ഇന്ത്യയിലെ പ്രമുഖ നിക്ഷേപകരുടെ ആസ്തിയില്‍ ഡിസംബര്‍ പാദത്തില്‍ ഉണ്ടായത് വന്‍ വര്‍ധന. കേരളത്തിലെ പ്രമുഖ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകനായ പൊറിഞ്ചു വെളിയത്ത്, അന്തരിച്ച നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല, സുനില്‍ സിംഗാനിയ, ആഷിഷ് കചോലിയ, വിജയ് കേഡിയ, ഡോളി ഖന്ന എന്നിവര്‍ വിവിധ ഓഹരികളിലെ നിക്ഷേപത്തിലൂടെ 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ നേടിയ ആസ്തി വളര്‍ച്ചയും പുതിയ നിക്ഷേപങ്ങളും നോക്കാം.
പൊറിഞ്ചു വെളിയത്ത്
ആസ്തി മൂല്യം രണ്ടാം പാദം: ₹226കോടി
വളര്‍ച്ച: 8%
പ്രമുഖ പോര്‍ട്ട്‌ഫോളിയോ മാനേജരും ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനുമായ പൊറിഞ്ചു വെളിയത്തിന്റെ ആസ്തി 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) 209 കോടി രൂപയായിരുന്നു. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഇത് 226 കോടി രൂപയായി. എട്ട് ശതമാനമാണ് വര്‍ധന. മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന പൊറിഞ്ചു വെളിയത്തിന് ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് 13 ഓഹരികളിലാണ് നിക്ഷേപമുള്ളത്.
കേരള ആയുര്‍വേദ ലിമിറ്റഡ് (3.2%),
ഓറം പ്രോപ്‌ടെക് (4.5%), ഡ്യൂറോപ്ലൈ ഇന്‍ഡസ്ട്രീസ് (6.5%) എന്നിവയിലാണ് ഒരു ശതമാനത്തില്‍ കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ളത്. ഷാലിമാര്‍ പെയിന്റ്‌സ്, സിന്‍ഗെര്‍ ഇന്ത്യ എന്നിവയില്‍ ഒരു ശതമാനത്തില്‍ താഴെ നിക്ഷേപമുണ്ട്.
ഇതു കൂടാതെ സെന്റം ഇലക്ട്രോണിക്‌സ്, കൊകുയോ ക്യാംലിന്‍, ഓറിയന്റ് ബെല്‍, ആരോ ഗ്രീന്‍ ടെക്, കായ ലിമിറ്റഡ്, അന്‍സാല്‍ ബില്‍ഡ് വെല്‍, അശോക് അല്‍കോ കെം, പി.ജി ഫോയില്‍സ്, ആര്‍.പി.എസ്.ജി വെഞ്ച്വേഴ്‌സ്, മാക്‌സ് ഇന്ത്യ എന്നിവയിലും സെപ്റ്റംബര്‍ പാദത്തില്‍ പൊറിഞ്ചു വെളിയത്തിന് ഓഹരി പങ്കാളിത്തമുണ്ടായിരുന്നു.
ഡിസംബര്‍ പാദത്തിൽ കേരള ആയുര്‍വേദ, ഓറം പ്രോപ്‌ടെക് എന്നിവയുടെ ഓഹരി വിഹിതം ഒരു ശതമാനത്തിലധികം ഉയര്‍ത്തിയ പൊറിഞ്ചു വെളിയത്ത് ഡ്യൂറോപ്ലൈ ഇന്‍ഡസ്ട്രീസിലെ ഓഹരി വിഹിതം 0.6 ശതമാനം കുറയ്ക്കുകയും ചെയ്തിരുന്നു.
രാകേഷ് ജുന്‍ജുന്‍വാല
ആസ്തി മൂല്യം രണ്ടാം പാദം: ₹39,507 കോടി
മൂന്നാം പാദം: ₹48,186 കോടി
വളര്‍ച്ച: 22%
അന്തരിച്ച പ്രമുഖ ഓഹരി നിക്ഷേപകനായ (Value Investor) രാകേഷ് ജുന്‍ജുന്‍വാലയുടെ (Rare Enterprises) നിക്ഷേപ ആസ്തിയില്‍ മുന്‍പാദത്തെ അപേക്ഷിച്ച് 22 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ജൂലൈ- സെപ്റ്റബറിലെ 39,507 കോടി രൂപയില്‍ നിന്ന് ആസ്തി 48,186 കോടി രൂപയായി. ഡിസംബര്‍ പാദത്തില്‍ ഡി.ബി റിയാലിറ്റിയില്‍ ഒരു ശതമാനം ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചപ്പോള്‍ നസാറ ടെക്‌നോളജീസില്‍ ഒരു ശതമാനം ഓഹരി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് ഓഹരിയിലും 0.1 ശതമാനം നിക്ഷേപം കുറച്ചു.
