'ഗൗരവക്കാരനാണെന്ന് തോന്നും, പക്ഷെ ഞാൻ വളരെ സിംപിളാണ്'

Update:2019-04-10 07:00 IST

Q: രാവിലെ ഉണര്‍ന്നാല്‍ ആദ്യം ചെയ്യുന്നത്?

ഫ്രഷ് ആയതിനുശേഷം പത്രം വായിക്കും ഇഷ്ടപ്പെട്ട ഭക്ഷണ വിഭവങ്ങള്‍ രാവിലെ ഇഡ്ഢലി, ദോശ, പുട്ട് എന്നിവയില്‍ ഏതെങ്കിലും. ഉച്ചയ്ക്ക് ചോറും വെജിറ്റബിള്‍സും. ആഹാരത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല. കിട്ടുന്നത് കഴിക്കും. യാതൊരു ഡയറ്റിംഗുമില്ല.

Q: മധുര പലഹാരങ്ങള്‍?

മുമ്പ് വലിയ താല്‍പ്പര്യമില്ലായിരുന്നു. പക്ഷെ പ്രായം കൂടവേ അതിനോടുള്ള ഇഷ്ടവും കൂടുന്നുണ്ട്. മുമ്പ് ദിവസേന 10-20 ചായ കുടിച്ചിരുന്നപ്പോള്‍ 40 സ്പൂണ്‍ പഞ്ചസാര വരെ ഉപയോഗിക്കുമായിരുന്നു. അത് അപകടമാണെന്നതിനാല്‍ കഴിഞ്ഞ 10 വര്‍ഷമായി പഞ്ചസാര ഇടാതെയാണ് ചായ കുടിക്കുന്നത്. ചായയുടെ ശരിയായ രുചി അറിയണമെങ്കില്‍ പഞ്ചസാര ചേര്‍ക്കാതെ തന്നെ കഴിക്കണം.

Q: വസ്ത്രധാരണത്തിലെ പ്രത്യേകത?

മുണ്ടും ജുബ്ബയുമാണ് എനിക്കിഷ്ടം. ദിവസേന കുറഞ്ഞത് രണ്ട് തവണ ഡ്രസ് മാറും. പ്രോഗ്രാം കൂടുതലുണ്ടെങ്കിൽ ഫ്രഷ് ആകാനായി കൂടുതല്‍ തവണ ഡ്രസ് മാറാറുണ്ട്. രാവിലെയും വൈകിട്ടും മാത്രമല്ല ചിലപ്പോള്‍ ഉച്ചക്കും കുളിക്കും.

Q: ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?

ഭാര്യയും മക്കളുമായുള്ള കുടുംബത്തിലെ കൂട്ടായ്മയും സന്തോഷവും

Q: ഏറ്റവും വലിയ നഷ്ടം?

ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ചെയ്യണമെന്ന് വലിയൊരു ആഗ്രഹമുണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ നിന്നും

Q: വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

അങ്ങനെയൊരു ചിന്തയേ ഉണ്ടായിട്ടില്ല. കാരണം ഇതേവരെ ഞാന്‍ തളര്‍ന്നിട്ടില്ല.

Q: സാധാരണ റിലാക്‌സ് ചെയ്യുന്നത് എങ്ങനെ?

ഉച്ചയ്ക്ക് ഊണു കഴിഞ്ഞാല്‍ അല്‍പ്പസമയം കിടക്കും. മൂന്ന് മിനിറ്റിനകം നല്ലപോലെ ഉറങ്ങും. 10 മിനിറ്റിനകം താനേ എഴുന്നേല്‍ക്കുകയും ചെയ്യും. ഇത് കിട്ടിയില്ലെങ്കില്‍ വലിയ പ്രയാസമാണ്.

Q: ജീവിതത്തില്‍ ഉപേക്ഷിച്ച ഒരു ദുശീലം?

ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴേ പുകവലി തുടങ്ങിയിരുന്നു. അന്ന് എന്റെ ഫാദര്‍ കച്ചവടത്തിനായി പീടികയില്‍ കൊണ്ടുവച്ചിരുന്ന സിഗരറ്റ് അദ്ദേഹം അറിയാതെ ചൂണ്ടുമായിരുന്നു. കോളെജ് പഠനകാലത്ത് പുകവലി കൂടി.

