിന് മുമ്പില്‍ എഴുതിയിരിക്കുന്നത് ഞാന്‍ കാണുകയുണ്ടായി. അതിങ്ങനെ ആയിരുന്നു: 'ഭക്ഷണമേശയിലേക്ക് ഫോണുകള്‍ കൊണ്ടുവരാതിരുന്നാല്‍ മുഴുവന്‍ ബില്ലിന്റെ 20% കിഴിവ് നല്‍കുന്നതാണ്'.
പലരും ഇന്ന് ഭക്ഷണം കഴിക്കാന്‍ പോകുന്നത് അതിന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ ആണല്ലോ എന്ന് ഓര്‍ത്തപ്പോള്‍ എനിക്ക് അത് രസകരമായി തോന്നി. ഏത് സന്ദര്‍ഭത്തിലും ഔചിത്യമില്ലാതെ ഫോണില്‍ സംസാരിക്കുകയും മറ്റുള്ളവരെ കൂടി ശല്യപ്പെടുത്തുകയും ചെയ്യുന്നത് നമ്മുടെ നാട്ടില്‍ പതിവാണല്ലോ. എന്നാല്‍ മിക്കവാറും വികസിത രാജ്യങ്ങളില്‍ സമൂഹത്തിലെ മിക്കവരും മറ്റുള്ളവരെ ഒട്ടും ശല്യം ചെയ്യാതെ പൊതുസ്ഥലങ്ങളില്‍ ഫോണ്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. മനോഹരമായ സന്ദര്‍ഭങ്ങളിലോ അല്ലെങ്കില്‍ നമ്മുടെ പൂര്‍ണശ്രദ്ധ വേണ്ടിവരുന്ന കാര്യങ്ങള്‍ ചെയ്യുമ്പോഴോ നമുക്ക് വരുന്ന ഒരു ഫോണ്‍ കോളോ മെസേജുകളോ ആ അനുഭവത്തെയോ ആ കാര്യത്തെയോ നശിപ്പിക്കുന്നതാവാം. ഇത് ഒഴിവാക്കാന്‍ ഇച്ഛാശക്തിയോടെയുള്ള സ്വയം നിയന്ത്രണം അത്യാവശ്യമാണ്.
നമ്മളില്‍ പലര്‍ക്കും ഉണര്‍ന്നിരിക്കുമ്പോള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ നോക്കാതെ ഇരിക്കാന്‍ സാധിക്കാറില്ല. ഇത് ഒരുതരം അഡിക്ഷന്‍ ആയി നമ്മുടെ സമൂഹത്തില്‍ മാറിയിട്ടുണ്ട്. ഇതും സ്വയം പരിശീലിച്ചാല്‍ നിയന്ത്രിക്കാവുന്ന ഒന്നാണ്.
ഹോമോസാപ്പിയന്‍സില്‍ നിന്ന് ഇന്ന് കാണുന്ന മനുഷ്യവംശം ഭൂമിയില്‍ ജീവിച്ചു തുടങ്ങിയിട്ട് മൂന്നുലക്ഷം വര്‍ഷത്തിലധികമായി. മനുഷ്യന്റെ പുരോഗതിയുടെ ആദ്യപടിയെന്ന് പൊതുവെ അംഗീകരിക്കപ്പെടുന്നത് അഗ്‌നിയുടെ നിയന്ത്രിതമായ ഉപയോഗമാണ്. അനിയന്ത്രിതമായി കഴിഞ്ഞാല്‍ അതീവ അപകടകരമായ ഒന്നാണല്ലോ അഗ്നി. മറ്റു മൃഗങ്ങളില്‍ നിന്ന് രക്ഷപ്പെടാനും അവയെ വേട്ടയാടാനും തണുപ്പില്‍ നിന്ന് രക്ഷപ്പെടാനും അങ്ങനെ പലതിനും മനുഷ്യനെ കഴിവുള്ളവരാക്കിയത് ഇതിനെ കൈപ്പിടിയില്‍ ഒതുക്കിയതാണ്. നാം ചര്‍ച്ചചെയ്തു കൊണ്ടിരിക്കുന്ന ആധുനിക ആശയവിനിമയ ഉപാധികളും ഏതാണ്ട് ഇതേപോലെയാണ്. നിയന്ത്രിച്ച് കയ്യില്‍ ഒതുക്കി ഉപയോഗിച്ചാല്‍ ബിസിനസിലും വ്യക്തിജീവിതത്തിലും വലിയ കുതിച്ചുചാട്ടങ്ങള്‍ക്ക് സഹായമാവാന്‍ ഇവയ്ക്ക് കഴിയും. അനിയന്ത്രിതമായും തെറ്റായും ഇത് ഉപയോഗിച്ചാല്‍ ഫലം പ്രതികൂലമാവുകയും ചെയ്യും.
രണ്ട് വ്യത്യസ്ത ഫോണുകള്‍
മിക്ക സംരംഭകര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഒന്നില്‍ കൂടുതല്‍ ഫോണ്‍ നമ്പറുകള്‍ ഉണ്ടാകും. എന്നാല്‍ ഇവ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒന്ന്, വ്യക്തിഗത ആവശ്യങ്ങള്‍ക്ക് മറ്റൊന്ന് എന്ന രീതിയില്‍ തരംതിരിച്ച് ഉപയോഗിക്കാറില്ല. അങ്ങനെ ചെയ്യാനായാല്‍ ആവശ്യത്തിനനുസരിച്ചും സന്ദര്‍ഭത്തിനനുസരിച്ചും ഇവ മാറിമാറി ഉപയോഗിക്കാന്‍ സാധിക്കും. പല സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളിലും അവയുടെ ബിസിനസ് പതിപ്പ് തന്നെ മാര്‍ക്കറ്റില്‍ എത്തിയിട്ടുണ്ട്. ഇവയിലെ ഫീച്ചറുകള്‍ കൃത്യമായി ബിസിനസിന് ഉപയോഗിക്കാവുന്നവയാണ്.