ആപ്‌ടെക്, ആഗ്രോടെക് ഫുഡ്, കനറ ബാങ്ക്, ക്രിസില്‍ ലിമിറ്റഡ്, എസ്‌കോര്‍ട്‌സ്, കുബോട്ട, ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ജൂബിലന്റ് ഫോര്‍മോവ, കരൂര്‍ വൈശ്യ ബാങ്ക്, എന്‍.സി.സി, സണ്‍ഫാര്‍മ അഡ്വാന്‍സ്ഡ് റിസര്‍ച്ച്, ടാറ്റ കമ്മ്യൂണിക്കേഷന്‍, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റന്‍ കമ്പനി, വാ ടെക് വബാഗ്, വോക്കഹാര്‍ഡ്, സിന്‍ഗെര്‍ ഇന്ത്യ, രാഘവ് പ്രോഡക്റ്റിവിറ്റി എന്‍ഹാന്‍സേഴ്‌സ്, ജൂബിലന്റ് ഇന്‍ഗ്രീവിയ, സ്റ്റാര്‍ഹെല്‍ത്ത്, മെട്രോ ബ്രാന്‍ഡ്‌സ്, കോണ്‍കോഡ് ബയോടെക് എന്നീ ഓഹരികളിലാണ് ഡിസംബര്‍ പാദമനുസരിച്ച് റെയർ എർത്തിന് ഓഹരിയുള്ളത്.
സുനില്‍ സിംഗാനിയ
ആസ്തി മൂല്യം രണ്ടാം പാദം: ₹2,382 കോടി
മൂന്നാം പാദം: ₹2,839 കോടി
വളര്‍ച്ച: 19%
സെപ്റ്റംബര്‍ പാദത്തിലെ 2,382 കോടി രൂപയില്‍ നിന്ന് 2,839 കോടി രൂപയായാണ് സുനില്‍ സിംഗാനിയയുടെ ആസ്തി വര്‍ധിച്ചത്. 19 ശതമാനത്തോളമാണ് വര്‍ധന. മൂന്നാം പാദത്തില്‍ സുനില്‍ സിംഗാനിയ ശ്രീറാം പിസ്റ്റണ്‍സ് ആന്‍ഡ് റിംഗിസില്‍ പുതുതായി 2.3 ശതമാനം ഓഹരി വാങ്ങി. സിയാറാം സില്‍ക്ക് മില്‍സ്, ടെക്‌നോക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ്, എഥോസ്, എ.ജി.ഐ ഗ്രീന്‍പാക്, ഐ.എം.എസ്, ഐഓണ്‍ എക്‌സ്‌ചേഞ്ച് എന്നിവയില്‍ ഓഹരികള്‍ വിറ്റഴിക്കുകയും ചെയ്തു. രാജശ്രീ പോളിപാക്കില്‍ ഒരു ശതമാനത്തില്‍ താഴെ നിക്ഷേപവുമുണ്ട്. ഇതു കൂടാതെ മറ്റ് 13 ഓളം ഓഹരികളിലും സുനില്‍ സിംഗാനിയയ്ക്ക് നിക്ഷേപമുണ്ട്.
ആഷിഷ് കചോലിയ
ആസ്തി മൂല്യം രണ്ടാം പാദം: ₹2,541 കോടി
മൂന്നാം പാദം: ₹2,764 കോടി
പ്രമുഖ നിക്ഷേപകനായ ആഷിഷ് കചോലിയയുടെ ആസ്തി ഡിസംബര്‍ പാദത്തില്‍ മുൻ പാദത്തിലെ 2,541 കോടി രൂപയിൽ നിന്ന് 2,764 കോടി രൂപയായി. നാല് ഓഹരികളിലാണ് ഇക്കാലയളവിൽ പുതുതായി നിക്ഷേപം നടത്തിയത്. ട്രാന്‍ഫാക് ഇന്‍ഡസ്ട്രീസ്, എസ്.ജി ഫിന്‍സെര്‍വ്, ബ്രാന്‍ഡ് കണ്‍സെപ്റ്റ്‌സ്, അപ്‌ഡേറ്റര്‍ സര്‍വീസസ് എന്നിവയാണത്. ഇതുകൂടാതെ സാഗിള്‍ പ്രീപെയ്ഡ് ഓഷ്യന്‍ സര്‍വീസസ്, ലാവോപാല ആര്‍.ജി എന്നിവയില്‍ ഓഹരി കൂട്ടുകയും ബെസ്റ്റ് അഗ്രോ ലൈഫ്, എ.ഡി.എസ് ഫുഡ് എന്നിവയിലെ നിക്ഷേപം കുറയ്ക്കുകയും ചെയ്തു. എന്‍.ഐ.ഐ.ടി, ടാര്‍ക്, എസ്.ജെ.എസ് എന്റര്‍പ്രൈസ് എന്നിവയില്‍ ഒരു ശതമാനത്തില്‍ താഴെ ഓഹരികളുമുണ്ട്.
