''കോവിഡ് 19 ആദ്യം ആരോഗ്യദുരിതവും പിന്നീട് അതൊരു സാമ്പത്തിക ദുരന്തവുമാകും,'' ദി ഗാര്‍ഡിയനില്‍ ആസ്‌ത്രേലിയന്‍ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായ ഗ്രെഗ് ജെറീച്ചോ നടത്തിയ നിരീക്ഷണം ഇപ്പോള്‍ സത്യമാവുകയാണ്.
ലോകം ഇതുവരെ കാണാത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണിരിക്കുന്നു. ആഗോളതലത്തില്‍ ഇതിനു മുമ്പും പലവട്ടം സാമ്പത്തിക മാന്ദ്യമുണ്ടായിട്ടുണ്ടെങ്കിലും കോവിഡ് 19 മൂലമുള്ള മാന്ദ്യത്തിന്റെ സ്വഭാവവും അതിന്റെ പരിഹാര മാര്‍ഗങ്ങളും മുന്‍കാലങ്ങളിലേതിന് സമാനമാകില്ലെന്ന സൂചനയാണ് ലോകമെമ്പാടുമുള്ള വിദഗ്ധര്‍ നല്‍കുന്നത്. ''നമ്മള്‍ 2009ലേതിന് സമാനമോ അതിനേക്കാള്‍ മോശമോ ആയ സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നിരിക്കുകയാണ്. 2021ല്‍ ഇതില്‍ നിന്ന് കരകയറാനായേക്കും,'' അന്താരാഷ്ട്ര നാണ്യനിധി മാനേജിംഗ് ഡയറക്റ്റര്‍ ക്രിസ്റ്റിയാലിന ജോര്‍ജീവ അഭിപ്രായപ്പെടുന്നു.
കോവിഡ് 19 മൂലമുണ്ടായിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍ നിന്നുള്ള കരകയറലും എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ലെന്ന സൂചനയും അവര്‍ നല്‍കിയിട്ടുണ്ട്.
കൊറോണ വൈറസ് ബാധയുട വ്യാപനം തടയുന്നതില്‍ ലോകരാജ്യങ്ങള്‍ വിജയിക്കുകയും ആഗോളതലത്തിലെ ലിക്വിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്താല്‍ മാത്രമേ കോവിഡ് 19 മൂലമുള്ള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് അടുത്ത വര്‍ഷമെങ്കിലും ലോകത്തിന് പുറത്തുകടക്കാനാകൂവെന്ന് അവര്‍ നിരീക്ഷിക്കുന്നു.
കോവിഡ് 19 എങ്ങനെ കനത്ത പ്രഹരമാകുന്നു
കോവിഡ് 19 ലോകരാജ്യങ്ങളില്‍ ഇതുവരെയുണ്ടാകാത്ത ഹെല്‍ത്ത് കെയര്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അതിന്റെ തുടര്‍ച്ചയായാണ് സാമ്പത്തിക പ്രതിസന്ധി കടന്നുവന്നിരിക്കുന്നത്.
കോവിഡ് മൂലമുള്ള സാമ്പത്തിക മാന്ദ്യത്തിന്റെ ആരംഭത്തില്‍ വെറും രണ്ടാഴ്ച കൊണ്ട് അമേരിക്കയില്‍ ഒരു കോടി ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നത്. 2008 - 2010 സാമ്പത്തിക മാന്ദ്യത്തില്‍ 106 ആഴ്ചകള്‍ക്കിടെ അമേരിക്കയിലുണ്ടായ തൊഴില്‍ നഷ്ടം 88 ലക്ഷമായിരുന്നു!
തൊഴില്‍ നഷ്ടത്തിന് പുറമേ ലോക രാജ്യങ്ങള്‍ കടുത്ത കടക്കെണിയിലേക്ക് കൂടി വീഴുകയാണ്. യൂറോ സോണ്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പൊതുകടമുള്ള രാജ്യമായി ഇറ്റലി ഇപ്പോള്‍ തന്നെ മാറിക്കഴിഞ്ഞു. ലോക രാജ്യങ്ങള്‍ക്കിടയില്‍ പൊതുകടത്തിന്റെ കാര്യത്തില്‍ ഇറ്റലിയുടെ സ്ഥാനം മൂന്നാമതായി. യൂറോപ്പിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇറ്റലി കോവിഡ് ബാധയെ ചെറുക്കാന്‍ പണം വാരിക്കോരി ചെലവിടുന്നതിനിടെ രാജ്യത്തിന്റെ കടഭാരം കുത്തനെ ഉയര്‍ന്നു.
കഴിഞ്ഞ 40 ത്രൈമാസങ്ങളിലായി സാമ്പത്തിക തളര്‍ച്ചയുടെ ഒരു ലക്ഷവുമില്ലാതെ മുന്നോട്ടുപോകുന്ന ജര്‍മനിയുടെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം അഞ്ച് ശതമാനത്തോളം ചുരുങ്ങുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വികസിത രാജ്യങ്ങളും മഹാമാന്ദ്യത്തിലേക്ക്
കോവിഡ് ബാധിതരുടെയും രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം വികസിത രാജ്യങ്ങളില്‍, വികസ്വര രാജ്യങ്ങളേക്കാള്‍ കുറവാണ്. രോഗ പരിശോധനയുടെ എണ്ണത്തിലുള്ള കുറവാണ് ഇതിന് പ്രധാനകാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ, ബ്രസീല്‍, നൈജീരിയ, ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളില്‍ വന്‍ തോതില്‍ നികുതി വരുമാനം ഇടിഞ്ഞിരിക്കുന്നു. അതേസമയം രോഗത്തെ പ്രതിരോധിക്കാനും രോഗികളെ ചികിത്സിക്കാനും മുന്‍പെങ്ങുമില്ലാത്ത വിധം പണം ഒഴുക്കേണ്ടിയും വന്നിരിക്കുന്നു.
എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്
ലോകത്തിലെ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളും മുന്‍പെങ്ങുമില്ലാത്ത വിധമുള്ള സാമ്പത്തിക മാന്ദ്യത്തിലേക്കാണ് വീണിരിക്കുന്നത്. പ്രമുഖ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളായ സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള പോര് നിര്‍ത്തി സമവായത്തിലെത്തിയെങ്കിലും ആഗോളതലത്തില്‍ എണ്ണയുടെ ആവശ്യകത കുത്തനെ കുറയുകയാണ്. അടുത്ത നാളുകളില്‍ ഡിമാന്റ് ഉയരുമെന്ന പ്രതീക്ഷയുമില്ല.
സമീപഭാവിയില്‍ എണ്ണ വില ബാരലിന് പത്ത് ഡോളറിലെത്തിയാലും അത്ഭുതപ്പെടാനില്ലെന്ന് വിദഗ്ധര്‍ പറയുന്നു. എണ്ണയെ മാത്രം ആശ്രയിച്ച് നില്‍ക്കുന്ന രാജ്യങ്ങളുടെ സ്ഥിതി ഇതോടെ ഗുരുതരമാകും. ലിബിയ, നൈജീരിയ, ഇറാന്‍, ഇറാഖ്, വെനിസ്വല എന്നീ രാജ്യങ്ങളില്‍ അസ്വസ്ഥത പടരും. രാഷ്ട്രീയ അസ്ഥിരത ഉടലെടുക്കും. അഭയാര്‍ത്ഥി പ്രശ്‌നം രൂക്ഷമാകും. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ കാലത്ത് എണ്ണ വില ബാരലിന് പത്തുഡോളറായിരുന്നു. അതിനുശേഷം ലോകം അതുപോലൊരു ഇടിവിന് സാക്ഷ്യം വഹിച്ചിട്ടില്ല. എണ്ണ വില ബാരലിന് 60 ഡോളറിലെങ്കിലും നിലകൊണ്ടാലെ എണ്ണയെ ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥകള്‍ക്ക് മുന്നോട്ടുപോകാനാകൂ.
ഇന്ത്യയും സമാനതകളില്ലാത്ത പ്രതിസന്ധിയില്‍
'' സാമ്പത്തിക ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ അതിന്റെ ഏറ്റവും ഭീകരമായ അടിയന്തരാവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്,'' റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍ അഭിപ്രായപ്പെടുന്നു.
അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം കോവിഡ് ബാധ മൂലം 13.6 കോടി തൊഴിലുകള്‍ ഇന്ത്യയില്‍ നഷ്ടമാകും.
