പ്രവാസികൾക്ക് മുഖ്യമന്ത്രിയോട് പറയാനുള്ളത്! 

Update:2019-07-02 16:56 IST

കേരളത്തെ വ്യവസായ സൗഹൃദമാക്കാൻ ഇപ്പോഴത്തെ സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നുള്ളത് ശരിതന്നെ. പക്ഷെ, നാട്ടിൽ നിക്ഷേപം നടത്താനൊരുങ്ങുന്ന പ്രവാസി നിക്ഷേപകർക്ക് ഇപ്പോഴും ആശങ്കകൾ ഒഴിയുന്നില്ല എന്നുള്ളതാണ് സത്യം.

ഇങ്ങനെയൊരു സാഹചര്യത്തിൽ, നമ്മുടെ സംസ്ഥാനത്തെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കാനും പ്രവാസികളുടെ നിക്ഷേപത്തിന് നയപരമായ സംരക്ഷണം നൽകാനും 7 നിർദേശങ്ങൾ മുന്നോട്ടു വെച്ചിരിക്കുകയാണ് പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ 'പ്രവാസി കോൺക്ലേവ്'.

ജൂൺ 29 ന് നടന്ന പ്രവാസി കോൺക്ലേവിന്റെ ഗ്ലോബൽ ടെലികോൺഫറൻസിൽ മുന്നോട്ടുവെച്ച പ്രമേയത്തിലാണ് ഈ നിർദേശങ്ങൾ ഉള്ളത്. യുഎസ്, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 343 പ്രവാസി പ്രതിനിധികൾ ടെലികോൺഫറൻസിൽ പങ്കെടുത്തിരുന്നു. പ്രവാസി കോൺക്ലേവിന്റെ നിർദേശങ്ങൾ പിന്നീട് ചീഫ് സെക്രട്ടറി ടോം ജോസിന് സമർപ്പിച്ചു.

  • പ്രവാസി സംഘടനകളുടേയും പ്രവാസി കോൺക്ലേവിന്റേയും സഹായത്തോടെ, വിവിധ രംഗങ്ങളിൽ വിജയം കൈവരിച്ച മികച്ച പ്രവാസി സംരംഭകരേയും പ്രൊഫഷണലുകളേയും അംഗങ്ങളാക്കി ഒരു അഡ്വൈസറി ബോഡി രൂപീകരിക്കുക.
  • പ്രവാസി നിക്ഷേപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു മീഡിയേഷൻ-ആർബിട്രേഷൻ സെന്റർ പ്രവാസി കോൺക്ലേവിന്റെ മേൽനോട്ടത്തിൽ കൊച്ചിയിൽ ആരംഭിക്കാം. തിരിച്ചെത്തിയ പ്രവാസി സംരംഭകരുടേയും പ്രൊഫഷണലുകളുടെയും സേവനം ഇതിനായി ഉപയോഗപ്പെടുത്താം. ഇതിന് സർക്കാർ പിന്തുണ ഉറപ്പാക്കുകയും പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ മീഡിയേഷൻ കേന്ദ്രത്തെ ചുമതലപ്പെടുത്തുകയും വേണം.
  • പ്രവാസി കമ്മീഷനേയും ട്രൈബ്യുണലിനേയും, പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും തീർപ്പാക്കാൻ തക്ക ജുഡീഷ്യൽ അധികാരമുള്ള സ്വതന്ത്ര സ്ഥാപനങ്ങളാക്കണം. ട്രൈബ്യുണലിന്റെ ഉത്തരവുകൾക്കെതിരെയുള്ള അപ്പീലുകൾ സ്വീകരിക്കുന്നത് ഹൈക്കോടതിയായിരിക്കണം.
  • പ്രവാസികളുടെ പ്രൊജക്ടുകൾക്ക് അനുമതികൾ നൽകാൻ ഒരു ഏക ജാലക സംവിധാനം കൊണ്ടുവരണം. ഇതിനായി പ്രവാസി നിക്ഷേപകർക്ക് 'ഗ്രീൻ കാർഡ്' സൗകര്യം ഏർപ്പെടുത്തുകയും വേണം. എല്ലാ സർക്കാർ വകുപ്പുകളിൽ നിന്നും വേഗത്തിൽ ക്ലിയറൻസ് ലഭിക്കാൻ ഇത് സൗകര്യമൊരുക്കും. 'Entrepreneur Green Card' നൽകാൻ കെഎസ്ഐഡിസിയ്ക്ക് മാത്രമായിരിക്കണം അധികാരം. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഗ്രീൻ കാർഡുള്ള പ്രവാസികളുടെ പ്രോജക്ടിന് അനുമതികൾ നൽകാനുള്ള അധികാരം പരിമിതപ്പെടുത്തണം.
  • ഐഎഎസ് റാങ്കിലുള്ള ഒരു നോഡൽ ഓഫീസറെ നിയമിക്കണം. പദ്ധതികൾക്ക് അനുമതി നൽകുന്ന വിവിധ സർക്കാർ ഏജൻസികളെ ഏകോപിപ്പിക്കുകയും പ്രോജക്ടുകൾക്ക് തടസം നേരിട്ടാൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് നോഡൽ ഓഫിസറുടെ ചുമതല. മീഡിയേഷൻ സെന്ററിൽ നിന്ന് ശുപാർശ ലഭിച്ചാലുടൻ ഇക്കാര്യത്തിൽ നടപടിയെടുക്കാൻ നോഡൽ ഓഫീസർക്ക് അധികാരം നൽകണം. ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക പ്രവാസി കമ്മീഷനായിരിക്കും.
  • ആധുനിക/ബദൽ കൃഷി രീതികൾ പ്രോത്സാഹിപ്പിക്കാൻ അഗ്രിക്കൾച്ചർ, ഫിഷിംഗ്, പ്രകൃതി സംരക്ഷണം തുടങ്ങിയ രംഗങ്ങൾ സംയോജിപ്പിക്കണം. കൃഷി/അക്വാ ഫാർമിംഗ് ബിസിനസുകൾക്ക് special entrepreneur status നൽകണം.
  • എല്ലാ അപ്പാർട്ട്മെന്റുകൾക്കും അപ്പാർട്ട്മെന്റ് ഓണർഷിപ് ആക്ട് 1983, റേറ എന്നിവ നടപ്പാക്കണം.

നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസി സ്വന്തം സമ്പാദ്യം മുഴുവനും നിക്ഷേപിച്ചുകൊണ്ട് തുടങ്ങുന്ന സംരംഭം ചുവപ്പു നാടയിൽ കുടുങ്ങിപ്പോകാതെ നോക്കേണ്ട കടമ സർക്കാരിനുണ്ട്. പ്രവാസികളുടെ ഭാഗത്തുനിന്നും ഉയരുന്ന ഇത്തരം നിർദേശങ്ങൾ കേരളത്തെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കാൻ സഹായിക്കുമെന്നുറപ്പാണ്.

Similar News