പ്രേരണ- അവസാന ഭാഗം

ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ച് കൊണ്ടിരിക്കുന്ന വായനക്കാരെ ത്രസിപ്പിക്കുന്ന അനുഭവങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ബിസിനസ് നോവല്‍ 'പ്രേരണ'ധനം ഓണ്‍ലൈനില്‍ വായിക്കാം.

Update:2021-11-27 09:00 IST

ചില സൂചനകള്‍ അടങ്ങുന്ന ഒരു കത്തിനെ പിന്തുടര്‍ന്ന് ലണ്ടനില്‍ നിന്നും മുംൈബയില്‍ എത്തുന്ന ജീവന്‍ ജോര്‍ജ്. മുംബൈയിലെ തിരക്കേറിയ ട്രെയിന്‍ യാത്രയില്‍ കത്ത് നഷ്ടമാകുന്നെങ്കിലും ഓര്‍മ്മിച്ചെടുക്കുന്ന മേല്‍വിലാസത്തില്‍ കൃത്യമായി ലേഡീസ് ഹോസ്റ്റലില്‍ എത്തിച്ചേര്‍ന്ന ജീവന് കത്തെഴുതിയ നിമ്മിയെ കാണാനാവുന്നില്ല.

തിരികെ ഹോട്ടലില്‍ എത്തുന്ന ജീവന് ഒരു പെന്‍ഡ്രൈവ് റിസെപ്ഷനിസ്റ്റില്‍ നിന്ന് ലഭിക്കുന്നെങ്കിലും അത് നല്‍കിയ ആളെ കാണാനാവാതെ പിറ്റേന്ന് ലണ്ടനിലേക്ക് മടങ്ങേണ്ടി വരുന്നു. തിരികെ ഫ്ളാറ്റിലെത്തി പെന്‍ഡ്രൈവിലെ ഫയല്‍ തുറക്കുന്ന ജീവന്‍ തന്നെക്കുറിച്ചെന്നോണം രചിക്കപ്പെട്ട ഒരു പുസ്തകത്തിന്റെ ആദ്യ താളുകള്‍ കാണുന്നു. മുംബൈയില്‍ തന്റെ പേഴ്സണല്‍ അസിസ്റ്റന്റായി എത്തി പുസ്തക രചന എന്ന അധിക ദൗത്യം കൂടി ഏറ്റെടുത്തു, ഒടുവില്‍ അത് പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അപ്രത്യക്ഷയായ പ്രേരണ എന്ന പെണ്‍കുട്ടിയിലൂടെ എഴുതപ്പെട്ട പുസ്തകം!
കുടുംബ ബിസിനസ് പൊളിഞ്ഞു, ഒരു ജോലിക്കായി മുംബൈയിലെത്തി, ഓഹരി ബ്രോക്കിങ് ബിസിനസിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞു, ആ മേഖലയില്‍ അനുഭവസമ്പത്തുള്ള സുധീറുമൊത്ത് ''ജെ.എസ് മിഡാസ്'' എന്ന പേരില്‍ ആരംഭിക്കുന്ന ഓഹരി ബ്രോക്കിങ് ബിസിനസ്. മൂലധനമില്ലാതെ ഇനി ഒരടി പോലും മുന്നോട്ടു പോകാനാവില്ല എന്ന ഘട്ടത്തില്‍ ഒരു രക്ഷകനെപ്പോലെ അവതരിച്ച വിജയ് അധികാരി എന്ന ഇന്‍വെസ്റ്ററുടെ കൈകളിലേക്ക് കമ്പനി എത്തുന്ന ഘട്ടത്തില്‍ കോട്ടയത്തു രജിസ്റ്റര്‍ ചെയ്ത ''സ്റ്റോണ്‍ കോര്‍ട്ട് ട്രസ്റ്റ്'' കമ്പനിയില്‍ മൂലധനമിറക്കാന്‍ സന്നദ്ധമാകുന്നു.
കുറഞ്ഞ നാളുകള്‍ കൊണ്ട് മികച്ച വളര്‍ച്ച കൈവരിച്ച കമ്പനിയെ ദുബായ് ആസ്ഥാനമായുള്ള ജെബീബ് ബാങ്ക് സ്വന്തമാക്കുന്നു. കുറഞ്ഞ മൂലധനവും തകര്‍ക്കാനാകാത്ത ഇച്ഛാ ശക്തിയുമായി രംഗത്ത് വന്ന് വിജയിച്ച ജീവന്‍ ജോര്‍ജ് എന്ന സംരംഭകനെക്കുറിച്ചുള്ള പുസ്തകത്തിന്റെ അവസാന താളുകളില്‍ എഴുതിയ ആളിന് അത് കൃത്യമായി അവസാനിപ്പിക്കാനായില്ല എന്ന സൂചനകള്‍.