പിന്നൊരു പത്തിരുപത് വര്‍ഷത്തോളം നല്ലപോലെ പുകവലിച്ചു. എന്നാല്‍ എന്റെ മൂത്ത മകളായ എല്‍സമ്മയുടെ ആദ്യ പ്രസവ സമയത്ത് ചെറിയൊരു ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ മറ്റുള്ളവരെല്ലാം പ്രാര്‍ത്ഥിക്കവേ ഒരു സാക്രിഫൈസ് എന്ന നിലയില്‍ ഞാന്‍ പുകവലി ഉപേക്ഷിക്കുകയായിരുന്നു. 25 വര്‍ഷം മുമ്പ് പുകവലി ഉപേക്ഷിച്ചെങ്കിലും സ്‌മോക്കേഴ്‌സ് ലങ്‌സ് ഉണ്ടായതിനാല്‍ അതിന്റെ ചില വിഷമതകള്‍ ഇപ്പോഴും എനിക്കുണ്ട്.

Q: ഡെലിഗേറ്റ് ചെയ്യാന്‍ പറ്റാത്ത ജോലി?

എന്ത് ജോലിയും തന്നെത്താനെ ചെയ്താലേ ഒരു പെര്‍ഫെക്ഷന്‍ വരികയുള്ളൂ. അതിനാല്‍ പ്രധാനപ്പെട്ട ഒരു ജോലിയും ആരെയും ഏല്‍പ്പിക്കാറില്ല.

Q: പ്രിയപ്പെട്ട ഗാനങ്ങള്‍?

ശോകാത്മകമായ ഹിന്ദി പാട്ടുകളാണ് ഏറെ ഇഷ്ടം. യാത്രകളിലും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും പാട്ട് കേള്‍ക്കാറുണ്ട്. എനിക്ക് ഹിന്ദി അറിയില്ല. അതിനാല്‍ പാട്ടുകളുടെ അര്‍ത്ഥവും അറിയില്ല. അക്കാരണത്താല്‍ ഇത്തരം പാട്ടുകള്‍ എന്നെ ഒരു സങ്കല്‍പ്പലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ചിലപ്പോള്‍ അതു കേട്ട് കണ്ണ് നിറയും. സങ്കടകരമായ പാട്ടുകളും സിനിമയും സംഭവങ്ങളുമൊക്കെ എന്റെ കണ്ണ് നനക്കും.

Q: ഒഴിവാക്കാന്‍ പറ്റാത്ത ശീലം?

ഉച്ച ഭക്ഷണം കഴിഞ്ഞാല്‍ ഒരു ചെറുപഴം കഴിക്കണം. പിന്നെ 10 മിനിറ്റ് ഉറങ്ങണം. എങ്കിലേ ഒരു സംതൃപ്തി വരുകയുള്ളൂ.

Q: താങ്കളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അറിയാത്ത ഒരു കാര്യം?

എന്റെയീ മീശയും ഭാവവുമൊക്കെ കാണുമ്പോള്‍ ഞാന്‍ വളരെ ഗൗരവക്കാരനാണെന്ന് എല്ലാവരും വിചാരിക്കും. പക്ഷെ ഞാന്‍ വളരെ സിംപിളാണ്. ഉറച്ച ആശയങ്ങളും ഉറച്ച തീരുമാനങ്ങളും ഉറച്ച പ്രവര്‍ത്തനങ്ങളുമുള്ള ദൃഢചിത്തനാണ്. എങ്കില്‍പ്പോലും മനസ് വളരെ സ്‌നേഹവും ആര്‍ദ്രതയും നിറഞ്ഞതാണ്.

Q: താങ്കളെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കുള്ള പരാതി?

ഉപദ്രവിച്ചിട്ടുള്ളവരോടുപോലും വിരോധം കാട്ടാതെ ശത്രുക്കളെപ്പോലും സ്‌നേഹിക്കുന്നു.

Q: ബജറ്റ് തയാറാക്കുന്നതിലെ തന്ത്രം?

