2018 ഫെബ്രുവരി 12-ന് ആർബിഐ പുറത്തിറക്കിയ ഒരു നിർണ്ണായക സർക്കുലർ കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. മുടങ്ങിയ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കമ്പനികള്‍ക്ക് 180 ദിവസം അനുവദിച്ചുള്ള റിസര്‍വ് ബാങ്ക് സർക്കുലറാണ് റദ്ദാക്കപ്പെട്ടത്.
2000 കോടി രൂപയ്ക്ക് മുകളില്‍ വായ്പ എടുത്തിട്ടുള്ള അക്കൗണ്ടുകള്‍ വായ്പ തിരിച്ചടയ്ക്കുന്നത് ഒരു ദിവസം പോലും വൈകിയാല്‍, അടവില്‍ വീഴ്ച വരുത്തിയവയുടെ പട്ടികയിലുള്‍പ്പെടുത്തി റെസൊല്യൂഷൻ പ്ലാൻ തയ്യാറാക്കാൻ ആരംഭിക്കണമെന്ന് സർക്കുലറിൽ നിർദേശമുണ്ട്.
180 ദിവസത്തിനുള്ളില്‍ ഇക്കാര്യങ്ങൾ തീർപ്പാക്കാൻ സാധിച്ചില്ലെങ്കിൽ പാപ്പരത്ത നിയമപ്രകാരം (IBC Act) നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെയോ പാപ്പരത്ത കോടതിയേയോ അറിയിക്കണമെന്നും ഇതിൽ പറയുന്നു. സർക്കുലറിനോടൊപ്പം അന്ന് നിലവിലുണ്ടായിരുന്ന റീസ്ട്രക്ച്ചറിംഗ് സ്കീമുകളെല്ലാം നിർത്തലാക്കിയിരുന്നു.
എന്നാല്‍, ആര്‍ബിഐ അനുവദിച്ച സമയം വളരെ കുറവാണെന്ന് കാട്ടി വിവിധ കമ്പനികള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹർജികളിൽന്മേലാണ് സുപ്രീംകോടതിയുടെ വിധി.
ഇതോടെ ഏതൊക്കെ അക്കൗണ്ടുകൾ ഇൻസോൾവൻസിക്ക് കീഴിൽ കൊണ്ടുവരണമെന്ന് തീരുമാനിക്കാൻ ബാങ്കുകൾക്ക് കൂടുതൽ സ്വാതന്ത്ര്യവും വിവേചനാധികാരവും ഉണ്ടാകും. നിലവിൽ റീസ്ട്രക്ച്ചറിംഗ് സ്കീമുകൾ ഒന്നും ഇല്ലാത്തതിനാൽ പുതിയ സ്കീമുകൾ ബാങ്കുകൾക്ക് രൂപീകരിക്കേണ്ടി വരും.
വായ്പാ തിരിച്ചടവിന് സാധിക്കാതെ ലയന നടപടികള്‍ നേരിടുന്ന 70 ഓളം കമ്പനികള്‍ക്ക് സുപ്രീംകോടതിയുടെ ഉത്തരവ് ആശ്വാസമാകും. ഇതിൽ 34 ഉം പവർ സെക്ടറിലെ കമ്പനികളാണ്.
വൻ തുകകൾ വായ്പയെടുത്ത 70 കമ്പനികളുടേതായുള്ള 3.8 ലക്ഷം കോടി രൂപയോളം വായ്പയെയാണ് സുപ്രീംകോടതി വിധി നേരിട്ട് ബാധിക്കുന്നതെന്ന് റേറ്റിംഗ് ഏജൻസി ഐസിആർഎ ചൂണ്ടിക്കാട്ടി. പവർ സെക്ടർ വായ്പകൾ ഇതിൽ 2 ലക്ഷം കോടി രൂപയോളം വരും. ഇതിൽ 92 ശതമാനം അക്കൗണ്ടുകളും എൻപിഎ ആയിട്ട് മാറിയിട്ടുണ്ട്.
രാജ്യത്തെ ബാങ്കുകളിലെ കിട്ടാക്കടത്തെയോ അതിനായി ബാങ്കുകൾ നീക്കിവെക്കുന്ന തുകയേയോ വിധി നേരിട്ട് ബാധിക്കുന്നില്ല എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. കാരണം, എൻപിഎ ആയി പ്രഖ്യാപിക്കേണ്ട അക്കൗണ്ടുകൾ ഏതൊക്കെയെന്നും ബാങ്കുകൾ പ്രൊവിഷൻ ചെയ്യേണ്ട തുകയെത്രയെന്നും പറയാനുള്ള അധികാരം ആർബിഐയ്ക്ക് ഇപ്പോഴുമുണ്ട്.
സുപ്രീംകോടതി വിധിയുടെ വെളിച്ചത്തിൽ പുതിയ സർക്കുലറോ വിജ്ഞാപനമോ ആർബിഐ പുറത്തിറക്കിയാലേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരൂ.