സിന്തറ്റിക് ബീഫ് വ്യാപകമാക്കണമെന്ന് ബില്‍ ഗേറ്റ്സ്

രുചി വ്യത്യാസം കാലക്രമേണ ശീലമാകുമെന്നും സിന്തറ്റിക് ബീഫ് വ്യാപകമാക്കാന്‍ സര്‍ക്കാരുകളുടെ സഹായം കൂടി ഉപയോഗിക്കാനാകുമെന്നും ബില്‍ഗേറ്റ്സ്

Update:2021-02-21 12:10 IST

ലോകത്തിലെ ഹരിത വാതകത്തിന്റെ തോത് കുറക്കുന്നതിന്റെ ഭാഗമായി സമ്പന്ന രാജ്യങ്ങളിലെ ജനങ്ങളെല്ലാം ലാബില്‍ വികസിപ്പിച്ച സിന്തറ്റിക് ബീഫ് കഴിക്കണമെന്ന് മൈക്രോ സോഫ്റ്റിന്റെ സ്ഥാപകനും ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തികളിലൊരാളുമായ ബില്‍ ഗേറ്റ്സ്.

മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റിവ്യൂ ജേര്‍ണല്‍ നടത്തിയ അഭിമുഖത്തിലാണ് ബില്‍ ഗേറ്റ്‌സ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന വിപത്തുകളെ എങ്ങനെ തടയാം എന്ന വിഷയത്തില്‍ ഗേറ്റ്സ് എഴുതിയ പുസ്തകം (ഹൌ ടു അവോയിഡ് എ ക്ലൈമറ്റ് ഡിസാസ്റ്റര്‍) ഇതിനകം ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഈ പുസ്തകത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അഭിമുഖം.
എല്ലാ സമ്പന്ന രാജ്യങ്ങളും നൂറ് ശതമാനം സിന്തറ്റിക് ബീഫിലേക്ക് മാറണമെന്നും രുചി വ്യത്യാസം കാലക്രമേണ ശീലമായിക്കോളുമെന്നും അദ്ദേഹം പറയുന്നു. രുചിയൊക്കെ കമ്പനികള്‍ ക്രമേണ കൂടുതല്‍ മികച്ചതാക്കാന്‍ ശ്രമിക്കുമെന്നാണ് ഗേറ്റ്‌സ് കരുതുന്നത്.
മെല്ലെ മെല്ലെ, നിങ്ങള്‍ക്ക് ആളുകളുടെ സ്വഭാവം മാറ്റാനോ അല്ലെങ്കില്‍ സിന്തറ്റിക് ബീഫിനുള്ള ഡിമാന്‍ഡ് ഉയര്‍ത്താനോ ജനങ്ങളുടെ അഭിരുചി പൂര്‍ണ്ണമായും മാറ്റുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഉപയോഗിക്കാനോ കഴിയും എന്നാണ് ഗേറ്റ്‌സ് പറയുന്നത്. എന്നാല്‍ മധ്യവരുമാനമുള്ളതും അതിനു മുകളിലുള്ളതുമായ രാജ്യങ്ങളില്‍ ഇപ്പോള്‍
ഇത് സാധ്യമാണെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷേ, അത്തരത്തിലൊന്നാണ് ഈ രാജ്യങ്ങളിലും പറ്റുമോ എന്ന കാര്യം നിരീക്ഷിച്ചു കൊണ്ടേയിരിക്കണം.
ആഫ്രിക്കയ്ക്കും മറ്റ് ദരിദ്ര രാജ്യങ്ങള്‍ക്കും മൃഗങ്ങളെ തന്നെ ആശ്രയിക്കേണ്ടി വരും. ഹരിതവാതകം പുറന്തള്ളുന്ന കാര്യത്തിലുള്ള വ്യത്യാസവും ഇതിന് കാരണമായി ഗേറ്റ്‌സ് ചൂണ്ടിക്കാട്ടുന്നു. യു എസ് കന്നുകാലികള്‍ വളരെ ഉല്‍പാദനക്ഷമതയുള്ളതിനാല്‍, അവിടത്തെ ഒരു പൗണ്ട് ബീഫ് പ്രോസസ്സ് ചെയ്യുമ്പോള്‍ പുറന്തള്ളുന്ന വാതകം ആഫ്രിക്കയിലെ ഒരു പൗണ്ട് ബീഫ് പ്രോസസ്സ് ചെയ്യുമ്പോള്‍ പുറംതള്ളുന്നതിനേക്കാള്‍ വളരെ കുറവാണ്. അതിനാല്‍, 80 ദരിദ്ര രാജ്യങ്ങള്‍ സിന്തറ്റിക് മാംസം കഴിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് ഗേറ്റ്‌സ് അഭിപ്രായപ്പെട്ടു.