വിജയ് കേഡിയ
ആസ്തി മൂല്യം രണ്ടാം പാദം: ₹1,389 കോടി
മൂന്നാം പാദം: ₹1,476 കോടി
വളര്‍ച്ച: 6%
പ്രമുഖ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകനായ വിജയ് കേഡിയയുടെ ആസ്തി ഡിസംബര്‍ പാദത്തില്‍ 6% വളര്‍ച്ചയാണ് നേടിയത്. രണ്ടാം പാദത്തിലെ 1,389 കോടി രൂപയില്‍ നിന്ന് 1,476 കോടി രൂപയായി. ഇലകോണ്‍ എന്‍ജിനീയറിംഗ്, ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് കോംപണന്റ്‌സ് എന്നിവയിലെ ഓഹരികള്‍ വിറ്റു. മഹീന്ദ്ര ഹോളിഡേയ്‌സില്‍ ഡിസംബര്‍ പാദമനുസരിച്ച് ഒരു ശതമാനത്തില്‍ താഴെ ഓഹരികളുണ്ട്. അതുല്‍ ഓട്ടോ, ന്യൂലാന്‍ഡ് ലബോറട്ടറീസ്, ഒ.എം ഇന്‍ഫ്ര, പട്ടേല്‍ എന്‍ജനീയറിംഗ്, റെപ്രോ ഇന്ത്യ, സിയാറാം സില്‍ക്ക് മില്‍സ്, സുദര്‍ശന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ്, വൈഭവ് ഗ്ലോബല്‍, പ്രിസിഷന്‍ കാംഷാഫ്റ്റ്‌സ്, തേജസ് നെറ്റ്‌വര്‍ക്ക്‌സ് എന്നിവയിലും വിജയ് കേഡിയയ്ക്ക് ഓഹരിയുണ്ട്.
ഡോളി ഖന്ന
ആസ്തി മൂല്യം രണ്ടാം പാദം: ₹360 കോടി
മൂന്നാം പാദം: ₹423 കോടി
വളര്‍ച്ച: 18%
ചെന്നെയില്‍ നിന്നുള്ള പ്രമുഖ ഓഹരി നിക്ഷേപകനായ ഡോളി ഖന്ന 18% വളര്‍ച്ചയാണ് ആസ്തിയില്‍ നേടിയത്. സെപ്റ്റംബര്‍ പാദത്തിലെ 360 കോടി രൂപയില്‍ നിന്ന് 423 കോടി രൂപയായി ആസ്തി ഉയര്‍ന്നു. ഡിസംബര്‍ പാദത്തില്‍ നാല് ഓഹരികളില്‍ ഡോളി ഖന്ന പുതുതായി നിക്ഷേപം നടത്തി. ജെ. കുമാര്‍ ഇന്‍ഫ്രാ പ്രോജക്‌ട്സ്, സവേര ഇന്‍ഡസ്ട്രീസ്, സുവാരി ഇന്‍ഡസ്ട്രീസ്, ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയിലാണ് ഒരു ശതമാനത്തിലധികം നിക്ഷേപം നടത്തിയത്. കൂടാതെ പ്രകാശ് ഇന്‍ഡസ്ട്രീസ്, ദീപക് സ്പിന്നേഴ്‌സ്, കെ.സി.പി ഷുഗര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ്, മാംഗളൂര്‍, കെമിക്കല്‍സ്, രാജശ്രീ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സ്, കണ്‍ട്രോള്‍ പ്രിന്റ് എന്നിവയില്‍ ഓഹരി വിഹിതം വര്‍ധിപ്പിച്ചിട്ടുമുണ്ട്. ഇക്കാലയളവില്‍ ഏഴോളം ഓഹരികളില്‍ പങ്കാളിത്തം കുറച്ചിട്ടുമുണ്ട്.
പൊറിഞ്ചു വെളിയത്തും വിജയ് കേഡിയയും ധനം ബി.എഫ്. എസ്.ഐ സമ്മിറ്റിൽ
ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ആറാമത് ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ പ്രമുഖ ഓഹരി നിക്ഷേപകരായ പൊറിഞ്ചു വെളിയത്തും വിജയ് കേഡിയയും പങ്കെടുക്കും. ഫെബ്രുവരി 22ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഇവന്റില്‍ ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് രംഗത്തെ നിരവധി പ്രമുഖര്‍ അണിനിരക്കുന്നുണ്ട്. രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ നീളുന്ന സമ്മിറ്റില്‍ പങ്കെടുക്കാന്‍ 18 ശതമാനം ജി.എസ്.ടി ഉള്‍പ്പെടെ 4,720 രൂപയാണ് ഡെലിഗേറ്റ് ചാര്‍ജ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.dhanambfsisummit.com
വിവിരങ്ങള്‍ക്ക് കടപ്പാട്: ട്രെന്‍ലൈന്‍
ഒരു ശതമാനത്തില്‍ താഴെയുള്ള ഓഹരി പങ്കാളിത്തം പബ്ലിക്കായി വെളിപ്പെടുത്തേണ്ടതില്ലാത്തതിനാല്‍ മറ്റ് പല ഓഹരികളിലും ഇവര്‍ക്ക് നിക്ഷേപമുണ്ടായേക്കാം.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)