വായനക്കൊടുവില്‍, പേഴ്സണല്‍ അസിസ്റ്റന്റ് ആയി മുംബൈയില്‍ എത്തി തന്റെ കൂടി അഭ്യര്‍ത്ഥന പ്രകാരം പുസ്തക രചന നിര്‍വ്വഹിക്കുകയും, പിന്നീട് തന്റെ ജീവിതത്തിലേക്ക് തന്നെ ക്ഷണിക്കുകയും ചെയ്ത പ്രേരണയ്‌ക്കെന്തു സംഭവിച്ചെന്നുമറിയാതെ ജീവന്‍ കുഴങ്ങുന്നു. നഴ്സ് ആയ ഭാര്യ ആന്‍സി ജോലി കഴിഞ്ഞു തിരികെ വീട്ടില്‍ എത്തുമ്പോള്‍, അന്നാദ്യമായി പ്രേരണയെക്കുറിച്ചും തന്റെ കഴിഞ്ഞ ദിവസത്തെ മുംബൈ യാത്ര ബിസിനസ് ആവശ്യത്തിനായിരുന്നില്ല അവളെക്കുറിച്ചു എന്തെങ്കിലും തുമ്പു ലഭിക്കുമോ എന്നറിയാനായിരുന്നെന്നും തുറന്ന് പറയുന്നു.
പഠനകാല പ്രണയത്തിനു ശേഷം ചില പ്രത്യേക സാഹചര്യങ്ങളില്‍ രണ്ടു തുരുത്തുകളിലായിപ്പോയ ജീവനെയും ആന്‍സിയെയും ഒന്നിപ്പിച്ചത് പ്രേരണ ആയിരുന്നെന്നും അവളില്‍ നിന്നാണ് ജീവന്റെ ഫോണ്‍ നമ്പര്‍ തനിക്കു ലഭിച്ചതെന്നും ആന്‍സി പറയുന്നു. സ്തബ്ധനായ ജീവന്‍, പെന്‍ഡ്രൈവിലെ കുറിപ്പുകള്‍ വായിക്കാന്‍ ആന്‍സിയോട് ആവശ്യപ്പെടുന്നു. വായനക്കൊടുവില്‍ ലഭിക്കുന്ന ചില സൂചനകളിലൂടെ ആന്‍സി ജെബീബ് ബാങ്കിന്റ ഇന്‍വെസ്റ്റ്മെന്റ് ഹെഡായ ബിനു സക്കറിയയുടെ ഭാര്യയായ ജെനിയാണ് പ്രേരണ എന്ന അപര നാമത്തില്‍ എത്തിയതെന്ന് തിരിച്ചറിയുന്നു.
ജെനിയില്‍ നിന്ന് ലഭിക്കുന്ന ഒരു മെയ്ലിലൂടെ അവള്‍ എന്തിന് അവിടെ എത്തിയെന്നു ജീവന് വെളിവാകുന്നു. കമ്പനി കൈവിട്ടു പോകുമെന്ന ഘട്ടത്തില്‍, സുഹൃത്തും മുന്‍കാല സഹപ്രവര്‍ത്തകനുമായ റോജിയിലൂടെ വളഞ്ഞ വഴിയില്‍ ബാങ്കില്‍ നിന്ന് സംഘടിപ്പിച്ച് സ്റ്റോണ്‍ കോര്‍ട്ട് ട്രസ്റ്റിലൂടെ കമ്പനിയില്‍ നിക്ഷേപിക്കപ്പെട്ട പണത്തിന് കരുവാക്കിയത് കൊച്ചിന്‍ മലബാര്‍ ബാങ്കിന്റെ മാനേജരായ തന്റെ സഹോദരന്‍ ജോണ്‍കുട്ടിയെയാണെന്നും, സമ്മര്‍ദ്ദത്തിലൂടെ മനോനില പോലും തകരാറിലായ സഹോദരന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്നറിയാനുള്ള അന്വേഷണമാണ് തന്നെ അവിടെ എത്തിച്ചതെന്നും, പ്രശ്നങ്ങളെല്ലാം തീര്‍ന്നു നാട്ടിലേക്കുള്ള മടക്കയാത്രയില്‍ ഒരു കാര്‍ അപകടത്തില്‍ ജോണ്‍കുട്ടി മരിച്ചുവെന്നും പറഞ്ഞവസാനിപ്പിക്കുന്ന മെയ്ലിനൊടുവിലും ദുരൂഹത ബാക്കിയാവുന്നു.