''2008-09 സാമ്പത്തിക മാന്ദ്യഘട്ടത്തില്‍ കടുത്ത ഡിമാന്റ് ഷോക്കാണ് സംഭവിച്ചത്. പക്ഷേ, നമ്മുടെ തൊഴില്‍ സേനയ്ക്ക് ജോലിക്ക് പോകാന്‍ സാധിക്കുമായിരുന്നു. നമ്മുടെ കമ്പനികളുടെ നില പൊതുവേ ഭദ്രമായിരുന്നു. നമ്മുടെ സാമ്പത്തിക ഘടനയും ദൃഢമായിരുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക നിലയും ആരോഗ്യമുള്ളതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവയൊന്നും ഇതുപോലെയല്ല,'' രഘുറാം രാജന്‍ വ്യക്തമാക്കുന്നു.
എന്താണ് പോംവഴി?
ലോകം ഇതുവരെ കാണാത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഇതുവരെ സ്വീകരിക്കാത്ത പരിഹാര നടപടികളും ലോക രാജ്യങ്ങള്‍ സ്വീകരിക്കണം.
ലോകത്തിലെ സാമ്പത്തിക ശക്തികള്‍ പരസ്പരം കൈകോര്‍ത്ത് എല്ലാ രാജ്യങ്ങളെയും കരകയറ്റാനുള്ള മാര്‍ഗമാണ് നോക്കേണ്ടത്. പക്ഷേ അതുണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ലോക സാമ്പത്തിക ശക്തികളുടെ തലപ്പത്തിരിക്കുന്ന നേതാക്കള്‍ രാഷ്ട്രതന്ത്രജ്ഞത പ്രകടിപ്പിക്കുന്നതിന് പകരം ഇടുങ്ങിയ മനോഭാവത്തോടെയാണ് പെരുമാറുന്നത്.
ലോകത്തിലെ പ്രബല രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7ല്‍ നിന്ന് ഐക്യകണ്‌ഠേന ഒരു പ്രസ്താവന പുറപ്പെടുവിക്കാന്‍ പറ്റിയില്ല. വുഹാന്‍ വൈറസ് എന്ന് പ്രസ്താവനയില്‍ ചേര്‍ക്കണമെന്ന ആവശ്യം സ്വീകരിക്കാതെ ഒപ്പിടില്ലെന്നാണ് അമേരിക്കയുടെ വാശി.
ജി 20 രാജ്യങ്ങളും അവസരത്തിനൊത്ത് ഉയര്‍ന്നിട്ടില്ല. ലോക രാജ്യങ്ങള്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വികസ്വര രാജ്യങ്ങളിലെയും ദരിദ്ര രാജ്യങ്ങളിലെയും സ്ഥിതി ഗുരുതരമാകും.
ഇന്ത്യയും കാണണം പോംവഴി
ഇന്ത്യ ഗവണ്‍മെന്റും ലോക്ക് ഡൗണിന് ശേഷമുള്ള കാര്യങ്ങളെ കുറിച്ച് ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നുവെന്ന് രഘുറാം രാജനും അഭിപ്രായപ്പെടുന്നുണ്ട്. കോവിഡിനെ ചെറുക്കാന്‍ രാജ്യം ലോക്ക് ഡൗണ്‍ ദീര്‍ഘിപ്പിച്ചാല്‍ ഭക്ഷണം കഴിക്കാന്‍ നിവൃത്തിയില്ലാത്ത ജനം നിയന്ത്രണങ്ങള്‍ കാറ്റിപ്പറത്തി നിരത്തിലിറങ്ങും. ''രോഗവ്യാപനം കുറവായ സ്ഥലങ്ങളില്‍ കനത്ത സുരക്ഷയില്‍ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കണം. മാനുഫാക്ചറേഴ്‌സിന് അവരുടെ സപ്ലൈ ചെയ്ന്‍ പൂര്‍ണമായും പുനഃസ്ഥാപിക്കേണ്ടി വരും. അതിനുള്ള പിന്തുണയും നല്‍കണം. നമ്മുടെ സാമ്പത്തിക നില ഇപ്പോള്‍ ദുര്‍ബലമാണ്. പക്ഷേ ദരിദ്രര്‍ക്കും ദിവസ വേതനക്കാര്‍ക്കും മതിയായ പിന്തുണ നല്‍കുക തന്നെ വേണം,'' രഘുറാം രാജന്‍ പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline