പഠനത്തോടൊപ്പം വരുമാനം; 'കാമ്പസുകളിലെ വ്യവസായം' സംരംഭങ്ങള്‍ക്ക് വഴികാട്ടുമോ?

പാലക്കാട് പോളിടെക്‌നിക്കില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്ന റോബോട്ടുകളെ നിര്‍മിക്കും

Update:2025-01-06 15:23 IST

വിദേശ രാജ്യങ്ങളിലെ പോലെ പഠനത്തോടൊപ്പം വരുമാനമുണ്ടാക്കാനുള്ള അവസരം കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കും കൈവരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്‌കില്‍ ഡവലപ്‌മെന്റ് പദ്ധതിയായ അസാപ് കേരളയും സംസ്ഥാനത്തെ പോളിടെക്‌നിക്കുകളും സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി പാലക്കാടാണ് തുടങ്ങുന്നത്. സ്വകാര്യ സംരംഭകരുടെ കൂടി പങ്കാളിത്തത്തോടെ വിവിധ പോളിടെക്‌നിക്കുകളില്‍ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കും. റോബോട്ടിക്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ' ജന്‍ റോബോട്ടിക്‌സ്' ആണ് പാലക്കാട് പോളിടെക്കില്‍ യൂണിറ്റ് ആരംഭിക്കുന്നത്. ഇവിടെ 10,000 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മാണ പ്ലാന്റ് ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ആര്‍ ബിന്ദു നിര്‍വ്വഹിച്ചു.

10,000 രൂപ വരെ മാസ വരുമാനം

സംസ്ഥാന വ്യവസായ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നുള്ള പദ്ധതിയില്‍ കേരളത്തിലെ 14 പോളിടെക്‌നിക്കുകളെയാണ് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്തിട്ടുള്ളത്. ഓരോ കോളേജുകളിലുമുള്ള ട്രേഡുകള്‍ക്ക് അനുസരിച്ചുള്ള വ്യവസായ സംരംഭങ്ങളാണ് നടത്തുന്നത്. പദ്ധതിയില്‍ സഹകരിക്കാന്‍ തയ്യാറുള്ള സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കാമ്പസുകളില്‍ സ്ഥലം അനുവദിക്കും. വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ക്ക് ശേഷം ദിവസേന പരമാവധി 4 മണിക്കൂര്‍ ഈ കമ്പനിയില്‍ ജോലിയെടുക്കാം. മാസം തോറും 10,000 രൂപ വരെ വരുമാനം ലഭിക്കും. 20 കുട്ടികളാണ് പാലക്കാട് പോളിയില്‍ ജോലിയെടുക്കുക. പഠനത്തോടൊപ്പം നൈപുണ്യ വികസനം, പരിശീലനം , വരുമാനം എന്നിവയാണ് ഇതുവഴി കുട്ടികള്‍ക്ക് ലഭിക്കുക. വലിയ അഴുക്കു ചാലുകളിലെ മാന്‍ഹോളുകളിലൂടെ ഇറക്കി മാലിന്യം നീക്കം ചെയ്യുന്ന റോബോട്ടുകളുടെ നിര്‍മാണമാണ് ജന്‍ റോബോട്ടിക്‌സ് ഇവിടെ നടത്തുന്നത്.

സഹകരിക്കാന്‍ സ്ഥാപനങ്ങളേറെ

പദ്ധതിയുമായി സഹകരിക്കാന്‍ നിരവധി മേഖലകളിലെ സംരംഭകര്‍ മുന്നോട്ടു വരുന്നുണ്ട്. പാലക്കാട് പോളിടെക്‌നിക്കുമായി ആറ് സ്ഥാപനങ്ങളാണ് സഹകരിക്കുന്നത്. ജെന്‍ റോബോട്ടിക്‌സിന് പുറമെ കേരളത്തില്‍ ജല്‍ജീവന്‍ ജലപദ്ധതി നടപ്പാക്കുന്ന കേരള അസോസിയേഷന്‍ ഫോര്‍ റൂറല്‍ ഡവലപ്‌മെന്റ് (കേരളത്തിലെ 40 പഞ്ചായത്തുകളിലേക്കുള്ള എല്‍.ഇ.ഡി വീഡിയോ വാള്‍ നിര്‍മാണം), പാലക്കാട് ജില്ലാ പഞ്ചായത്ത് (കഞ്ചിക്കോട് കിന്റഫ്ര പാര്‍ക്കിലേക്ക് മാലിന്യ ശുദ്ധീകരണ പ്ലാന്റ്), കഞ്ചിക്കോട് സ്റ്റാക്ക്ഹിന്ദ് ഇന്‍ഡസ്ട്രീസ് ( പവര്‍ മോണിറ്ററിംഗ് സിസ്റ്റം), ഐര്‍ ബിസിനസ് സൊലൂഷന്‍സ്(വെബ്‌സൈറ്റ് ഡോക്യുമെന്റേഷന്‍), ആക്‌സിയോണ്‍ വെഞ്ച്വേഴ്‌സ് ( ഇ ഓട്ടോയുടെയും ഇ സ്‌കൂട്ടറിന്റെയും അസംബ്ലിംഗും, ഓട്ടോറിക്ഷകളുടെ വൈദ്യുതി കണ്‍വേഷനും), മെട്രോലൈറ്റ് (റൂഫിംഗ് ഷീറ്റ് മാനുഫാക്ച്വറിംഗ് മെഷിനറി) എന്നീ സ്ഥാപനങ്ങളാണിത്. സംസ്ഥാനത്തെ വിവിധ പോളിടെക്‌നിക്കുകളില്‍ നിരവധി സ്ഥാപനങ്ങള്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്. വ്യവസായ യൂണിറ്റുകള്‍ക്ക് സ്ഥലം, അനുബന്ധ മേഖലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ അധ്വാനം തുടങ്ങി ചിലവ് കുറഞ്ഞ രീതിയില്‍ വ്യവസായങ്ങളെ വളര്‍ത്താന്‍ ഈ പദ്ധതി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായമാകുമെന്നാണ് കണക്കാക്കുന്നത്.

Tags:    

Similar News