എണ്ണ വിലയിടിവ്: നൂറുകണക്കിന് അമേരിക്കന്‍ ഓയ്ല്‍ കമ്പനികള്‍ പാപ്പരാകും

Update: 2020-04-21 10:57 GMT

ക്രൂഡോയ്ല്‍ വാങ്ങാന്‍ എണ്ണ ഖനനം ചെയ്യുന്നവര്‍ വാങ്ങലുകാര്‍ക്ക് അങ്ങോട്ട് പണം നല്‍കേണ്ട ഘട്ടത്തിലെത്തിയതോടെ ലോകത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുന്നു. സിഎന്‍എന്‍ ബിസിനസിന്റെ റിപ്പോര്‍ട്ട് പ്രകാരം എണ്ണ വില ബാരലിന് 20 ഡോളറില്‍ സ്ഥിരതയാര്‍ജ്ജിച്ചാല്‍ പോലും അമേരിക്കയിലെ എണ്ണ പര്യവേഷണ, ഖനന രംഗത്തെ 533 കമ്പനികള്‍ 2021 അവസാനത്തോടെ പാപ്പരാകും.

എണ്ണ വില ബാരലിന് പത്ത് ഡോളറിലാണ് നില്‍ക്കുന്നതെങ്കില്‍ 1100 കമ്പനികള്‍ പാപ്പരാകും. റൈസ്റ്റാഡ് എനര്‍ജി എന്ന റിസര്‍ച്ച് കമ്പനിയുടെ കണക്കുകളെ ഉദ്ധരിച്ചാണ് സിഎന്‍എന്‍ ഇക്കാര്യം പറയുന്നത്.

തിങ്കളാഴ്ച അമേരിക്കയിലെ എണ്ണ ഫ്യൂച്ചേഴ്‌സ് വിപണിയില്‍ വില നെഗറ്റീവ് തലത്തിലേക്ക് വീണിരുന്നു. ലോകമെമ്പാടും കോവിഡ് ബാധയെ തുടര്‍ന്ന് എണ്ണയുടെ ആവശ്യകത കുത്തനെ കുറഞ്ഞതും ആഗോളതലത്തിലെ എണ്ണ സംഭരണികളുടെ ശേഷിയുടെ 60 ശതമാനത്തിലേറെ ഇപ്പോള്‍ നിറഞ്ഞു കവിഞ്ഞതുമാണ് വില കുത്തനെ കുറയാന്‍ കാരണമാകുന്നത്.

അതിനിടെ ലോകത്തെ തന്ത്രപ്രധാനമായ എണ്ണ സംഭരണികളുടെ വാങ്ങലുകാരായി ചൈനയും രംഗത്തെത്തിയിട്ടുണ്ട്. കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ പരമാവധി നേട്ടം കൊയ്യാനുള്ള ശ്രമമാണ് ചൈന ഇപ്പോള്‍ നടത്തുന്നത്.

ചരിത്രത്തില്‍ ഇതാദ്യമായാണ് എണ്ണ വില നെഗറ്റീവാകുന്നത്. അതായത് എണ്ണ വാങ്ങുന്നവര്‍ക്ക് എണ്ണ കമ്പനികള്‍ ബാരലിന് 30 ഡോളറിലേറെ അങ്ങോട്ട് നല്‍കണം!

എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് പ്ലസ് ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദന കുറയ്ക്കല്‍ പ്രഖ്യാപിച്ചിട്ടും ആഗോള വിപണിയില്‍ വില പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ല. ആഗോളതലത്തിലെ എണ്ണ സംഭരണികളെല്ലാം തന്നെ നിറയുന്ന ഘട്ടത്തിലേക്ക് എത്തുകയാണ്.

എണ്ണ കിണറുകളില്‍ നിന്ന് ഉല്‍പ്പാദനം പൂര്‍ണമായും നിര്‍ത്തിവെയ്ക്കാനും കമ്പനികള്‍ തയ്യാറല്ല. ഒരുവട്ടം ഖനനം നിര്‍ത്തിവെച്ചാല്‍ പിന്നീട് പുനഃരാരംഭിക്കാന്‍ വന്‍ തോതില്‍ നിക്ഷേപം നടത്തേണ്ടി വരും. അതുകൊണ്ട് എണ്ണ ഖനനവും ഉല്‍പ്പാദനവും മുന്നോട്ടുകൊണ്ടുപോകേണ്ട സ്ഥിതിയിലാണ് കമ്പനികള്‍.

ഇന്ത്യ പോലെ എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ അവസരമാണിത്. ഇതോടൊപ്പം ലോകത്തിലെ പല എണ്ണ പര്യവേഷണ, ഖനന കമ്പനികളും തങ്ങളുടെ ആസ്തികളും വില്‍പ്പന നടത്തേണ്ട ഗതികേടിലാണ്. ഈ രംഗത്തെ പല കമ്പനികളും കുറഞ്ഞ മൂല്യത്തില്‍ വില്‍ക്കുകയോ, ഇതര കമ്പനികളുമായി ലയിക്കുകയോ ചെയ്യും.

കരുത്തുറ്റ ബാലന്‍സ് ഷീറ്റുള്ള എണ്ണ കമ്പനികള്‍ക്ക് മാത്രമാണ് ഈ പ്രതിസന്ധികളെ അതിജീവിക്കാനാവുക. കോവിഡ് കഴിയുമ്പോള്‍ ലോകത്തെ എണ്ണ കമ്പനികളുടെ എണ്ണവും കുത്തനെ കുറയും. എണ്ണ പര്യവേഷണ, ഖനന രംഗത്തുള്ള രണ്ടരലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് ഇപ്പോള്‍ കണക്കുകള്‍ പറയുന്നത്.

എണ്ണ സംഭരണകേന്ദ്രങ്ങള്‍ക്ക്് നല്ല നാളുകള്‍

ലോകത്ത് മൊത്തം 6.8 ബില്യണ്‍ ബാരല്‍ എണ്ണ സംഭരിക്കാന്‍ ശേഷിയുണ്ടെന്നാണ് കണക്ക്. അതിന്റെ 60 ശതമാനം ഇപ്പോള്‍ നിറഞ്ഞു കഴിഞ്ഞു. വിമാനം മുതല്‍ സ്‌കൂട്ടര്‍ വരെ നിരത്തിലിരങ്ങാത്തതിനാല്‍ ക്രൂഡോയ്ല്‍ സംസ്‌കരണം കമ്പനികള്‍ കുറച്ചിരിക്കുകയാണ്. അതുകൊണ്ട് അസംസ്‌കൃത എണ്ണ സംഭരണികളില്‍ നിറഞ്ഞുകിടക്കുന്നു. എണ്ണ കിണറില്‍ നിന്ന് എണ്ണ പുറത്തെടുത്താല്‍ അത് വിറ്റില്ലെങ്കില്‍ ഉല്‍പ്പാദകര്‍ക്ക് നഷ്ടമാണ്. എണ്ണപ്പാടത്തുനിന്ന് ക്രൂഡോയ്ല്‍ മാറ്റാന്‍ കമ്പനികള്‍ വാങ്ങലുകാരെ പ്രോത്സാഹിപ്പിക്കുന്നതും അതുകൊണ്ടാണ്.

കരീബിയന്‍ രാജ്യങ്ങള്‍, സൗത്ത് ആഫ്രിക്ക, അങ്കോള, ബ്രസീല്‍, നൈജീരിയ എന്നിവിടങ്ങളിലെ എണ്ണ സംഭരണികള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് നിറയുമെന്നാണ് സൂചന.

ഇപ്പോള്‍ അമേരിക്കന്‍ ക്രൂഡ് ആണ് നെഗറ്റീവ് തലത്തിലേക്ക് പോയിരിക്കുന്നത്. അതും മെയ് ഫ്യൂച്ചേഴ്‌സ്. ജൂണിലെയും ജൂലൈയിലും വിലകള്‍ അങ്ങനെ തകര്‍ന്നിട്ടില്ല. അമേരിക്കയ്ക്ക് പുറത്തുള്ള എണ്ണ ഉല്‍പ്പാദക രാജ്യങ്ങളില്‍ എണ്ണ വില ഇത്തരത്തില്‍ ഇടിഞ്ഞിട്ടില്ലെങ്കിലും അവരുടെ സമ്പദ് വ്യവസ്ഥകളെ അസ്ഥിരപ്പെടുത്തും വിധം വിലതകര്‍ച്ച സംഭവിച്ചുകഴിഞ്ഞിട്ടുണ്ട്.

എണ്ണ വില ബാരലിന് 60-70 ഡോളറില്‍ നിന്നാല്‍ മാത്രമേ പല എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്കും സമ്പദ് വ്യവസ്ഥയില്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുപോകാനാകൂ. കോവിഡ് കഴിയുമ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ എത്ര രാജ്യങ്ങളില്‍ ലഹളകളും അട്ടിമറികളും അരങ്ങേറുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.  

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News