എണ്ണവില വീണ്ടും കുതിക്കുമെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി

Update: 2018-08-31 08:15 GMT

പെട്രോള്‍, ഡീസല്‍ വില വീണ്ടും കുതിച്ചുയര്‍ന്നേക്കുമെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയെ(ഐ.ഇ.എ) ഉദ്ധരിച്ചുകൊണ്ട് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള ഡിമാന്‍ഡ് ഉയര്‍ന്നതോടെ സപ്ലൈയില്‍ ഉണ്ടായ കുറവാണ് ക്രൂഡ് ഓയില്‍ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ക്രൂഡ് ഓയില്‍ വില ബാരലിന് 75 ഡോളറായി ഉയര്‍ന്നെങ്കിലും ആഗോളതലത്തില്‍ വീണ്ടും വില വര്‍ദ്ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

എണ്ണ വിലയിലുണ്ടാകുന്ന വര്‍ദ്ധനവ് ഇന്ത്യന്‍ സമ്പദ്ഘടനക്ക് ദോഷകരമാകുമെന്നതിനാല്‍ സപ്ലൈ സ്രോതസുകള്‍ വൈവിദ്ധ്യവല്‍ക്കരിക്കുക, ബയോഫ്യൂവല്‍സ് ഉപയോഗിക്കുക എന്നിവ വളരെ സുപ്രധാനമാണ്. അതോടൊപ്പം കാറുകള്‍, ട്രക്കുകള്‍, ഫാക്ടറികള്‍ എന്നിവയിലെ എണ്ണയുടെ ഉപഭോഗം കുറക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഐ.ഇ.എ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ആഗോളതലത്തിലെ എണ്ണയുടെ ഡിമാന്‍ഡ് ഉയരുകയാണ്. എന്നാല്‍ അതേസമയം വെനസ്വേലയിലെ എണ്ണ ഉല്‍പാദനം കുത്തനെ കുറഞ്ഞിരിക്കുകയാണ്. ഇക്കാരണത്താല്‍ അടുത്ത ഏതാനും മാസങ്ങളില്‍ എണ്ണ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. അല്ലെങ്കില്‍ എണ്ണ വില പിടിച്ചുനിര്‍ത്തുന്നതിനായി ഉല്‍പാദനം കുറച്ച നടപടിയെ പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ ഒപെക് പിന്‍വലിക്കേണ്ടതുണ്ട്.

ഒപെക് രാജ്യങ്ങള്‍ അവയുടെ എണ്ണ ഉല്‍പാദനം കാര്യമായി വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെ ആഗോളവിപണിയിലെ എണ്ണ വിലയില്‍ അത് വലിയ സമ്മര്‍ദം സൃഷ്ടിക്കുമെന്നും ഐ.ഇ.എ ചൂണ്ടിക്കാട്ടുന്നു. ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കയറ്റുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണവും വിലക്കയറ്റത്തിനിടയാക്കും. ഒപെക് സംഘടനയിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉല്‍പാദന രാജ്യമാണ് ഇറാന്‍.

ക്രൂഡ് ഓയിലിന്റെ ആഗോളതല ഉപഭോഗത്തില്‍ ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമായ പങ്കാണുള്ളത്. അതിനാല്‍ ഇറക്കുമതി സ്രോതസുകള്‍ വൈവിദ്ധ്യവല്‍ക്കരിക്കുന്നതോടൊപ്പം എണ്ണയുടെ ഇറക്കുമതി കുറക്കുകയും ചെയ്യേണ്ടത് വളരെയേറെ അത്യാവശ്യമാണ്. ഗതാഗത രംഗത്ത് ബയോഫ്യൂവല്‍സിന്റെ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ തീരുമാനം എണ്ണ ഇറക്കുമതി കുറക്കാനിടയാക്കുമെന്നും ഐ.ഇ.എ വ്യക്തമാക്കി.

Similar News