ജെനി പറയുന്നത് സത്യമെങ്കില്‍ മരണം കഴിഞ്ഞു നാളുകള്‍ക്കിപ്പുറം ഈ പെന്‍ഡ്രൈവ് എങ്ങനെ തന്റെ കയ്യിലെത്തി. ജീവന്‍ പങ്കെടുത്ത ഒരു പ്രോഗ്രാമില്‍ കണ്ട മലയാളി ദമ്പതികള്‍ എന്ന് തോന്നിപ്പിച്ചവര്‍ക്ക് ബിസിനസ് കാര്‍ഡ് നല്‍കിയ ശേഷമാണ് തനിക്ക് കത്ത് ലഭിച്ചതെന്നോര്‍ത്തെടുക്കുന്ന ജീവന്‍ അയാളെ കണ്ടെത്തുന്നു. അയാളോടൊപ്പം അന്നുണ്ടായിരുന്നത് ജോണ്‍കുട്ടി വിവാഹം കഴിക്കാനാഗ്രഹിച്ച അയാളുടെ സഹോദരിയായ നിമ്മി ആയിരുന്നെന്നും അവള്‍ നാട്ടിലേക്കു മടങ്ങിയെന്നും ജോണ്‍കുട്ടിയില്‍ നിന്നു ലഭിച്ച പെന്‍ഡ്രൈവില്‍ ഒരു പുസ്തക രൂപത്തില്‍ തയ്യാറാക്കിയ കുറിപ്പുകളുടെ കവര്‍ പേജില്‍ നല്‍കിയിരിക്കുന്ന ഫോട്ടോയിലൂടെയാണ് ജീവനെ അന്നവള്‍ തിരിച്ചറിഞ്ഞതെന്നും അയാള്‍ പറഞ്ഞു.
ജീവന്റെ മനസില്‍ എന്നും ബിസിനസ് തന്നെയാണെന്ന് തിരിച്ചറിയുന്ന ആന്‍സി ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങാമെന്നും യഥാര്‍ത്ഥ സംഭവങ്ങള്‍ കൂടി കൂട്ടിയിണക്കിയാല്‍ ഒരു നല്ല നോവലിന് സാധ്യത ഉണ്ടെന്നും പറയുമ്പോള്‍ ജീവന്‍ അത്തരത്തിലൊരു ശ്രമത്തിന് മുതിരുന്നു.
(തുടര്‍ന്ന് വായിക്കുക)
ആറ് മാസങ്ങള്‍.....ലണ്ടനിലെ ജോലി രാജി വച്ചു നാട്ടിലേക്ക് മടങ്ങിയിട്ടു ആറ് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു! ബിസിനസ് ആണ് പാഷന്‍ എന്ന് തിരിച്ചറിഞ്ഞു കൊണ്ടുള്ള ആന്‍സിയുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധം മാത്രമായിരുന്നില്ല മടങ്ങാന്‍ കാരണം. മൂന്നാറില്‍ സ്ഥലം വാങ്ങാന്‍ മുടക്കിയിരിക്കുന്നത് വലിയ തുകയാണ്.
കൃഷി കൊണ്ടു മാത്രം മുടക്കിയ തുകയ്ക്ക് ആനുപാതികമായ റിട്ടേണ്‍ കിട്ടില്ല എന്ന തിരിച്ചറിവിലാണ് 'ഫാം റിസോര്‍ട്സ്' എന്ന ആശയത്തിലേക്ക് കടന്നത്. റോജിക്ക് പൂര്‍ണ്ണ സമ്മതം. ജെബീബ് സ്റ്റോക്ക് ബ്രോക്കംഗ് സൊല്യൂഷന്‍സിന്റെ ഡയറക്ടര്‍ ആയി, ഷെയര്‍ ബ്രോക്കിങ് ബിസിനസില്‍ തന്നെ മനസ് ഉറപ്പിച്ചിരിക്കുന്ന സുധീറിനും എതിരഭിപ്രായമില്ല. പെര്‍മനെന്റ് റെസിഡന്‍സി കിട്ടി ഒരു വര്‍ഷത്തിനകം ആന്‍സിയും നാട്ടിലേക്ക് മടങ്ങും എന്നതായിരുന്നു പ്ലാന്‍.
കാര്യങ്ങള്‍ സുഗമമായി പുരോഗമിച്ചു വരവെയാണ് അമ്പരപ്പിച്ചു കൊണ്ട് ആന്‍സിയില്‍ നിന്ന് ഒരു കൊറിയര്‍ ലഭിച്ചത്. കറുത്ത പുറം ചട്ടയില്‍ ''ട്രസ്റ്റ്'' എന്ന മലയാളത്തിലെ ശീര്‍ഷകത്തിനു താഴെ ഒരു കഠാരയുടെ ചിത്രം. കഠാരയിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഇംഗ്ലീഷില്‍ ട്രസ്റ്റ് എന്നെഴുതിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. താഴെ വെളുത്ത അക്ഷരങ്ങളിലുള്ള വരികള്‍.
