നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ ഒരു എളുപ്പമാര്‍ഗം!

മൂഡ് ശരിയാക്കുന്ന ഈ മാന്ത്രിക മരുന്ന് പരീക്ഷിച്ചുനോക്കൂ!

Update: 2021-01-24 04:36 GMT

ഏറെ മടുപ്പിക്കുന്ന ഒരു ദിവസത്തെ ജോലിക്കു ശേഷം നിങ്ങള്‍ തിരികെ വീട്ടിലെത്തുന്നു. അല്ലെങ്കില്‍ ആകെയൊരു മോശം മൂഡിലായിരിക്കാം നിങ്ങള്‍. പക്ഷേ ആ മാനസികാവസ്ഥയില്‍ നിന്ന് എങ്ങനെയെങ്കിലും പുറത്തുകടക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ട്. അതിന് ഒരു എളുപ്പമാര്‍ഗമുണ്ടെങ്കിലോ?

പ്ലേ ബട്ടണ്‍ അമര്‍ത്തി കേള്‍ക്കുകയല്ലാതെ മറ്റൊരു ശ്രമവും ആവശ്യമില്ലാത്ത ഒരു പരിഹാരം. അതെ, ഞാന്‍ സംസാരിക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥ മാറ്റിമറിക്കുന്ന, യാതൊരു ദോഷവും വരുത്താത്ത മാന്ത്രിക മരുന്നിനെ കുറിച്ചാണ് - സംഗീതം.

സംഗീതം പെട്ടെന്ന് തന്നെ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തിയ ഒരു സന്ദര്‍ഭമെങ്കിലും നിങ്ങള്‍ക്ക് ഓര്‍മിക്കാനുണ്ടാകും. എന്നിട്ടും ചില കാരണങ്ങളാല്‍ നമുക്ക് സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോഴോ അല്ലെങ്കില്‍ ഉന്മേഷക്കുറവ് തോന്നുമ്പോഴോ സംഗീതത്തിലേക്ക് തിരിയുന്നതിനെ കുറിച്ച് നമ്മള്‍ ആലോചിക്കുന്നില്ല.

ഈ ലോകത്ത് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ ഒന്നാണ് സംഗീതം. അതെന്നില്‍ പലവിധത്തിലുള്ള വികാരങ്ങള്‍ ഉണ്ടാക്കാറുണ്ട്, ചിലപ്പോള്‍ കരയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും, 60 കളിലെയും 70 കളിലെയും 80 കളിലെയും പാശ്ചാത്യ സംഗീതം.

എന്നെ പോലെ സംഗീതത്തെ സ്‌നേഹിക്കുന്ന ധാരാളം പേര്‍ ഉണ്ടെന്നറിയാം. സംഗീതം ഇഷ്ടപ്പെടാത്ത ഒരാളെ ഞാനിതുവരെ കണ്ടിട്ടില്ല. നമ്മളെല്ലാം പ്രത്യേക അര്‍ത്ഥതലങ്ങള്‍ കണ്ടെത്തുന്ന, ഒരുപാട് ഓര്‍മകള്‍ സമ്മാനിക്കുന്ന പാട്ടുകളുണ്ട്.

വര്‍ഷങ്ങള്‍ക്കോ ദശകങ്ങള്‍ക്കോ മുമ്പ് ഉണ്ടായിരുന്ന വികാരങ്ങള്‍ പോലും പുനരുജ്ജീവിപ്പിക്കുവാനുള്ള മാന്ത്രിക കഴിവ് സംഗീതത്തിനുണ്ട്. അത് നമ്മുടെ മനസ്സിലിരുന്ന് കളിക്കുന്ന നെഗറ്റീവ് ചിന്തകളില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

നിങ്ങളറിയാതെ നിങ്ങളെ സ്പര്‍ശിക്കാനും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും അതിന് കഴിയും.

പഠനങ്ങള്‍ പറയുന്നത്, മാനസിക പിരിമുറുക്കം ഉണ്ടാക്കുന്ന ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാന്‍ സംഗീതത്തിന് 15 മിനുട്ട് നേരം മതിയെന്നാണ്. എന്നിരുന്നാലും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട, മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന സംഗീതം തന്നെ കേള്‍ക്കുന്നുവെന്ന് ഉറപ്പാക്കുക.

മുഷിപ്പുളവാക്കുന്ന ജോലികള്‍ ആസ്വാദ്യകരമാക്കാന്‍ സംഗീതത്തിനാവും. വ്യായാമം ചെയ്യുമ്പോള്‍ സംഗീതം ശ്രവിക്കുന്നത് കൂടുതല്‍ ഊര്‍ജ്ജം നല്‍കും. റിലാക്‌സിംഗ് മ്യൂസിക് കേള്‍ക്കുന്നത് നമ്മുടെ ഹൃദയമിടിപ്പ് പോലും പതുക്കെയാക്കും.

നിങ്ങള്‍ക്ക് സംഗീതം കേള്‍ക്കുന്ന ശീലമില്ലെങ്കില്‍, അത് നിങ്ങളുടെ ദിനചര്യയുടെ ഒരു ഭാഗമാക്കാന്‍ സമയം കണ്ടെത്തുക.

രാവിലെ കുറച്ച് സംഗീതം കേള്‍ക്കുന്നതു പോലും പ്രഭാതത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കുകയും ദിവസത്തിന്റെ ബാക്കി സമയത്തെ മനോനില മെച്ചപ്പെടുത്തുകയും ചെയ്യും.

എന്നിരുന്നാലും സംഗീതം കേള്‍ക്കുന്നത് മാത്രം പോരെന്ന് തോന്നുകയാണെങ്കില്‍ ഒരു പടി കൂടി കടന്ന് പാടാന്‍ കൂടി തുടങ്ങുക. അത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുമെന്ന് ഉറപ്പാണ്.

ചിരിക്കുമ്പോള്‍ കരയാനാകാത്തതു പോലെ പാടുമ്പോള്‍ വളരെ ഉദാസീനമായിരിക്കാന്‍ നിങ്ങള്‍ക്കാവില്ല.

നിങ്ങള്‍ തന്നെ സ്വയം പരീക്ഷിച്ചു നോക്കുക. അടുത്ത തവണ നിങ്ങള്‍ മോശം മാനസികാവസ്ഥയിലായിരിക്കുമ്പോള്‍ പ്ലേ ബട്ടണ്‍ അമര്‍ത്തുക, സംഗീതത്തില്‍ സ്വയം അലിയുക.

To read more articles from the author visit : https://www.thesouljam.com/best-articles


Similar News