പലരുടെയും ഫോണിലെ മെസേജുകളും മെയിലുകളും കണ്ടാല്‍ വായിക്കാതെ കിടക്കുന്ന നൂറുകണക്കിന് എണ്ണം ഉണ്ടാകും. പ്രധാനപ്പെട്ട പലതും ഇത്തരത്തില്‍ വിട്ടുപോകാനും സാധ്യത ഏറെയാണ്. പലരും അനാവശ്യമായ ഒരുപാട് ഗ്രൂപ്പുകളില്‍ ഭാഗമാവുകയും പിന്നീട് ഇതൊന്നും ശ്രദ്ധിക്കാന്‍ കഴിയാതെ നൂറുകണക്കിന് വായിക്കാത്ത മെസേജുകളുടെ കൂമ്പാരങ്ങള്‍ അവശേഷിപ്പിക്കുകയും ചെയ്യുന്നത് പതിവാണ്.
രാത്രികാലങ്ങളില്‍ വളരെ വൈകി ഉറങ്ങാന്‍ കിടക്കുന്നതും ഫോണ്‍ അല്ലെങ്കില്‍ എല്‍.ഇ.ഡി സ്‌ക്രീനുകള്‍ നോക്കുന്ന ശീലവും മിക്കവര്‍ക്കും ഉണ്ട്. ബിസിനസിലോ വ്യക്തിജീവിതത്തിലോ ഉള്ള വാര്‍ത്തകള്‍ അവ നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ഉറങ്ങുന്നതിന് മുമ്പ് അറിയുമ്പോള്‍ അത് ഉറക്കത്തെ ബാധിക്കാം. ഇതിന് പുറമെ എല്‍.ഇ.ഡിയില്‍നിന്നുള്ള പ്രകാശം ഉറക്കത്തെ പ്രേരിപ്പിക്കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ താറുമാറാക്കുകയും ചെയ്യുന്നു. ആയതിനാല്‍ കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഫോണ്‍ അല്ലെങ്കില്‍ അതുപോലെയുള്ള ഗാഡ്ജെറ്റുകളുടെ ഉപയോഗം അവസാനിപ്പിക്കുന്നതാണ് ഉത്തമം. എന്റെ സുഹൃത്തും ക്ലൈയ്ന്റുമായ ഒരു ഡോക്ടറുടെ ഉപദേശ പ്രകാരം നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതു ഞാന്‍ പ്രായോഗികമായി ചെയ്തു തുടങ്ങിയപ്പോഴുള്ള ഗുണങ്ങള്‍ അനവധിയാണ്.
ഉപയോഗപ്രദമായ പല ആപ്പുകളെക്കുറിച്ചും അവയുടെ ശരിയായ ഉപയോഗത്തെക്കുറിച്ചും അടുത്ത ലക്കത്തില്‍ എഴുതാം. ശാന്തമായി ഉറങ്ങി പുത്തന്‍ ഉണര്‍വോടെ നമുക്ക് ജീവിതത്തേയും ബിസിനസിനേയും നോക്കിക്കാണാം.
വാട്ട്സ്ആപ്പ് വിദ്യകള്‍ ഉപയോഗപ്പെടുത്താം
♦ ഔദ്യോഗികവും വ്യക്തിപരവുമായ കാര്യങ്ങള്‍ക്കായി വെവ്വേറെ ഫോണുകള്‍ സൂക്ഷിക്കുക.
♦ ഈ മാനദണ്ഡം അടിസ്ഥാനമാക്കി വേണം ആളുകളുമായി നമ്പറുകള്‍ പങ്കുവെയ്ക്കാന്‍.
♦ ബിസിനസ് ആവശ്യങ്ങള്‍ക്ക് ബിസിനസ് വാട്ട്‌സ്ആപ്പ് തന്നെ ഉപയോഗിക്കുക.
♦ ഷോപ്പിംഗിനും മറ്റും പോകുമ്പോള്‍ അത്യാവശ്യമല്ലാത്ത ഒരിടത്തും നമ്മുടെ നമ്പറുകള്‍ കൊടുക്കാതിരിക്കുക.
♦ അനാവശ്യ ഗ്രൂപ്പുകളില്‍ നമ്മളെ ചേര്‍ക്കുന്നത് തടയാന്‍ സെറ്റിംഗ്‌സിലെ ഫീച്ചര്‍ ഉപയോഗിക്കാവുന്നതാണ്.
♦ ശല്യമാകുന്ന നമ്പറുകള്‍ ബ്ലോക്ക് ചെയ്യുകയും ഗ്രൂപ്പുകളില്‍ നിന്ന് എക്സിറ്റ് ചെയ്യുകയും വേണം.
♦ അങ്ങനെ ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സന്ദര്‍ഭത്തില്‍ അവ Archive ചെയ്തു വല്ലപ്പോഴും ആവശ്യമെങ്കില്‍ എടുത്തു നോക്കാവുന്നതാണ്.
♦ ആവശ്യമില്ലാത്ത എല്ലാ നമ്പറുകളുടെയും ഗ്രൂപ്പുകളുടെയും നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്യുക.
(ഹാന്‍ഹോള്‍ഡ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്റ്ററാണ് ലേഖകന്‍. ഇ-മെയ്ല്‍:reachus@hanhold.com,വെബ്‌സൈറ്റ്: www.hanhold.com,ഫോണ്‍: 62386 01079)
(ജൂണ്‍ 15 ലക്കം ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)