ഇന്ധനവില: സംസ്ഥാനങ്ങൾക്ക്  22,700 കോടി രൂപയുടെ നേട്ടമെന്ന് എസ്ബിഐ റിപ്പോർട്ട് 

Update: 2018-09-12 07:26 GMT

വർധിച്ച ഇന്ധനവില സംസ്ഥാനങ്ങൾക്ക് നടപ്പ് സാമ്പത്തിക വർഷം 22,700 കോടി രൂപയുടെ അപ്രതീക്ഷിത നേട്ടമുണ്ടാക്കുമെന്ന് എസ്ബിഐ റിസർച്ച് വിഭാഗത്തിന്റെ റിപ്പോർട്ട്.

ബജറ്റിൽ പറഞ്ഞിരിക്കുന്നതിനേക്കാളും വരുമാന വളർച്ച ഇത്തരത്തിൽ ഉണ്ടാകുമെന്നതിനാൽ ചില സംസ്ഥാനങ്ങൾക്ക് പെട്രോൾ വില ലിറ്ററിന് 3.20 രൂപയും ഡീസലിന് 2.30 രൂപയും വീതം കുറക്കാം. ഇത് അവരുടെ വരുമാനത്തെ കാര്യമായി ബാധിക്കുകയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്ധന വില സർവ്വകാല റെക്കോർഡിൽ എത്തിയതിനെ തുടർന്ന് മോദി സർക്കാർ കടുത്ത ജനരോഷം നേരിട്ടുകൊണ്ടിരിക്കുന്ന സമയത്താണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയം.

ഇന്ധനത്തിന് നിലവിൽ ഇരട്ട നികുതി സംവിധാനമാണ് ഉള്ളത്. കേന്ദ്രത്തിന്റെ എക്സൈസ് തീരുവ പെട്രോളിന് 19.48 രൂപയും ഡീസലിന് 15.33 രൂപയുമാണ്.

ഇതിനു പുറമെ സംസ്ഥാനങ്ങൾ സേവന നികുതി അല്ലെങ്കിൽ വാറ്റ്, സെസ് എന്നിവ ഈടാക്കുന്നുണ്ട്. ഇവ ഇന്ധന വിലയുടെ ഒരു നിർദിഷ്ട ശതമാനമായിരിക്കും (ad valorem). ആറ് ശതമാനം മുതൽ 39.12 ശതമാനം വരെ ഇത് ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായിരിക്കും. ഈടാക്കുന്നത് വിലയുടെ നിർദിഷ്ട ശതമാനമായിരിക്കും എന്നതിനാൽ സംസ്ഥാനങ്ങൾക്ക് അപ്രതീക്ഷിത നേട്ടം കൊണ്ടുവരാൻ വിലക്കയറ്റത്തിന് കഴിയുമെന്നാണ് റിപ്പോർട്ട് പറയുന്നത്.

സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ ഒരു അനുകൂല സ്വാധീനം ഉണ്ടാക്കാൻ ഇതിന് സാധിക്കും. ധനക്കമ്മി 15-20 ബേസിസ് പോയ്ന്റ് വരെ കുറക്കാൻ ഇതുകൊണ്ട് സാധിക്കുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.

Similar News