'യൂണികോൺ' ആകാൻ സാധ്യതയുള്ള സ്റ്റാർട്ടപ്പുകളെ എങ്ങനെ തിരിച്ചറിയാം?

Update:2019-02-18 17:31 IST

2013-ൽ വെൻച്വർ ക്യാപിറ്റലിസ്റ്റ് ആയ ഐലീൻ ലീ ബില്യന്‍ ഡോളര്‍ മൂല്യം കൈവരിച്ച ഒരു സ്വകാര്യസ്റ്റാര്‍ട്ടപ്പ് കമ്പനിയെ 'യൂണികോൺ' എന്ന് വിശേഷിപ്പിച്ചു. അന്നുമുതൽ ഈ ഒറ്റക്കൊമ്പുള്ള സാങ്കല്പിക കഥാപാത്രം സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ ഭാഗമാണ്.

അതിവേഗത്തിൽ ഒരു ബില്യൺ മൂല്യം കൈവരിക്കുന്ന സ്റ്റാർട്ടപ്പുകളാണ് യൂണികോണുകൾ. ഇന്ത്യയ്ക്ക് 26 യൂണികോണുകൾ ഉണ്ട്. ഫ്ലിപ്കാർട്ടും സ്വിഗ്ഗിയും മുതൽ ഫ്രഷ് വർക്ക്സും ബൈജൂസും വരെ ഉൾപ്പെട്ട ഇക്കൂട്ടർ അടുത്ത തലമുറ സംരംഭകർക്ക് പുതിയ ബെഞ്ച് മാർക്ക് സൃഷ്ടിച്ചിരിക്കുകയാണ്.

2025 ആകുമ്പോഴേക്കും ഇന്ത്യയിൽ നൂറിലധികം യൂണികോണുകൾ ഉണ്ടാകുമെന്നാണ് ഇക്കഴിഞ്ഞ ടൈകോൺ 2019 സമ്മേളനത്തിൽ ഏരിയൻ ക്യാപിറ്റൽ ചെയർമാനായ മോഹൻദാസ് പൈ പറഞ്ഞത്.

നിക്ഷേപകരെ സംബന്ധിച്ചിടത്തോളം രാജ്യത്തെ ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകളുള്ളതിൽ നിന്ന് മികച്ചവയെ തെരഞ്ഞെടുക്കുക വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഭാവിയിൽ യൂണികോൺ ആകാൻ സാധ്യതയുള്ള സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുക്കാൻ ഏഞ്ചൽ നിക്ഷേപകരും വെൻച്വർ ക്യാപിറ്റലിസ്റ്റുകളും ചില മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

എങ്ങിനെയാണ് ഗ്രോത്ത് പൊട്ടൻഷ്യൽ ഉള്ള ഒരു സ്റ്റാർട്ടപ്പിനെ നിക്ഷേപകർ തിരിച്ചറിയുന്നത്? എങ്ങിനെയാണ് അവർ ഒരു സ്റ്റാർട്ടപ്പിനെ വിലയിരുത്തുന്നത്? ടൈകോൺ 2019-ൽ ഉരുത്തിരിഞ്ഞ ചില കാര്യങ്ങൾ:

  • സ്റ്റാർട്ടപ്പുകൾ ഭാവനപരമായി ചിന്തിക്കണം. പ്രശ്നങ്ങൾ ടെക്നോളജി ഉപയോഗിച്ച് തീർപ്പാക്കുന്നതെങ്ങനെയെന്ന് കണ്ടെത്തണം.
  • സ്റ്റാർട്ടപ്പ് സംരംഭകർ മറ്റുള്ളവരോടൊപ്പം കൂട്ടായി പ്രവർത്തിക്കാൻ കഴിവുള്ളവരായിരിക്കണം
  • സംരംഭകൻ എത്രമാത്രം വ്യക്തമായ കാഴചപ്പാടും ഫോക്കസും ഉള്ള വ്യക്തിയാണോ അത്രയും സംരംഭം വിജയിക്കാനുള്ള സാധ്യത കൂടുതലായിരിക്കും.
  • മാർക്കറ്റ് ഷെയർ ഉണ്ടായിരിക്കണം. വാല്യൂവേഷൻ മെച്ചപ്പെട്ടതാണെങ്കിലും 70-80 മാർക്കറ്റ് ഷെയർ ഉള്ള കമ്പനികളെയാണ് ഞങ്ങൾ താല്പര്യപ്പെടുക എന്ന് സോഫ്റ്റ് ബാങ്ക് പറയുന്നു.
  • ഒരു സ്റ്റാർട്ടപ്പിൽ നിന്ന് യൂണികോണിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല എന്ന് എല്ലാ നിക്ഷേപകരും സമ്മതിക്കുന്നു. സമയവും സംരംഭകന്റെ തുടർച്ചയായ പ്രയത്‌നവും നിക്ഷേപകർ നിരീക്ഷിക്കും.
  • ഇന്ത്യയിലെ ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങളെ പരിഹരിക്കാൻ പോന്നതായിരിക്കണം ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തന ശൈലിയും ബിസിനസ് മോഡലും.
  • തെറ്റുകൾ വരുത്തുന്നത് പൂർണമായും സ്വാഭാവികമാണെന്ന് വിശ്വസിക്കുന്നവരാണ് നിക്ഷേപകരിൽ പലരും. നിങ്ങളുടെ ലക്ഷ്യം വ്യക്തമാണെങ്കിൽ, നിങ്ങൾ കഠിനാധ്വാനത്തിന് തയ്യാറാണെങ്കിൽ പരാജയപ്പെടുന്നത് ഒരു തെറ്റല്ല.
  • കൂടുതൽ ഉയരങ്ങളിലേക്കെത്താൻ നിങ്ങളുടെ കമ്പനിയുടെ താല്പര്യങ്ങളും ജീവനക്കാരും ഒരേ തട്ടിൽ കൊണ്ടുവരണം.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Similar News