വിശ്വാസം! മനുഷ്യന്‍ നെഞ്ചില്‍ കത്തി താഴ്ത്തുന്നതും, കത്തി താഴ്ത്താനായി വിരിമാറു കാട്ടുന്നതും പലപ്പോഴും ഈ മൂന്ന് അക്ഷരങ്ങളുടെ ശക്തി ക്ഷയത്തിലോ, അവയുടെ ശക്തിയിലോ ആണ്. വിശ്വാസ വഞ്ചനയില്‍ തകര്‍ന്ന, വിശ്വാസ വഞ്ചന കാണിച്ചത് മറ്റൊരാളറിയുന്നതിന് മുന്‍പ് ആ ഇടപാട് തന്നെ തൂത്തെറിയാന്‍ ശ്രമിക്കുന്ന ചിലര്‍!
ബാക്ക് കവറിലേക്ക് നോക്കി. കറുത്ത ബാക്ക് കവറില്‍ ആന്‍സിയുടെ ഫോട്ടോയ്ക്ക് താഴെയായി വെളുത്ത അക്ഷരങ്ങള്‍.
''ജീവിതത്തില്‍ ശരിയും തെറ്റുമൊക്കെ ആരാണ് നിശ്ചയിക്കുന്നത്. ഒരാളുടെ ശരി മറ്റൊരാള്‍ക്ക് തെറ്റാവുന്നതെങ്ങനെ? സാഹചര്യവും സന്ദര്‍ഭവുമൊക്കെയാണ് ഒരാളെ നായകനോ പ്രതിനായകനോ ഒക്കെ ആക്കി മാറ്റുന്നതെന്ന് തിരിച്ചറിയാന്‍ എത്ര ഉദാഹരണങ്ങള്‍ വേണം. പിടിച്ചു നില്‍ക്കാനാവാതെ വന്നൊരു ഘട്ടത്തില്‍, ആര്‍ക്കും ഒരു കുഴപ്പവുമുണ്ടാവില്ലെന്ന് കരുതി താന്‍ കൂടി കൂട്ട് നിന്ന് ചെയ്യിച്ച ഒരു തെറ്റ്. അതു മറ്റു ചിലരില്‍ ആഴത്തില്‍ ഉണ്ടാക്കിയ മുറിപ്പാടുകള്‍.
മലയാളത്തില്‍ അധികം എഴുതപ്പെട്ടിട്ടില്ലാത്ത ബിസിനസ് നോവല്‍ എന്ന ഗണത്തില്‍പ്പെടുന്ന ഈ നോവല്‍ വേറിട്ടൊരു വായനാനുഭവം നല്‍കുമെന്ന് തീര്‍ച്ച. ഗ്ലോബല്‍ മലയാളം പബ്ലിഷേഴ്സ് പല തവണ ശ്രമിച്ചിട്ടും ഇടയ്ക്ക് വച്ചു പിന്മാറേണ്ടി വന്ന നോവല്‍ എന്ന ആശയം ആന്‍സി തന്നെ പൂര്‍ത്തീകരിച്ചിരിക്കുന്നു!
താളുകള്‍ പെട്ടെന്ന് മറിച്ചു. കഥാപാത്രങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ മാറി മറിഞ്ഞിരിക്കുന്നുവെങ്കിലും തന്നെ കബളിപ്പിച്ച ''പ്രേരണ'' എന്ന പേര് മാത്രം അത് പോലെ നോവലില്‍ നില നിര്‍ത്തിയിരിക്കുന്നു.
ആന്‍സിയെ വിളിച്ചു:
''ഹാലോ''
''പുസ്തകം കിട്ടി അല്ലേ?''
''കിട്ടി''
''കിട്ടിക്കഴിഞ്ഞു ചോദിക്കാമെന്ന് വച്ചാ,
എങ്ങനൊണ്ട്?''
''സംഗതി കൊള്ളാം, പക്ഷേ എങ്ങനെ ഗ്ലോബല്‍ മലയാളം പബ്ലിഷേഴ്സിനെ കിട്ടി?''
''അതൊക്കെ ജെനി സംഘടിപ്പിച്ചു തന്നു. എന്ന് മാത്രമല്ല എന്നോട് ജീവന്‍ പറയാതിരുന്ന ചില സംഗതികളില്ലേ. അതും അവളില്‍ നിന്ന് തന്നാ കിട്ടിയത്. ജീവന്റെ ബിസിനസ് ഇത്ര വലിയ ഞാണിന്‍ മേല്‍ കളി ആയിരുന്നെന്ന് അവള്‍ പറഞ്ഞപ്പഴാ അറിഞ്ഞത്, അവളെല്ലാം എന്നോട് പറഞ്ഞു.''
''ഓ''
''പിന്നൊരു പ്രധാന കാര്യം''
''എന്താ?''
''ഞാന്‍ അടുത്ത ആഴ്ച നാട്ടിലേക്ക് വരുവാ,
ഈ വ്യാഴാഴ്ച്ച കൊണ്ട് നോട്ടീസ് പീരീഡ് കഴിയും, ജീവന് അടുത്ത പതിനാറിന് ഫ്രീ അകാന്‍ പറ്റുമോ?''
''എന്തിനാ!''
''കാര്യമുണ്ട്, പറ ഫ്രീ ആകാന്‍ പറ്റുമോ?''
''ആക്കാം''
''നോവലിന്റെ പ്രകാശന ചടങ്ങ് ബോംബെയില്‍ വച്ച് വേണമെന്ന്. ഗ്ലോബല്‍ മലയാളം പബ്ലിഷേഴ്സിന്റെ നിര്‍ബന്ധം, ഞാന്‍ സമ്മതിച്ചു.''
''അതെന്തിനാ ബോംബെ?''
''എല്ലാ വര്‍ഷവും ബോംബെയില്‍ ഒരു പുസ്തക മേളയുണ്ടവര്‍ക്ക്. അതിനോടനുബന്ധിച്ചു പുസ്തക പ്രകാശനവും. ഈ നോവലിന് കാരണമാകുന്ന പ്രധാന സംഭവങ്ങള്‍ അരങ്ങേറുന്നത് അവിടെയല്ലേ. അപ്പൊ രണ്ടു പുസ്തകം കൂടുതല്‍ വില്‍ക്കാനുള്ള സാധ്യത!''
''പിന്നൊരു പ്രധാന കാര്യം, ഞാന്‍ പതിനാറിന് ഉച്ചയ്ക്കെ ബോംബയിലെത്തൂ... ജീവന്‍ കാലത്തേ എത്തിയേക്കണം, വൈകിട്ട് അഞ്ചു മണിക്കാ പരിപാടി. ഒരു പ്രശസ്ത സാഹിത്യകാരന്റെ ബുക്ക് റിലീസിനൊപ്പം''
''ആഹാ, കൊള്ളാമല്ലോ, പ്രശസ്ത സാഹിത്യകാരനൊപ്പം പരിചയപ്പെടുത്തുന്ന പുതുമുഖ നോവലിസ്റ്റ്!''
''കളിയാക്കണ്ട, ഞാന്‍ ഹോസ്പിറ്റലിലേക്ക് ഇറങ്ങാന്‍ തൊടങ്ങുവാ, പിന്നെ വിളിക്കാം.''
''ഓ.കെ''.
ഫോണ്‍ കട്ടായി.
നോവലിലേക്ക് വീണ്ടും. ഇത്തവണ ഇരുത്തി വായിച്ചു.
ഫ്രാഞ്ചൈസി ഇടപാടുകാര്‍ക്ക് ടെര്‍മിനല്‍ മനഃപൂര്‍വ്വം നല്‍കാതെ അവരെ കൊണ്ട് തങ്ങളുടെ വ്യവസ്ഥക്കനുസരിച്ച് ബ്രാഞ്ചുകളാക്കി മാറ്റിയത്, അവരുടെ അഡ്വാന്‍സ് തുകയ്ക്ക് പകരം ഓഹരികള്‍ നല്‍കി ഓഹരി ഉടമകളുടെ എണ്ണവും മൂലധനവും വര്‍ധിപ്പിച്ച് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി ഉയര്‍ത്തിയത്, ഒരു ട്രസ്റ്റ് തട്ടിക്കൂട്ടി വളഞ്ഞ വഴിയില്‍ സംഘടിപ്പിച്ച പണം കമ്പനിയില്‍ ട്രസ്റ്റിന്റെ നിക്ഷേപമായി കൊണ്ട് വന്ന് കമ്പനി സ്വന്തം കൈപ്പിടിയില്‍ നിര്‍ത്തിയത്, ഇടപാടുകള്‍ വര്‍ധിപ്പിക്കാനായി ചില മ്യൂച്വല്‍ ഫണ്ട് മാനേജഴ്സിനെ കാണേണ്ടത് പോലെ കണ്ടത്.... ഒടുവില്‍ മീഡിയയുടെ സഹായത്തോടെ കമ്പനിക്ക് നല്‍കിയ ഹൈപ്പ്...എല്ലാം വളരെ കൃത്യമായി കോറിയിട്ടിരിക്കുന്നു.
പഠിക്കുന്ന കാലത്തു എഴുത്തും വായനയുമായൊക്കെ ബന്ധമുണ്ടായിരുന്നെങ്കിലും നഴ്സിന്റെ കുപ്പായമണിഞ്ഞതിനു ശേഷം അത്തരത്തില്‍ എന്തെങ്കിലുമൊന്ന് അവളില്‍ അവശേഷിച്ചതിന്റെ ഒരു ലാഞ്ജന പോലും ലഭിച്ചിരുന്നില്ല.
പതിനൊന്നരയോടെ ബോംബെയിലെത്തി. സുധീര്‍ ടാജില്‍ റൂം ബുക്ക് ചെയ്തിട്ടുണ്ട്. വേണമെങ്കില്‍ റൂമിലെത്തി ഫ്രഷ് ആയി ആന്‍സിയെ കൂട്ടാനായി തിരിച്ചെത്താനുള്ള സമയമുണ്ട്. പോകാന്‍ തോന്നിയില്ല. ലോഞ്ചില്‍ ഇരുന്നു സമയം കളയാമെന്നു കരുതി. കുറച്ചു മെയ്ലുകള്‍ക്ക് മറുപടി അയക്കാനുമുണ്ട്.
ആന്‍സിയുടെ ഫ്ളൈറ്റ് നമ്പര്‍ സ്‌ക്രീനില്‍ കണ്ടപ്പോള്‍ എഴുന്നേറ്റു. ട്രോളിയുമായി വരുന്ന ആന്‍സിയുടെ സമീപം ബാഗും തൂക്കി നടന്നു വരുന്നയാളെ ഒന്നു കൂടി സൂക്ഷിച്ചു നോക്കി.
''ജെനി''
ആന്‍സി പുഞ്ചിരിച്ചു കൊണ്ട് കൈ ഉയര്‍ത്തി, ജെനിയോടായി എന്തോ പറയുന്നത് കണ്ടു. ജെനി സൂക്ഷിച്ചു നോക്കി.... മുഖത്ത് വിഷാദച്ഛവി കലര്‍ന്ന പുഞ്ചിരി. ''ജീവാ ഇവളീ പ്രോഗ്രാമിന് വരണമെന്നത് എന്റെ നിര്‍ബന്ധമായിരുന്നു, യാത്ര ദുബായ് വഴിയാക്കിയത്
ഇവളുടെ സമ്മതം കൂടി കിട്ടിയതിനു ശേഷമാ.''
''വെല്‍കം''.
ജെനി തലയാട്ടുക മാത്രം ചെയ്തു.
കാറിലിരിക്കുമ്പോഴും ജെനി കാര്യമായി സംസാരിച്ചില്ല. ആന്‍സി മാത്രം പ്രോഗ്രാമിന്റെ കാര്യ പരിപാടിയെക്കുറിച്ചും പുസ്തക പ്രകാശന ചടങ്ങില്‍ ആദ്യമായി പങ്കെടുത്ത് സംസാരിക്കേണ്ടതിന്റെ വേവലാതിയെക്കുറിച്ചും പറഞ്ഞു കൊണ്ടിരുന്നു.
റൂമിലെത്തി ഫ്രഷ് ആയി പരിപാടി നടക്കുന്ന ഹാളിലേക്ക് പോകാന്‍ ടാക്സിയില്‍ കയറി. ഹാളിലെത്തിയപ്പോഴാണത് തിരിച്ചറിഞ്ഞത്. പഴയ ബോംബെ ജീവിതത്തില്‍ എത്രയോ തവണ വന്ന ഹാള്‍, പുസ്തക പ്രദര്‍ശനങ്ങളും, ചിത്ര പ്രദര്‍ശനങ്ങളുമൊക്കെ സ്ഥിരമായി നടക്കുന്നയിടം.!
താഴത്തെ നിലയില്‍ പതിവ് പോലെ ഏതോ എക്സിബിഷന്‍ നടക്കുന്നുണ്ട്. ഗോവണിപ്പടി കയറി മുകളിലെത്തി. കണ്ണാടി ചില്ലിലൂടെ കണ്ട കാഴ്ച! മറൈന്‍ ഡ്രൈവിന്റെ മനോഹാരിത ഇവിടെ നിന്ന് ആസ്വദിക്കാനാവുമെന്ന് ഇതിന് മുന്‍പ് പല തവണ വന്നിട്ടും തിരിച്ചറിയാനായിരുന്നില്ല.
