ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്താല്‍ ട്രേഡ്മാര്‍ക് പരിരക്ഷ ലഭിക്കുമോ?

യാഹുവും ആകാശ് അറോറയും തമ്മിലുള്ള സുപ്രധാന കേസ് നല്‍കുും ഇതിനുള്ള ഉത്തരം

Update:2024-11-10 11:00 IST

ഇന്ന് ഒരു ബിസിനസിന്റെ പ്രധാന ആസ്തികളിലൊന്ന് അതിന്റെ ഡൊമൈന്‍ നാമമാണ്. പ്രത്യേകിച്ചും (.com ), (.in ) തുടങ്ങിയവയില്‍ അവസാനിക്കുന്നവ. ചിലരെങ്കിലും ഇന്ത്യയില്‍ ട്രേഡ്മാര്‍ക് രജിസ്റ്റര്‍ ചെയ്യാത്ത എന്നാല്‍ ഇന്ത്യയില്‍ പ്രശസ്തമായ ഗ്ലോബല്‍ ബ്രാന്‍ഡുകളുടെ പേരില്‍ ലഭ്യമായ ഡൊമൈന്‍ എടുത്ത് ബിസിനസ് ചെയ്യുന്നതായി കണ്ടിട്ടുണ്ട്. ഒരിക്കല്‍ ഡൊമൈന്‍ എടുത്താല്‍ അത് തടയാന്‍ ആര്‍ക്കും കഴിയില്ല എന്ന വിശ്വാസത്തിലാണ് അവര്‍ ബിസിനസുമായി മുന്നോട്ട് പോകുന്നത്. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഗ്ലോബല്‍ ബ്രാന്‍ഡുകളുടെ പേരില്‍ ഇന്ത്യയില്‍ ഡൊമൈന്‍ മാത്രമെടുത്ത് ബിസിനസ് ചെയ്യാന്‍ കഴിയുമോ എന്നതാണ് ചോദ്യം. Yahoo Inc. vs ആകാശ് അറോറ എന്ന സുപ്രധാന കേസ് മനസിലാക്കിയില്‍ ഈ ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം ലഭിക്കും.

1995 ലാണ് yahoo .com പ്രവര്‍ത്തനമാരംഭിക്കുന്നത്. അന്ന് ഇന്ത്യയിലൊഴികെ 65 രാജ്യങ്ങളില്‍ അവര്‍ക്ക് ട്രേഡ്മാര്‍ക്ക് പരിരക്ഷ ഉണ്ടായിരുന്നു. അന്ന് ആകാശ് അറോറ, Yahoo INC-യുടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതിന് സമാനമായ ഉദ്ദേശ്യത്തോടെ 'Yahoo India' എന്ന ഡൊമെയ്ന്‍ നാമത്തില്‍ ഒരു കമ്പനി ഇന്ത്യയില്‍ ആരംഭിച്ചു. ടുതര്‍ന്ന്, 'yahooindia.com' അല്ലെങ്കില്‍ അതിന്റെ സാദൃശ്യമുള്ള മറ്റേതെങ്കിലും പേരില്‍ ഡൊമെയ്ന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് തടയാന്‍ Yahoo INC ഒരു ഇടക്കാല വിലക്കിന് അപേക്ഷിച്ചു.

