സുസ്ഥിര വികസനത്തില്‍ റീറ്റെയ്ല്‍ മേഖലയുടെ പങ്ക് നിര്‍ണായകം: ഡാര്‍ലി കോശി

കോവിഡിനു ശേഷം ജനങ്ങള്‍ക്ക് ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക വര്‍ധിച്ചിട്ടുണ്ട്

Update: 2023-12-07 14:38 GMT

റീറ്റെയ്ല്‍ കണ്‍സള്‍ട്ടന്റും ഗ്രന്ഥകാരനും സ്ട്രാറ്റജിക് ഡിസൈന്‍ വിദഗ്ധനും എന്‍.ഐ.ഡി മുന്‍ ഡയറക്റ്ററുമായ ഡാര്‍ലി കോശി സംസാരിക്കുന്നു

റീറ്റെയ്ല്‍ മേഖലയെ ഉള്‍പ്പെടുത്താതെ സുസ്ഥിര വികസനത്തിലേക്ക് ഒരു സമൂഹത്തെ പടുത്തുയര്‍ത്താന്‍ സാധിക്കില്ലെന്ന് റീറ്റെയ്ല്‍ കണ്‍സള്‍ട്ടന്റും സ്ട്രാറ്റജിക് ഡിസൈന്‍ വിദഗ്ധനും എന്‍.ഐ.ഡി മുന്‍ ഡയറക്റ്ററുമായ ഡാര്‍ലി കോശി.

കൊച്ചി ലെ മെറിഡിയനില്‍ ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ്-2023ല്‍ Building a Franchisable Brand എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ഇത് തടയുന്നതില്‍ റീറ്റെയ്‌ലേഴ്‌സിന് വലിയ പങ്കാണുള്ളത്.
വിപണിയെ കോവിഡിനു മുമ്പെന്നും ശേഷമെന്നും തരംതിരിക്കാം. കോവിഡിനുശേഷം ജനങ്ങള്‍ക്ക് ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ ആരോഗ്യത്തിന് ഗുണകരമാകുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ജി.ഡി.പിയുടെ 10 ശതമാനവും റീറ്റെയ്ല്‍ മേഖലയില്‍ നിന്നാണ്. രാജ്യത്ത് മധ്യവര്‍ഗ ഉപഭോക്താക്കള്‍ വര്‍ധിച്ചാല്‍ റീറ്റെയ്ല്‍ മേഖലയ്ക്ക് നേട്ടമുണ്ടാകും. അവര്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കുകയും ജീവിതചര്യയില്‍ മാറ്റംവരുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തില്‍ സിംഗ്ള്‍ യൂസേജ് പ്ലാസ്റ്റിക്ക് കൂടുതലായി സംഭാവന ചെയ്യുന്നത് റീറ്റെയ്ല്‍ മേഖലയില്‍ നിന്നാണ്. അത് 40 ശതമാനത്തോളം വരും. ഇതിന് തടയിടാന്‍ റീറ്റെയ്ല്‍ മേഖലയ്ക്കു മാത്രമെ കഴിയുള്ളൂവെന്നും ഡാര്‍ലി കോശി പറഞ്ഞു.
വിവിധ സെഷനുകളിലായി റീറ്റെയ്ല്‍, ഫ്രാഞ്ചൈസിംഗ് മേഖലയില്‍ നിന്ന് നിരവധി വിദഗ്ധരാണ് ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ്-2023ല്‍ സംസാരിച്ചത്. സംരംഭകരുടെ പങ്കാളിത്തം കൊണ്ടും ചര്‍ച്ച ചെയ്ത വിഷയങ്ങള്‍കൊണ്ടും വേറിട്ടു നില്‍ക്കുന്നതായിരുന്നു സമിറ്റ്. അവാര്‍ഡ് നിശയോടെയാണ് സമിറ്റിന് സമാപനമാകുക.
Tags:    

Similar News