ഒരു സൂപ്പർഹിറ്റ് തമിഴ് സിനിമയുടെ തിരക്കഥ പോലെയാണ് അന്തരിച്ച ശരവണഭവൻ ഉടമ പി.രാജഗോപാലിന്റെ ജീവിത കഥയും. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ഒരു സാധാരണ ഉള്ളിക്കർഷകന്റെ മകനായിട്ട് ജനിച്ച രാജഗോപാൽ, പിന്നീട് രാജ്യത്തെ ഏറ്റവും വലിയ ഹോട്ടൽ ചെയ്‌നുകളിൽ ഒന്നിന്റെ സ്ഥാപകനായി മാറിയ ആവേശകരമായ കഥയുടെ അവസാനം, പക്ഷെ അത്ര ശുഭകരമായിരുന്നില്ലെന്നത് നമുക്കെല്ലാവർക്കും അറിയാം.
'ദോശ രാജാവി'ലേക്കുള്ള യാത്ര
1973 ലാണ് രാജഗോപാൽ ചെന്നൈയിലേക്ക് താമസം മാറിയത്. അവിടെ ഒരു പലചരക്കു കടയായിട്ടായിരുന്നു തുടക്കം. 1981-ൽ ചെന്നൈ കെ.കെ നഗറിൽ ഒരു ചെറിയ ഹോട്ടൽ സ്ഥാപിച്ചു, 'ശരവണ ഭവൻ'. അധികം വൈകാതെ ശരവണ ഭവൻ കൂടുതൽ സ്ഥലങ്ങളിൽ തുറന്നു.
ജീവനക്കാർ സ്നേഹപൂർവ്വം രാജഗോപാലിനെ 'അണ്ണാച്ചി' എന്നാണ് വിളിച്ചിരുന്നത്. അതിനൊരു കാരണവുമുണ്ട്. തന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ, ഹൗസിംഗ് സ്റ്റൈപെൻഡ്, വിവാഹ ഫണ്ട് എന്നിവ അദ്ദേഹം അനുവദിച്ചിരുന്നു.
പുറത്തുപോയി ഭക്ഷണം കഴിക്കുന്നത് ഒരു ആഡംബരമായി കണ്ടിരുന്ന ജനവിഭാഗങ്ങളെ ആകർഷിക്കുന്നതിൽ രാജഗോപാൽ വിജയിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ ബിസിനസ് എതിരാളികൾ വരെ സമ്മതിച്ചിട്ടുണ്ട്.
തൊണ്ണൂറുകളിൽ തന്നെ ശരവണ ഭവൻ ചെന്നൈ മുഴുവൻ വ്യാപിച്ചിരുന്നു. രണ്ടുവർഷത്തിനു ശേഷം സിംഗപ്പൂരിലെ സന്ദർശനത്തിനിടെയാണ് അമേരിക്കൻ ബർഗർ ചെയ്നായ മക് ഡൊണാൾഡ്‌സ് രാജഗോപാലിന്റെ ശ്രദ്ധയാകർഷിച്ചത്.
അവരുടെ പ്രവർത്തന ശൈലി തന്റെ സംരംഭത്തിലേക്ക് പകർത്താൻ രാജഗോപാൽ തീരുമാനിച്ചതും അപ്പോഴായിരുന്നു. ആദ്യത്തെ അന്തരാഷ്ട്ര ബ്രാഞ്ച് 2000-ൽ ദുബായിയിൽ തുറന്നു. അതിനുശേഷം പാരീസ്, ഫ്രാങ്ക്ഫർട്ട്, ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലും.
ഇന്ത്യയിൽ 39 ശാഖകളും വിദേശത്ത് 43 ശാഖകളും ശരവണഭവനുണ്ട്. വിദേശ ഹോട്ടലുകളിലും ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. തിളക്കമാർന്ന ആ സംരംഭക ജീവിതത്തിന് അന്ത്യം കുറിച്ചത് മറ്റാരുമായിരുന്നില്ല, രാജഗോപാൽ തന്നെയായിരുന്നു.
കൊല, കീഴടങ്ങൽ, ആശുപ്രതിയിൽ അന്ത്യം
2001-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശരവണഭവനിലെ ജീവനക്കാരനായിരുന്ന പ്രിൻസ് ശാന്തകുമാറിന്റെ ഭാര്യ ജീവജ്യോതിയെ വിവാഹം കഴിക്കാനായി, രാജഗോപാൽ പ്രിൻസിനെ കൊന്ന് കുഴിച്ചു മൂടുകയായിരുന്നു.
കൊടൈക്കനാലിലെ പെരുമാൾമലൈയിലാണ് മൃതദേഹം കണ്ടെത്തിയത്.
ജ്യോത്സ്നറെ ഉപദേശപ്രകാരമാണ് മൂന്നാമതൊരു വിവാഹത്തിന് രാജഗോപാൽ ഒരുങ്ങിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
മൂന്നു വർഷത്തിനു ശേഷം സെഷൻസ് കോടതി രാജഗോപാലിന് 10 വർഷം കഠിനതടവ് വിധിച്ചു. തുടർന്ന് കേസ് മദ്രാസ് ഹൈക്കോടതിയിലെത്തി. 2009-ൽ ഹൈക്കോടതി ശിക്ഷ ജീവപര്യന്തം തടവാക്കി വർധിപ്പിച്ചു. ഇതോടെ ജയിലിലായ രാജഗോപാൽ ആരോഗ്യകാരണങ്ങൾ പറഞ്ഞ് ജാമ്യത്തിലിറങ്ങിയ ശേഷം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
മാർച്ചിൽ ജീവപര്യന്തം തടവുശിക്ഷ സുപ്രീംകോടതി ശരിവെച്ചു. കീഴടങ്ങാൻ കൂടുതൽ സമയം അനുവദിക്കണമെന്ന അപേക്ഷ സുപ്രീംകോടതി നിരസിച്ചതിനെത്തുടർന്ന് രാജഗോപാലും മറ്റൊരു പ്രതിയും കീഴടങ്ങുകയായിരുന്നു.