ജോലി രാജിവച്ച് ബിസിനസിലേക്ക്; ഈ സഹോദരിമാരുടെ സാരിബ്രാന്‍ഡ് 50 കോടി വിറ്റുവരവിലെത്തിയ കഥ
സുജാതയുടെയും താനിയയുടെയും 'സു''താ' മലയാളികളുടെയും ഇഷ്ട ബ്രാന്‍ഡ്
ഇന്ത്യയുടെ തനതായ തുണിത്തരങ്ങളോട് പൊതുവെ എല്ലാവര്‍ക്കും പ്രിയം കൂടുതലാണ്. ഇക്കഴിഞ്ഞ ഒരു ദശകത്തിലാണ് കൈത്തറി വസ്ത്രങ്ങളും നെയ്ത്തുവസ്ത്രങ്ങളുമൊക്കെ ട്രെന്‍ഡ് ആയത്. ഈ അവസരത്തില്‍ ധാരാളം സാരി സ്റ്റോറുകളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പല ബ്രാന്‍ഡുകളും പ്രശസ്തി നേടിയത് കോവിഡ് ലോക്ഡൗണ്‍ കാലത്താണ് എങ്കിലും 2016 മുതല്‍ നെയ്‌തെടുത്ത കോട്ടന്‍ സാരികളില്‍ വ്യത്യസ്തത തീര്‍ത്ത് ഓണ്‍ലൈന്‍ ബിസിനസ് പിടിച്ചെടുത്ത സംരംഭകരുണ്ട്. അവരാണ് 'സു-താ'.
എന്താണ് സുതാ
സുതാ എന്നാല്‍ ഹിന്ദിയില്‍ നൂല്‍ എന്നാണ് അര്‍ത്ഥമാക്കുന്നതെങ്കിലും സുജാത, താനിയ എന്നിങ്ങനെ രണ്ട് സഹോദരിമാര്‍ ചേര്‍ന്ന് 2016 ല്‍ തുടങ്ങിയ സംരംഭമാണ് സുതാ (സുതാ ബോംബെ). തനതായ കൈത്തറി സാരികളും കര്‍ട്ടനും ബെഡ്ഷീറ്റും പോലുള്ള തുണിത്തരങ്ങളുമാണ് സുതാ പുറത്തിറക്കുന്നത്. 2016 മുതല്‍ സാരി ഫാഷന്‍ രംഗത്ത് സജീവമായ പേരാണ് സുതാ. സുതായുടെ സാരികള്‍ ക്വാളിറ്റി കൊണ്ടാണ് വ്യത്യസ്തമായ ബ്രാന്‍ഡ് ആയത്. എല്ലാവരും സാരി വില്‍ക്കുമ്പോള്‍ തറികളില്‍ നെയ്ത് ശുദ്ധമായ കോട്ടന്‍ തുണികളില്‍ പ്രകൃതിദത്ത നിറങ്ങള്‍ ചേര്‍ത്താണ് സുതാ എക്‌സ്‌ക്ലൂസീവ് കളക്ഷനുകള്‍ നിര്‍മിച്ചത്.
പ്രകൃതിയോടിണങ്ങി
PETA (People for the Ethical Treatment of Animals) സര്‍ട്ടിഫൈഡ് ആയ ഉല്‍പ്പന്നങ്ങള്‍ തേടി നടക്കുന്നവര്‍ക്കും ആഡംബരവസ്ത്രങ്ങളും കണ്ണ് തുളയ്ക്കുന്ന തിളക്കവും നിറങ്ങളുമില്ലാതെ കാണുമ്പോള്‍ തന്നെ ക്വാളിറ്റി തോന്നുന്ന സാരികളായി സുത വിലസുമ്പോള്‍ കേരളത്തില്‍ നിന്നും ബ്രാന്‍ഡിന് ആരാധകരേറെയാണ്. വലിയ ബ്രാന്‍ഡുകള്‍ താരങ്ങളെ വച്ച് ഫോട്ടോഷൂട്ടും മറ്റും നടത്തുമ്പോള്‍ സുതാ യ്ക്ക് 'സു'- ജാത, 'താ'- നിയ എന്നിവര്‍ തന്നെ ബ്രാന്‍ഡ് മോഡലുകളായി.
സാരി വാങ്ങി ഉപയോഗിക്കുന്നവര്‍ തങ്ങളുടെ റേറ്റിഗും ചിത്രങ്ങളും പങ്കുവയ്ക്കുമ്പോള്‍ അതും അവര്‍ പരസ്യപ്പെടുത്തി സോഷ്യല്‍ മീഡിയ പേജുകള്‍ സജീവമാക്കി. പലരും ഇപ്പോള്‍ ചെയ്യുന്ന നോ കോസ്റ്റ് മാര്‍ക്കറ്റിംഗ് ആറ് വര്‍ഷം മുന്നേ തുടങ്ങിയ മിടുക്കികളാണ് ഈ സംരംഭകര്‍. സുതാ സംരംഭം ഇന്ന് ലോകം മുഴുവനും ഉപഭോക്താക്കളുള്ള 50 കോടി കമ്പനിയാണ്. അതിനു പിന്നില്‍ പാഷന്‍ തന്നെയെന്നാണ് ഈ സഹോദരിമാര്‍ പറയുന്നത്.
ജോലിയല്ല പാഷന്റെ ഫാഷന്‍
ഐഐടി ബോംബെയില്‍ നിന്നും ഇ കൊമേഴ്‌സ് ബിസിനസില്‍ പിഎച്ച്ഡി ചെയ്തിരുന്ന സുജാതയും ഐഐഎം ലക്‌നൗവില്‍ നിന്നും എംബിഎ കഴിഞ്ഞ താനിയയും സ്വന്തൊമായൊരു സംരംഭത്തെക്കുറിച്ചാലോചിച്ചപ്പോള്‍ അവരുടെ ഏറ്റവും ഇഷ്ട ഉല്‍പ്പന്നം തന്നെയാണ് മനസ്സില്‍ വന്നത്, സാരി. സാരി തന്നെ എങ്ങനെ വ്യത്യസ്തമാക്കാം അതില്‍ നിന്നും വരുമാനം നേടുന്നതോടൊപ്പം മറ്റുള്ളവര്‍ക്കും ഗുണകരമാകുന്ന ബിസിനസ് ആക്കാമെന്നായി പിന്നീട് ചിന്തയെന്ന് ബെറ്റര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നു. അതിനായി മികച്ച ശമ്പളമുള്ള ജോലിയും ഇരുവരും ഉപേക്ഷിച്ചു. അതായിരുന്നു സുതായുടെ തുടക്കവും.
16000 നെയ്ത്തുകാര്‍
ഫാഷനിലോ തുണിത്തരങ്ങളിലോ യാതൊരു പശ്ചാത്തലവുമില്ലാതിരുന്നിട്ടും ഈ രംഗത്ത് ഇപ്പോഴും നില്‍ക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ട്. ''നെയ്ത്തുകാരുടെയും കരകൗശല തൊഴിലാളികളുടെയും സമൂഹത്തെ ക്രിയാത്മകമായി സ്വാധീനിക്കുകയും ഇന്ത്യയുടെ നശിച്ചുകൊണ്ടിരിക്കുന്ന കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ഒരു ബ്രാന്‍ഡ് ആരംഭിക്കാനുള്ള ശക്തമായ ആഗ്രഹം സുതായ്ക്ക് പിന്നിലുണ്ട്. ഞങ്ങളോടൊപ്പം കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 16,000 നെയ്ത്തുകാരും കരകൗശല വിദഗ്ധരും ഞങ്ങള്‍ക്കുണ്ട്. കൂടാതെ അവരുടെ കുടുംബാംഗങ്ങള്‍ക്കും ഞങ്ങള്‍ തൊഴിൽ നല്‍കുന്നു, പരിശീലിപ്പിക്കുന്നു. ദി ബെറ്റര്‍ ഇന്ത്യയോട് സംസാരിക്കവെ സുജാത പറയുന്നു.