ദീര്‍ഘകാല വിഷന്‍ മാത്രം പോര, പിന്നെയോ?
വലിയൊരു ലക്ഷ്യം നേടിയെടുക്കാന്‍ ആവേശത്തോടെ മുന്നോട്ട് പോകുന്ന പല ബിസിനസുകാരും നേരിടുന്ന ഒരു പ്രധാന പ്രശ്നത്തിനുള്ള പരിഹാരം ഇതാ
എന്റെ ഒരു ദീര്‍ഘകാല സുഹൃത്ത് ഒരുപാട് നാളായി വലിയൊരു സ്വപ്നത്തിന്റെ പിറകെയാണ്. ലോകോത്തരമായ ഒരു വിദ്യാഭ്യാസ സ്ഥാപനം കെട്ടിപ്പടുക്കണം എന്നതാണ് അദ്ദേഹത്തിന്റെ സ്വപ്നം. അത് സാധ്യമാക്കാനുള്ള ഇച്ഛാശക്തിയും അദ്ദേഹത്തിനുണ്ട്. പക്ഷേ, അടുത്തിടെ ഞങ്ങള്‍ നേരില്‍ കണ്ടപ്പോള്‍ അദ്ദേഹം ആകെ അസ്വസ്ഥനായിരുന്നു.
വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചില അനുമതികള്‍ പ്രതീക്ഷിച്ചതുപോലെ ലഭിക്കാത്തത് അദ്ദേഹം കാരണമായി പറഞ്ഞെങ്കിലും പ്രധാന പ്രശ്നം അതായിരുന്നില്ല. ''അജയ്, വലിയൊരു ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ഞാന്‍. അത് തീര്‍ച്ചയായും നേടുകയും ചെയ്യും. പക്ഷേ ടീമംഗങ്ങളില്‍ പലരും, അതും മിടുക്കര്‍ വിട്ടുപോകുന്നു.''
ദീര്‍ഘവീക്ഷണമുള്ള ഒരു ബിസിനസ് സാരഥിയുടെ ലക്ഷ്യങ്ങള്‍ അദ്ദേഹത്തിന്റെ ടീമംഗങ്ങളെ പ്രചോദിപ്പിക്കുന്നില്ല. അനുമതികള്‍ ലഭിക്കുന്നതിലെ കാലതാമസം അടക്കമുള്ളവ അവരുടെ മനസ് മടുപ്പിക്കുന്നു.
വലിയ സ്വപ്നങ്ങളിലേക്ക് കൂടെ കൂട്ടാം ടീമിനെയും
നിങ്ങളില്‍ പലര്‍ക്കും കാണില്ലേ ഇതുപോലുള്ള അനുഭവങ്ങള്‍. ദീര്‍ഘകാല വിഷന്‍ തീര്‍ച്ചയായും സുപ്രധാന കാര്യം തന്നെയാണ്. അതിനോടൊപ്പം പ്രധാനപ്പെട്ട മറ്റൊരു സംഗതി കൂടിയുണ്ട് - ഹ്രസ്വകാല നേട്ടങ്ങള്‍. ഒരു ബിസിനസ് സാരഥിയുടെ ഉള്ളില്‍ വിശാലമായ കാഴ്ചപ്പാട് കാണും. പക്ഷേ അദ്ദേഹത്തെ വിശ്വസിച്ച് കൂടെ നില്‍ക്കുന്നവര്‍ ദീര്‍ഘകാലം ആ യാത്രയില്‍ ഒരുമിച്ച് നടക്കണമെങ്കില്‍ ചെറിയ നേട്ടങ്ങള്‍ കൃത്യമായ ഇടവേളകളില്‍ സംഭവിച്ചിരിക്കണം. എന്നോ സംഭവിക്കാവുന്ന ഒരു കാര്യങ്ങള്‍ അവരെ പ്രചോദിപ്പിച്ചെന്നിരിക്കില്ല. അതാണ് എന്റെ സുഹൃത്തിന്റെ കാര്യത്തിലും സംഭവിച്ചത്.
അപ്പോള്‍ ഇത്തരം സാഹചര്യത്തില്‍ ടീമിനെ എങ്ങനെ കൂടെ നിര്‍ത്താം? എന്റെ സുഹൃത്തിന്റെ പ്രോജക്റ്റ് തന്നെ ഉദാഹരണമായെടുക്കാം. അവരുടെ ലക്ഷ്യം വളരെ മികച്ച വിദ്യാഭ്യാസ സ്ഥാപനം കെട്ടിപ്പടുക്കുക എന്നതാണ്. ആ ലക്ഷ്യത്തില്‍ നിന്ന് മാറുകയും ചെയ്യരുത്. പക്ഷേ അനുമതികളെല്ലാം ലഭിക്കുന്നതുവരെ അധ്യാപനം ഒഴികെയുള്ള മേഖലകളില്‍ അദ്ദേഹത്തിനും ടീമിനും സജീവമായി ഇടപെടാം.
എന്റെ ആ സുഹൃത്തിനും ടീമിനും മികച്ച വിദ്യാഭ്യാസ സ്ഥാപനം കെട്ടിപ്പടുക്കുന്നതുമായി ബന്ധപ്പെട്ട് ആഴത്തില്‍ അറിവുണ്ട്. ആ മേഖലയില്‍ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കാം. അല്ലെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് മറ്റേതെങ്കിലും മേഖലയില്‍ പ്രവര്‍ത്തിക്കാം. അപ്പോള്‍ ടീമിന് മുന്നില്‍ മറ്റൊരു ഹ്രസ്വകാല ലക്ഷ്യം വരും.അതിലെ നേട്ടങ്ങള്‍ സമുചിതമായ വിധത്തില്‍ ആഘോഷിക്കുകയും ചെയ്യണം. അപ്പോള്‍ ടീം ബിസിനസ് സാരഥിയിലും അയാളുടെ ലക്ഷ്യത്തിലും വിശ്വസിക്കുകയും എല്ലാ അര്‍ത്ഥത്തിലും ഇഴുകിച്ചേരുകയും ചെയ്യും. നിങ്ങളും ഇതൊന്നു പരീക്ഷിച്ചു നോക്കുന്നോ?