ലോക സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് ഇന്ത്യയുടെ റേറ്റിംഗ് കുറച്ച് മൂഡിസും എസ് & പിയും!

Update: 2020-03-18 09:54 GMT

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് കടക്കുകയാണെന്ന് എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ് ഏജന്‍സി. ഇതോടെ 2020 ലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 5.2 ശതമാനമായി കുറച്ചിരിക്കുകയാണ് എസ് ആന്‍ഡ് പി.

2020 കലണ്ടര്‍ വര്‍ഷത്തില്‍ 5.7 ശതമാനം വളര്‍ച്ചാ നിരക്കായിരുന്നു എസ് ആന്‍ഡ് പി നേരത്തെ പ്രവചിച്ചിരുന്നത്.
ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡിസ് ഇന്‍വെസ്റ്റര്‍ സര്‍വീസും 2020ലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രതീക്ഷ 5.3 ശതമാനമായി കുറച്ചിട്ടുണ്ട്. 2020 ല്‍ ഇന്ത്യയ്ക്ക് ജിഡിപിയുടെ 5.4 ശതമാനം വളര്‍ച്ചയാണ് മൂഡീസ് ഫെബ്രുവരിയില്‍ പ്രതീക്ഷിച്ചിരുന്നത്.

ഏഷ്യ- പസഫിക്ക് സാമ്പത്തിക വളര്‍ച്ച പകുതിയോളം കുറഞ്ഞ് 3 ശതമാനത്തില്‍ താഴെയായിരിക്കുമെന്ന് എസ് & പി സൂചിപ്പിക്കുന്നു.

ചൈനയിലെ ആദ്യ പാദത്തിലെ വന്‍ ഇടിവ്, യുഎസിലെയും യൂറോപ്പിലെയും അടച്ചുപൂട്ടല്‍, പ്രാദേശികമായി വൈറസ് പടര്‍ന്നു പിടിക്കുന്നത് എന്നിവയൊക്കെ ഏഷ്യ-പസഫിക്കിലുടനീളം ആഴത്തിലുള്ള മാന്ദ്യത്തിലേക്കാണ് നയിക്കുന്നതെന്ന് എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗിലെ ഏഷ്യ-പസഫിക്  മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഷോണ്‍ റോച്ചെ പറയുന്നു.

സാമ്പത്തിക ഉത്തേജക പാക്കേജുകള്‍, പോളിസി നിരക്ക് കുറയ്ക്കല്‍, നിയമപരമായ ഒഴിവാക്കലുകള്‍ എന്നിങ്ങനെ നിരവധി  പ്രതിലോമ നടപടികള്‍ സര്‍ക്കാരുകളും കേന്ദ്ര ബാങ്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വയറസ് വ്യാപനത്തിന് തടയിടാനുള്ള നടപടികളിലൂടെ മാത്രമേ ഇത് കാര്യക്ഷമമാകൂ എന്നാണ് മൂഡീസ് ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയ്ക്ക് പുറമേ ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ റേറ്റിംഗും എസ് & പി കുറച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News