വിവിധ മേഖലയിലെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന കാര്യം വിശാലമായി തന്നെ ഗേറ്റ്‌സ് തന്റെ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സ്റ്റീല്‍, സിമന്റ് തുടങ്ങിയ മേഖലകള്‍ എത്ര മാത്രം പരിസ്ഥിതി സൗഹൃദമാക്കാം എന്ന് അദ്ദേഹം സംസാരിക്കുന്നു. എന്നാല്‍ പൂര്‍ണ്ണമായി അഭിസംബോധന ചെയ്യുന്ന കാര്യത്തില്‍ തനിക്ക് ഇപ്പോഴും ഏറ്റവും ബുദ്ധിമുട്ടുള്ളകാര്യം
ഭക്ഷണമാണ്. അതിന്റെ വൈപുല്യം തന്നെ കാരണം. തന്റെ കമ്പനിയായ ബ്രേക്ക്ത്രൂ എനര്‍ജി വെഞ്ചേഴ്സ് ഇക്കാര്യത്തില്‍ ചില ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കൃഷിക്ക് ആവശ്യമുള്ള വളത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. പയര്‍വര്‍ഗ്ഗങ്ങളുടെ
ഉള്‍പ്പെടെയുള്ള വിത്തുകളുടെ കാര്യത്തില്‍ മുന്നേറ്റമുണ്ടായിട്ടുണ്ട്. അതായത്, ജൈവശാസ്ത്രപരമായി ഈ പുതിയ വിത്തുകള്‍ മണ്ണിലെ നൈട്രജനെ സസ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന സംയുക്തങ്ങളാക്കി മാറ്റാന്‍ കഴിയുന്നവയാണ്. എന്നാല്‍, ഫോട്ടോസിന്തസിസ് മെച്ചപ്പെടുത്തുന്നതിനും നൈട്രജന്‍ ഫിക്‌സേഷന്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള കഴിവ് ഇനിയും വളരേണ്ട മേഖലയാണ്.
ബീഫിന്റെ കാര്യത്തില്‍ സസ്യാധിഷ്ഠിത സിന്തറ്റിക് ബര്‍ഗറുകള്‍ പോലുള്ള പ്രോട്ടീന്‍ ഇതര മാര്‍ഗങ്ങള്‍ ആവശ്യമാണെന്ന് ബില്‍ ഗേറ്റ്‌സ് പറയുന്നു. മെംഫിസ് മീറ്റ്‌സ് പോലുള്ള കമ്പനികള്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും അത് ഒരിക്കലും സാമ്പത്തികമായി വിജയമായിരിക്കുമെന്ന് ഉറപ്പില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ ഇംപോസിബിള്‍ ഫുഡ്സ്, ബിയോണ്ട് മീറ്റ്സ് എന്നിവയ്ക്ക് വിശാലമായ പദ്ധതികളുണ്ട്. അത് ഈ രംഗം തികച്ചും മത്സരാധിഷ്ഠിതമാക്കുന്നു. പക്ഷെ, ഇന്നത്തെനിലയില്‍, അവര്‍ ലോകത്തിലെ ഒരു ശതമാനം മാംസത്തെ പോലും പ്രതിനിധീകരിക്കുന്നില്ല. പക്ഷേ, അവര്‍ ശ്രമം തുടരുകയാണ്. ചേരുവകള്‍ വളരെ കാര്യക്ഷമമായി നിര്‍മ്മിക്കുന്നതിന് ബ്രേക്ക്ത്രൂ എനര്‍ജിക്ക് ഈ മേഖലയില്‍ നാല് വ്യത്യസ്ത നിക്ഷേപങ്ങളുണ്ട്.


Similar News