നിയമപരമായ പ്രശ്‌നങ്ങളും വിശകലനവും

ഈ കേസില്‍ ഉയര്‍ന്നുവന്ന പ്രാഥമിക നിയമപ്രശ്‌നങ്ങള്‍ ഇവയായിരുന്നു:
1. ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സിന്റെ (intellectual property rights) കീഴില്‍ ഒരു ഡൊമെയ്ന്‍ നാമം സംരക്ഷിക്കപ്പെടുമോ?
2. ട്രേഡ്മാര്‍ക്കിലാതെ സമാനമായ ഡൊമെയ്ന്‍ നാമം രജിസ്റ്റര്‍ ചെയ്യുന്നത് പാസിംഗ് ഓഫ് അഥവാ ട്രേഡ്മാര്‍ക്ക് ലംഘനത്തിന് തുല്യമാണോ?
ആകാശ് അറോറയുടെ 'yahooindia.com' ഉപയോഗം ട്രേഡ്മാര്‍ക് ലംഘനവും 1958-ലെ ട്രേഡ് ആന്റ് മെര്‍ച്ചന്‍ഡൈസ് മാര്‍ക്ക് ആക്ട് പ്രകാരം passing - off ഉം ആണോ എന്ന് ഡല്‍ഹി ഹൈക്കോടതിക്ക് നിര്‍ണയിക്കേണ്ടി വന്നു, പ്രത്യേകിച്ച് Yahoo Inc.ന്റെ പ്രശസ്തിയുടെ വെളിച്ചത്തില്‍.
ആകാശ് അറോറ ട്രേഡ്മാര്‍ക്ക് ലംഘനം നടത്തിയെന്ന് ബോധ്യപ്പെട്ട ഡല്‍ഹി ഹൈക്കോടതി യാഹൂ ഇന്‍കോര്‍പ്പറേറ്റിന് അനുകൂലമായി വിധി പ്രസ്താവിച്ചു. 'yahooindia.com' എന്ന ഡൊമെയ്ന്‍ നാമം ഉപയോഗിക്കുന്നതില്‍ നിന്ന് കോടതി ആകാശ് അറോറയെ വിലക്കി, ഇത് Yahoo Inc. ന്റെ വ്യാപാരമുദ്രയായ 'Yahoo' യോട് സാമ്യമുള്ളതാണ്.
ഇനിപ്പറയുന്ന പ്രധാന പോയിന്റുകളെ അടിസ്ഥാനമാക്കിയാണ് തീരുമാനം:
1. ഡൊമെയ്ന്‍ നാമങ്ങള്‍ ട്രേഡ്മാര്‍ക്കായി പരിഗണിക്കാം: ഡൊമെയ്ന്‍ നാമങ്ങള്‍ ആളുകള്‍ക്കിടയില്‍ സുപരിചിതമാവുകയും ഒരു പ്രത്യേക ബിസിനസ് അല്ലെങ്കില്‍ സേവനവുമായി മാത്രം ബന്ധപ്പെട്ടിരിക്കുകയും ചെയ്താല്‍ അവ ട്രേഡ്മാര്‍ക്കായി പ്രവര്‍ത്തിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. Yahoo-ന്റെ ഡൊമെയ്ന്‍, 'yahoo.com,' ഗണ്യമായ പ്രശസ്തി നേടുകയും മാര്‍ക്കറ്റില്‍ വേറിട്ടുനില്‍ക്കുകയും ചെയ്യുന്നതാണ്, സമാന സേവനങ്ങള്‍ക്ക് സമാനമായ ഡൊമെയ്ന്‍ നാമം ഉപയോഗിക്കുന്നത് ഉപഭോക്താക്കളെ കബളിപ്പിച്ചേക്കാം.
2.  പാസിംഗ് ഓഫ്, ഗുഡ്വില്‍: പാസിംഗ് ഓഫ് ഗുഡ്വില്‍ എന്ന ആശയം ഈ കേസിന്റെ കേന്ദ്രമായിരുന്നു. ഒരു കമ്പനിയുടെ സല്‌പേരും പ്രശസ്തിയും പലപ്പോഴും അതിന്റെ പേരിലും ലോഗോവിലും പ്രതിഫലിക്കുന്നുവെന്ന് കോടതി ഊന്നിപ്പറഞ്ഞു. ആകാശ് അറോറ സമാനമായ ഒരു ഡൊമെയ്ന്‍ ഉപയോഗിക്കുന്നത് 'Yahoo India' Yahoo Inc-യുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നതോ അല്ലെങ്കില്‍ അതിന്റെ അനുബന്ധ സ്ഥാപനമാണെന്നോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുണ്ട്.
3. രജിസ്‌ട്രേഷന്‍ ഇല്ലെങ്കിലും പരിരക്ഷ: Yahoo Inc.-ന്റെ വ്യാപാരമുദ്ര ആ സമയത്ത് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും, ആളുകള്‍ക്ക് സുപരിചിതമായ പേരാണ് ഇതെന്ന നിഗമനത്തില്‍ കോടതിയെത്തി. 'yahoo.com', 'yahooindia.com' എന്നീ ഡൊമെയ്ന്‍ നാമങ്ങള്‍ തമ്മിലുള്ള സാമ്യം ഉപഭോക്തൃ ആശയക്കുഴപ്പത്തിന് ഉയര്‍ന്ന സാധ്യതയുണ്ടെന്നു കോടതി അഭിപ്രായപ്പെട്ടു. ആയതിനാല്‍ Yahoo Inc ഇന്ത്യയില്‍ ട്രേഡ്മാര്‍ക്കിന് അപേക്ഷിച്ചിട്ടില്ലെങ്കില്‍പോലും നിയമപരിരക്ഷയുണ്ടെന്ന് കോടതി വിധിച്ചു.
'സൈബര്‍ സ്‌ക്വാറ്റിംഗ്' സംബന്ധിച്ച ഒരു സുപ്രധാന ഇന്ത്യന്‍ കേസാണ് 'Yahoo INC vs ആകാശ് അറോറ'. ഒരു ഡൊമെയ്ന്‍ നാമത്തിന് ട്രേഡ്മാര്‍ക്കിന്റെ അതേ തലത്തിലുള്ള പരിരക്ഷയുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി ആദ്യമായി പ്രഖ്യാപിക്കുന്നത് ഈ കേസിലായിരുന്നു.
മറ്റാരുടെയെങ്കിലും ട്രേഡ്മാര്‍ക്, ബ്രാന്‍ഡ് അല്ലെങ്കില്‍ ബിസിനസ്‌ നാമം എന്നിവയില്‍ നിന്ന് ലാഭം നേടുക എന്ന ഉദ്ദേശ്യത്തോടെ ഒരു ഡൊമെയ്ന്‍ നാമം രജിസ്റ്റര്‍ ചെയ്യുകയോ വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനത്തെയാണ് സൈബര്‍ സ്‌ക്വാറ്റിംഗ് എന്നുപറയുന്നത്.
മനസിലാക്കുക, ട്രേഡ്മാര്‍ക് രജിസ്റ്റര്‍ ചെയ്യുന്നത് നിങ്ങളുടെ ബ്രാന്‍ഡിന് അധിക പരിരക്ഷ തരും, എന്നാല്‍ എല്ലാത്തിനുമുപരി നിങ്ങളുടെ ബ്രാന്‍ഡിന്റെ പേരും ലോഗോയും തീര്‍ത്തും വ്യത്യസ്തമാണെന്ന് ഉറപ്പുവരുത്തുക.
Tags:    

Similar News