രഘുറാം രാജൻ പറയുന്നു; കാർഷിക കടം എഴുതിത്തള്ളുന്നത് നിർത്തൂ 

Update: 2018-12-15 09:40 GMT

കർഷകരെ രക്ഷപ്പെടുത്താനെന്ന പേരിൽ കാർഷിക കടം എഴുതിത്തള്ളുന്ന പ്രവണത സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും ഉപേക്ഷിക്കണമെന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ.

ഒരു കൂട്ടം സാമ്പത്തിക വിദഗ്ധർ തയ്യാറാക്കിയ 'ഇക്കണോമിക് സ്ട്രാറ്റജി ഫോർ ഇന്ത്യ' എന്ന റിപ്പോർട്ടിനെ അടിസ്ഥാനമാക്കി നടന്ന ചർച്ചയിലാണ് അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന മുന്നോട്ട് വച്ചത്. സാമ്പത്തിക അസമത്വം ഇന്ത്യയിൽ ഏറ്റവും പ്രകടമായി കാണുന്നത് കാർഷിക മേഖലയിലാണ്. എന്നാൽ കടം എഴുതിത്തള്ളുന്നതു കൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നുണ്ടോ എന്ന ചോദ്യവും രാജൻ ഉന്നയിക്കുന്നു. അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന വസ്തുതകൾ ഇവയാണ്.

  • ഒന്നാമതായി കടം എഴുതിത്തള്ളിയാൽ തന്നെ അത് അർഹതപ്പെട്ട പാവപ്പെട്ടവരിലേക്ക് എത്തുന്നുണ്ടോ? രാജ്യത്തെ മൊത്തം കർഷകരിൽ ഒരു ചെറിയ വിഭാഗം മാത്രമാണ് വായ്പ എടുക്കുന്നത്. അതിനാൽ തന്നെ ബാങ്ക് വായ്പ ലഭിക്കാൻ തക്ക സൗകര്യമുള്ള വിഭാഗങ്ങൾക്ക് മാത്രമാണ് കടം എഴുതിത്തള്ളുന്നതുകൊണ്ട് പ്രയോജനമുള്ളൂ. രാജ്യത്തെ ഭൂരിഭാഗം കർഷകരും ഇതിനൊന്നും സാധിക്കാത്ത വളരെ പാവപ്പെട്ട ആളുകളാണ്.
  • അടുത്തതായി കടം എഴുതിത്തള്ളുമ്പോൾ ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക നില തകരുകയാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. ഇത് സർക്കാരിന്റെ പ്രവർത്തനങ്ങളേയും നിക്ഷേപങ്ങളെയും ബാധിക്കും.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി താൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈയിടെ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് കടം എഴുതിത്തള്ളുമെന്ന് വാഗ്‌ദാനം നൽകിയിരുന്നു. തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി കേന്ദ്രസർക്കാരിനെ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കാൻ പ്രേരിപ്പിച്ചേക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജന്റെ പ്രസ്താവന.

പിന്നെന്താണ് പോംവഴി

'ആൻ ഇക്കണോമിക് സ്ട്രാറ്റജി ഫോർ ഇന്ത്യ' എന്ന റിപ്പോർട്ട് പറയുന്നത് ഇതാണ്:

  • പുതിയ തരം വിത്തുകൾ വികസിപ്പിക്കാനുള്ള ഗവേഷണങ്ങളിൽ രാജ്യം കൂടുതൽ നിക്ഷേപം നടത്തേണ്ടതുണ്ട്..
  • പുതിയ തരം കാർഷിക, ജലസേചന സാങ്കേതിക വിദ്യകൾ എന്നിവയുടെ ഗവേഷണങ്ങൾക്കും ഊന്നൽ നൽകണം.
  • ഓരോ പ്ലോട്ടുകൾ തരംതിരിച്ച് അവയെ ഡിജിറ്റൈസ് ചെയ്യണം. അതിനു ശേഷം കൃഷി ചെയ്യുന്ന ഓരോ ഏക്കറിനും ഒരു നിശ്ചിത സബ്‌സിഡി കർഷകർക്ക് ലഭ്യമാക്കണം.
  • ഭൂമിയില്ലാത്ത കർഷകർക്ക് ഉടൻ ആശ്വാസമേകാൻ തൊഴിലുറപ്പ് പദ്ധതിയെ കുറച്ചുകൂടി ശക്തിപ്പെടുത്തണം.

Similar News