പെട്രോള്‍ വില 100 കടക്കുമോ?

Update: 2018-08-29 11:57 GMT

വാഹനഉടമകളുടെ നെഞ്ചില്‍ തീ കോരിയിട്ടുകൊണ്ട് രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില പുതിയ ഉയരങ്ങള്‍ താണ്ടുകയാണ്. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 80.11 രൂപയും ഡീസല്‍ വില 73.45 രൂപയുമാണ്. രാജ്യാന്തരവിപണിയില്‍ അസംസ്കൃത എണ്ണവില കൂടിയതാണ് ഇപ്പോഴത്തെ വിലവര്‍ദ്ധനയ്ക്ക് കാരണം. ആഗോള എണ്ണവില ഇനിയും വര്‍ദ്ധിക്കാനുള്ള സാഹചര്യം കണക്കിലെടുക്കുമ്പോള്‍ പെട്രോള്‍ വില 100 രൂപയിലെത്താന്‍ അധികനാള്‍ വേണ്ടിവരില്ല.

ഡീസല്‍ വിലയിലെ വര്‍ദ്ധന വരും നാളുകളില്‍ വലിയ പ്രതിസന്ധിക്ക് വഴിതെളിച്ചേക്കാം. അവശ്യസാധനങ്ങളുടെ വില ഉയരും. പ്രളയദുരന്തത്തില്‍ തകര്‍ന്നിരിക്കുന്ന കേരളത്തെ സംബന്ധിച്ചടത്തോളം ഇന്ധനവിലവര്‍ദ്ധന ഇരുട്ടടിയാകും. രൂപയുടെ മൂല്യം ഇടിഞ്ഞതാണ് വിലവര്‍ദ്ധനയ്ക്ക് പ്രധാന കാരണമായി എണ്ണ കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴത്തെ രാജ്യാന്തര സാഹചര്യങ്ങളും എണ്ണവില ഉയരാന്‍ കാരണമായി.

ആഗോളതലത്തില്‍ എണ്ണ ഉല്‍പ്പാദനം കൂടുന്നതാണ് പ്രതീക്ഷയ്ക്ക് വകയുള്ളത്. പതിയെ വില കുറയാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്.

"ഇന്ധനവില ജി.എസ്.റ്റിയില്‍ ഉള്‍പ്പെടുത്തുകയെന്നത് വിലവര്‍ദ്ധനയ്ക്ക് ഒരു പരിഹാരമാണ്. അതുവഴി സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടാകുന്ന സാമ്പത്തികനഷ്ടത്തിന് കേന്ദ്രം പിന്തുണ നല്‍കണം. പെട്രോളിയം കമ്പനികളാകട്ടെ നോണ്‍ ഫ്യൂവല്‍ മേഖലകളില്‍ നിന്ന് വരുമാനം കണ്ടെത്താനും ശ്രമിക്കണം. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉല്‍പ്പാദനച്ചെലവുകള്‍ കുറയ്ക്കാനുള്ള കൂടുതല്‍ ശ്രമങ്ങള്‍ കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം." ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സിന്‍റെ നാഷണല്‍ വൈസ് പ്രസിഡന്‍റായ ആര്‍.ശബരിനാഥ് പറയുന്നു.

Similar News