നല്ലപോലെ പഠിക്കും. ബജറ്റ് പ്രസംഗം ആദ്യാവസാനം ഞാന്‍ തന്നെ എഴുതും. അതില്‍ ഒരു കോമപോലും വ്യത്യാസം വരാതെ നോക്കും. ബജറ്റില്‍ എന്റെയൊരു ആത്മാവുണ്ടായിരിക്കും. ധനമന്ത്രിയെന്ന നിലയില്‍ എന്റെ 10ാമത്തെ ബജറ്റാണ് ഞാന്‍ ഇനി അവതരിപ്പിക്കുന്നത്.

Q: നിയമസഭയില്‍ അഭിമാനം തോന്നിയ നിമിഷം?

1985ല്‍ എന്റെ ബജറ്റില്‍ 166 കോടി രൂപ ഞാന്‍ മിച്ചം വെച്ചു. അത് കേരളത്തിലും കേന്ദ്രത്തിലും വന്‍ വിവാദമായപ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറോട് കണക്കിന്റെ സ്റ്റേറ്റ്‌മെന്റ് വാങ്ങി നിയമസഭയില്‍ വെച്ച് ഞാന്‍ പറഞ്ഞത് ശരിയാണെന്ന് തെളിയിച്ചു.

Q: ഔദ്യോഗികതലത്തില്‍ എടുത്തിട്ടുള്ള സുപ്രധാന തീരുമാനങ്ങള്‍?

ഇന്നൊവേറ്റീവായ നിരവധി തീരുമാനങ്ങള്‍ എനിക്ക് നടപ്പാക്കാനായിട്ടുണ്ട്. വൈദ്യുതി മന്ത്രിയായിരിക്കുമ്പോള്‍ വെളിച്ച വിപ്ലവം, ജലസേചന മന്ത്രിയായിരിക്കവേ ഇന്ത്യയിലാദ്യമായി കമ്യൂണിറ്റി ഇറിഗേഷന്‍, നിയമമന്ത്രിയായിരിക്കവേ അഭിഭാഷക ക്ഷേമനിധിയും വക്കീല്‍ ക്ലാര്‍ക്കുമാര്‍ക്ക് ക്ഷേമനിധിയും, ആഭ്യന്തര മന്ത്രിയായിരിക്കവേ പോലീസുകാര്‍ക്ക് സംഘടനാ സ്വാതന്ത്ര്യം എന്നിവയൊക്കെ നടപ്പാക്കി.

അടിയന്തരാവസ്ഥ പിന്‍വലിച്ചപ്പോള്‍ അടച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍ വിവിധ സമരങ്ങളായി പൊട്ടിപ്പുറപ്പെടുകയും രാജന്‍ കേസുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികളുണ്ടാകുകയും ചെയ്തു. ആകെ കലുഷമായൊരു കാലഘട്ടത്തെ വിജയകരമായി തരണം ചെയ്യാന്‍ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന എനിക്ക് സാധിച്ചു.

ഭവന വകുപ്പ് മന്ത്രിയായിരിക്കവേ ദശലക്ഷ പാര്‍പ്പിട പദ്ധതി, റെവന്യു മന്ത്രിയായിരിക്കവേ കേന്ദ്രാനുമതി വാങ്ങിക്കൊണ്ട് ഇടുക്കിയിലെ ആയിരക്കണക്കിന് കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം എന്നിവയും നടപ്പാക്കി. ഇപ്പോള്‍ 50,000 ചെറുപ്പക്കാരെ സംരംഭകരാക്കിക്കൊണ്ട് കേരളത്തില്‍ ലക്ഷക്കണക്കിന് തൊഴിലവസരം സൃഷ്ടിക്കാനുതകുന്ന സ്വയം സംരംഭക വികസനമിഷനും തുടക്കം കുറിച്ചു.

Q: രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയിലുള്ള ഏറ്റവും വലിയ നേട്ടം?

ഒരേ നിയോജക മണ്ഡലത്തില്‍ നിന്ന് 11 തെരഞ്ഞെടുപ്പുകളിലും ഒരിക്കലും തോല്‍വിയില്ലാതെ 47 വര്‍ഷം തുടര്‍ച്ചയായി സാമാജികനായി എന്നത് വലിയൊരു റെക്കോഡാണ്.

(2012 മാർച്ച്-15 ലെ ധനം ബിസിനസ് മാഗസിന്റെ 'ഉള്ളിലിരുപ്പ്' കോളത്തിൽ പ്രസിദ്ധീകരിച്ചത്. )

Similar News