ഹാളിന്റെ ഒരു വശത്ത് ഗ്ലോബല്‍ മലയാളം പബ്ലിഷേഴ്സിന്റെ കൗണ്ടര്‍. മറുവശത്ത് മുന്നൂറ് കസേരകള്‍ എങ്കിലും നിരത്തിയിരിക്കുന്നു. പകുതിയിലേറെ കസേരകളില്‍ ആളുകള്‍ എത്തിക്കഴിഞ്ഞിരുന്നു. സ്റ്റേജിന് പിന്‍ വശത്തായി പുസ്തക പ്രകാശനം നടക്കാന്‍ പോകുന്ന പുസ്തകങ്ങളുടെ കവര്‍ പേജുകള്‍ക്കൊപ്പം ''ട്രസ്റ്റ്''-ന്റെ പുറം ചട്ടയും. ബുക്ക് കൗണ്ടറുകളില്‍ പുസ്തകം മറിച്ച് വര്‍ത്തമാനം പറഞ്ഞു നില്‍ക്കുന്ന ആന്‍സിയും ജനിയും.
പ്രേരണ എന്നു മാത്രം സംബോധന ചെയ്തതിന്റെ ചളിപ്പ് ... ഇതുവരെ ജെനി എന്ന് വിളിക്കാന്‍ കൂടി ആയില്ല. അതേ ബുദ്ധിമുട്ടു അവള്‍ക്കുമുണ്ടാവണം. പിടിതരാതെ വഴുതി മാറാന്‍ അവളും ശ്രമിക്കുന്നു. ഇത് അറിഞ്ഞു തന്നെയാവണം ആന്‍സി അത് കൃത്യമായി മാനേജ് ചെയ്യുന്നുമുണ്ട്.
പെട്ടെന്നാണ് ചെറിയൊരു ആള്‍ക്കൂട്ടം ഹാളിലേക്ക് കടന്നു വന്നത്. പത്രമാസികകളിലും ചാനലുകളിലും മാത്രം കണ്ടിട്ടുള്ള സാഹിത്യകാരനെ ആദ്യമായി നേരിട്ട് കണ്ടു. സംഘാടകര്‍ ഓടുന്നു... സ്റ്റേജില്‍ കസേരകള്‍ നിരത്തുന്നു. പബ്ലിഷറെ പ്രതിനിധാനം ചെയ്യുന്നയാള്‍ സ്വാഗത പ്രസംഗം നടത്തുമ്പോഴേക്കും കസേരകള്‍ നിറഞ്ഞു കഴിഞ്ഞിരുന്നു. ആദ്യത്തെ പുസ്തക പ്രകാശനത്തിന് ശേഷം സാഹിത്യകാരനുമായി ഒരു സംവാദവുമുണ്ട്. അതിന് ശേഷം മാത്രമാണ് അടുത്ത പുസ്തകം റിലീസ് ചെയ്യുക.
ഏതാണ്ട് ഒന്നര മണിക്കൂര്‍ പ്രസംഗവും സംവാദവുമായി കടന്നു പോയി.
പ്രത്യേകിച്ചൊരു താല്‍പ്പര്യവും തോന്നിയില്ല. ജനാലയിലൂടെ മറൈന്‍ ഡ്രൈവിന്റെ ഭംഗി വെള്ളിത്തിരയിലെന്ന പോലെ ദൃശ്യമാകുന്നു. ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. വിളക്കുകള്‍ ഡയമണ്ട് നെക്ലേസിലെന്ന പോലെ വെട്ടിത്തിളങ്ങുന്നു. തൊട്ടപ്പുറത്തിരിക്കുന്ന ആന്‍സി സംവാദത്തില്‍ മുഴുകി ഇരിക്കുകയാണ്. അതോ അടുത്ത തന്റെ ഊഴത്തിനു സംസാരിക്കാനുള്ള മുന്നൊരുക്കമോ! അതിനപ്പുറത്തിരുന്ന ജെനിയെ സൂക്ഷിച്ചു നോക്കി.
മുഖത്തിന് പണ്ടുണ്ടായിരുന്ന നിറവും ഓജസുമൊക്ക തെല്ല് വാര്‍ന്നു പോയിരിക്കുന്നുവോ.
പൊടുന്നനെയാണ് കയ്യടി ശബ്ദം കേട്ടത്. സാഹിത്യകാരന്‍ സ്റ്റേജിലെ കസേരയില്‍ നിന്നെഴുന്നേല്‍ക്കുകയാണ്. മൈക്കുമായി നിന്നയാള്‍ നടത്തിയത് നന്ദി പ്രകടനമാണെന്ന് അപ്പോഴാണ് മനസിലായത്. സ്റ്റേജ് വിട്ടിറങ്ങിയ സാഹിത്യകാരനൊപ്പം ഒരു പറ്റം ആള്‍ക്കാര്‍ കൂടി ഹാളിന് പുറത്തേക്ക് നടന്നു.
