29 യുഎസ് ഉൽപന്നങ്ങൾക്ക് ഉടൻ തീരുവ ഉയർത്തുമെന്ന് ഇന്ത്യ

Update:2019-06-14 17:19 IST

ഇന്ത്യയിലെ കയറ്റുമതി വ്യവസായികള്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി-ഫ്രീ ആനുകൂല്യങ്ങള്‍ (ജിഎസ്‌പി) യുഎസ് പിൻവലിച്ചതിനെ തുടർന്ന് യുഎസ് ഉൽപന്നങ്ങൾക്ക് തീരുവ ഉയർത്താൻ ഇന്ത്യ തീരുമാനിച്ചു.

29 യുഎസ് ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഉടൻ ഉയർത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ചൂണ്ടിക്കാട്ടി ലൈവ്മിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഒന്നോ രണ്ടോ ദിവസത്തിനകം ഇതുസംബന്ധിച്ച വിജ്ഞാപനവും പുറത്തിറക്കും.

235 മില്യൺ ഡോളറിന്റെ യുഎസ് ഉല്പന്നങ്ങൾക്കാണ് തീരുവ ഉയർത്തുന്നത്. മുൻപ് ഇതേക്കുറിച്ച് തീരുമാനം എടുക്കുന്നത് പലതവണ മാറ്റിവെച്ചിരുന്നു. കഴിഞ്ഞ വർഷം ജൂൺ 20 നാണ് ഇതേക്കുറിച്ച് ആദ്യ പ്രഖ്യാപനം ഉണ്ടായത്. ഇപ്പോഴത്തെ ഡെഡ്ലൈൻ ജൂൺ 16 ന് അവസാനിക്കും.

ജി20 ഉച്ചകോടിയുടെ ഭാഗമായി ജപ്പാനിലെ ഒസാക്കയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈ മാസം അവസാനം കൂടിക്കാഴ്ച നടത്താനിരിക്കെയാണ് കേന്ദ്ര സർക്കാർ നടപടി.

ഇന്ത്യയ്ക്ക് വ്യാപാര രംഗത്ത് നല്‍കിയിരുന്ന മുന്‍ഗണന മാർച്ചിൽ യുഎസ് റദ്ദാക്കിയിരുന്നു. 5.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉല്‍പന്നങ്ങളാണ് ജിഎസ്‌പി അനുകൂല്യത്തിന്റെ കീഴില്‍ ഇന്ത്യ യുഎസിലേക്ക് കയറ്റുമതി ചെയ്തിരുന്നത്.

ഇന്ത്യ യുഎസ് ഉൽപന്നങ്ങൾക്ക് വളരെ ഉയർന്ന തീരുവയാണ് ഉയർത്തുന്നതെന്ന വിമർശം ഇക്കഴിഞ്ഞ ദിവസം ട്രംപ് ആവർത്തിച്ചിരുന്നു.

Similar News