ഇന്ത്യയിൽ 50% പേരും തൊഴിൽ മേഖലയ്ക്കു പുറത്ത്

Update: 2019-02-04 12:17 GMT

രാജ്യത്ത് തോഴിൽ പ്രായപരിധിയിലുള്ള ജനവിഭാഗത്തിൽ പകുതിപേരും ജോലി ഇല്ലാത്തവരെന്ന് റിപ്പോർട്ട്. ഇതു സംബന്ധിച്ച തൊഴിൽ സൂചിക (labour force participation rate) 2011-12 സാമ്പത്തിക വർഷത്തിലെ 55.9 ശതമാനത്തിൽ നിന്ന് 2017-18 ആയപ്പോഴേക്കും 49.8 ശതമാനത്തിലേക്ക് താഴ്ന്നു.

രാജ്യത്ത് 15 വയസിന് മുകളിലുള്ളവരെയാണ് വർക്കിംഗ് എജ് പോപ്പുലേഷൻ ആയി കണക്കാക്കുന്നത്. നാഷണൽ സാംപിൾ സർവെ ഓഫീസിന്റെ (NSSO) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇതിൽ പകുതി പേരും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് യാതൊരു സംഭാവനയും നൽകുന്നില്ല. ആദ്യമായാണ് ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാകുന്നത്.

രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 45 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി നാഷനല്‍ സാംപിള്‍ സര്‍വേ ഓഫിസിന്റെ പ്രസിദ്ധീകരിക്കാത്ത റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തിരുന്നു.

തൊഴിലില്ലായ്മാ നിരക്ക് 6.1 ശതമാനത്തിലെത്തിയതായി പീരിയോഡിക് ലേബര്‍ സര്‍വേ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന. 1972-73 ലാണ് തൊഴിലില്ലായ്മ നിരക്ക് ഇതിനേക്കാള്‍ ഉയര്‍ന്ന നിലയിലെത്തിയത്. 2011-12 വര്‍ഷത്തില്‍ 2.2 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ അംഗീകരിച്ച റിപ്പോര്‍ട്ട് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Similar News