വൈറസ് പടരുന്നു; ചൈന പത്ത് നഗരങ്ങള്‍ അടച്ചു

Update: 2020-01-24 05:32 GMT

നൂറുകണക്കിന് ആളുകളെ രോഗികളാക്കി വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചുവരുന്ന മാരക വൈറസിനെ പ്രതിരോധിക്കാന്‍ ചൈന സാധ്യമായതെല്ലാം ചെയ്യുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ പത്ത് നഗരങ്ങള്‍ പൂര്‍ണമായി അടച്ചു. ചൈനീസ് പുതുവത്സരവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. വൈറസ് ആദ്യം റിപ്പോര്‍ട്ടു ചെയ്ത വുഹാനു പിന്നാലെയാണ് ഒമ്പതു നഗരങ്ങള്‍ കൂടി അനിശ്ചിതകാലത്തേക്ക് അടച്ചത്. വുഹാന്‍ നഗരത്തിലേക്കും നഗരവാസികള്‍ പുറത്തേക്കും യാത്രചെയ്യുന്നത് ബുധനാഴ്ച നിരോധിച്ചിരുന്നു.രണ്ടരക്കോടി ജനങ്ങളെയാണ് നിയന്ത്രണം ബാധിക്കുക.

നഗരങ്ങളില്‍ വിമാനം, ബസ്, ട്രെയിന്‍, ഫെറി എന്നിവയുള്‍പ്പെടെയുള്ള

പൊതുഗതാഗതസംവിധാനങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്.

നഗരങ്ങള്‍ അടച്ച വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ നഗരവാസികള്‍

കൂട്ടത്തോടെ റെയില്‍വേ സ്റ്റേഷനിലേക്കും വിമാനത്താവളങ്ങളിലേക്കുമെത്തിയതോടെ

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. 'പ്രത്യേക കാരണ'മില്ലാതെ പ്രദേശം

വിടരുതെന്ന് അധികൃതര്‍ കര്‍ശനനിര്‍ദേശം നല്‍കി.

സിങ്കപ്പൂരിലും

വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാനില്‍നിന്നെത്തിയ 66-കാരനിലാണ് രോഗം

കണ്ടെത്തിയത്. ചൈനയ്ക്കു പുറമേ തായ്ലാന്‍ഡ്, തയ്വാന്‍, ജപ്പാന്‍,

ദക്ഷിണകൊറിയ, യു.എസ്., മക്കാവു, ഹോങ് കോങ്, വിയറ്റ്നാം, സൗദി

എന്നിവിടങ്ങളില്‍ രോഗം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

അസേസമയം,

സൗദി അറേബ്യയിലെ മലയാളി നഴ്‌സിന് ബാധിച്ചിരിക്കുന്നത് ചൈനയില്‍ കണ്ടെത്തിയ

കൊറോണ വൈറസല്ലെന്ന് സ്ഥിരീകരിച്ചു. 2012-ലെ മെഴ്‌സ്  രോഗത്തിനു കാരണമായ

വൈറസാണെന്ന് ജിദ്ദയിലെ ഇന്ത്യന്‍ നയതന്ത്രാലയം ട്വീറ്റ് ചെയ്തു. ഈ രോഗം

ചികിത്സാവിധേയമാണ്.

കൊറോണ വൈറസ്

ബാധയെക്കുറിച്ചുള്ള ആശങ്കയില്‍ സൗദി അറേബ്യയിലെ അസീര്‍ അബഹ അല്‍ ഹയാത്

ആശുപത്രിയില്‍ മുപ്പത് മലയാളി നഴ്സുമാരെ പ്രവേശിപ്പിച്ചിട്ടുണ്ട്.

അഞ്ചുദിവസമായി ഇവരെ പ്രത്യേക മുറികളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വൈറസ്

ബാധിച്ച കോട്ടയം സ്വദേശിനിയായ നഴ്‌സുമായി അടുത്തിടപഴകിയവരാണിവര്‍.

കൊറോണ

വൈറസ് ബാധയുടെ പേരില്‍ ഇന്ത്യയില്‍ ആശങ്കാജനകമായ സാഹചര്യമില്ലെന്ന്

കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും ജനങ്ങളില്‍ ഭീതി

വളരുന്നുണ്ട്.ചൈനാക്കാര്‍ ധാരാളമായി ഇന്ത്യയില്‍ വന്നുപോകുന്നതാണ്

പരിഭ്രാന്തിക്കു കാരണം. ഇന്ത്യാക്കാരും വന്‍തോതില്‍ ചൈന

സന്ദര്‍ശിച്ചുവരുന്നുണ്ട്.

ചൈനയില്‍ നിന്നു

തൃശൂരില്‍ എത്തിയ 7 മലയാളികള്‍ കരുതല്‍ നിരീക്ഷണത്തിലാണ്. ഇവരിലൊരാളെ പനി

ബാധിച്ച് ഐസലേഷന്‍ വാര്‍ഡിലാക്കി. ചൈനയില്‍നിന്നു കഴിഞ്ഞ 14 ദിവസത്തിനിടെ

കേരളത്തില്‍ എത്തിയവര്‍ 28 ദിവസം ബാഹ്യസമ്പര്‍ക്കം ഒഴിവാക്കണമെന്ന്

ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News