ഒരു പുസ്തകം കൂടി പ്രകാശനത്തിനുണ്ടെന്ന പ്രസാധകന്റെ ഓര്‍മ്മപ്പെടുത്തലില്‍ ചിലര്‍ വീണ്ടും ഇരുപ്പിടങ്ങളിലേക്ക്. പുസ്തക രചയിതാവായ ആന്‍സിയെ സ്റ്റേജിലേക്ക് ക്ഷണിച്ച പ്രസംഗകന്റെ കണ്ണുകള്‍ സദസില്‍ ആന്‍സിയെ തിരയുന്നതായി കïയുടന്‍ അവളെഴുന്നേറ്റു.
വാക്കുകള്‍ മുന്‍കൂട്ടി തയ്യാറാക്കിയിരിക്കണം. ഒഴുക്കോടെ തന്നെ ആന്‍സി പറഞ്ഞു തുടങ്ങി. ഈ നോവലോ ഇതിലെ കഥാ പാത്രങ്ങളോ സങ്കല്‍പ്പികങ്ങളല്ല എന്നും, നോവലില്‍ ഉദ്വേഗം ജനിപ്പിക്കാനായി ഏതെങ്കിലും കഥാപാത്രങ്ങളെയോ സംഭവങ്ങളെയോ കൃത്രിമമായി താന്‍ കൂട്ടിച്ചേര്‍ത്തിട്ടില്ലെന്നും, എന്നാല്‍ ഈ കഥാപാത്രങ്ങളും സ്ഥാപനങ്ങളുമൊക്കെ ഇന്നും ഇവിടെയുള്ളതിനാല്‍ പേരുകള്‍ തനിക്ക് മാറ്റേണ്ടി വന്നുവെന്നും പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ പിറകിലേക്ക് വന്നിരുന്നു.
പുസ്തകം ഏറ്റുവാങ്ങി കൊളാബ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മൈക്ക് കൈകളിലെടുത്തപ്പോഴാണ് ജെനി കയ്യിലിരുന്ന ബാഗ് തുറന്നത്. ബാഗില്‍ നിന്നെടുത്ത ഒരു ചെറിയ പൊതി നീട്ടി. ''ഇതുമായിട്ടാ ഞാനന്ന് ഹോട്ടല്‍ മുറിയില്‍ നിന്നു പോയത്. വില കൂടിയ ഈ ഡയമണ്ട് റിംഗ് കിട്ടിയ ഉടന്‍ അപ്രത്യക്ഷയായ എന്നെക്കുറിച്ചു എന്തൊക്കെയാവും വിചാരിച്ചിരിക്കുക എന്നൊക്ക ഞാന്‍ വെറുതെ ആലോചിക്കാറുണ്ട്. തിരിച്ചു വാങ്ങണം.''
വാങ്ങാതിരിക്കാനായില്ല.
''ബിനു?''
''അടുത്താഴ്ച വരുന്നുണ്ട്, അപ്പോഴേ ഞാന്‍ തിരിച്ചുള്ളൂ.''
''അത് വരെ?''
''തൃശ്ശൂരുള്ള വീടു വില്‍ക്കാന്‍ ധാരണയായി, വെറുതെ അടച്ചിട്ടിട്ടു കാര്യമില്ല, ചില പേപ്പറുകള്‍ ശരിയാക്കാനുണ്ട്. ഇന്ന് രാത്രി കൊച്ചിക്കു പോകും.''
കയ്യിലിരുന്ന പൊതി അഴിച്ചു. ഹാളിലെ ബള്‍ബിന്റെ പ്രകാശത്തില്‍ ഡയമണ്ട് വെട്ടിത്തിളങ്ങി. ജനാലയിലൂടെ പുറത്തേക്കു നോക്കി. ഒരായിരം ഡയമണ്ടുകള്‍ മുത്തുമാലയില്‍ എന്ന പോലെ മറൈന്‍ ഡ്രൈവിന് ചുറ്റും മാത്രമല്ല, ഓളങ്ങളിലും വെട്ടിത്തിളങ്ങുന്നു.
പ്രസിഡന്റിന്റെ വാക്കുകള്‍ മൈക്കിലൂടെ.
''ഏറ്റു വാങ്ങാനുള്ള ഈ നോവലിന്റ കോപ്പി അയച്ചു തന്നിരുന്നു പ്രസാധകര്‍. സംസാരിക്കാനുള്ളത് കൊണ്ട് ഓരോ പേജും ശ്രദ്ധാപൂര്‍വ്വം വായിച്ചു. നമ്മുടെ നാട്ടിലെ ഒരു സാധാരണ സംരംഭകന് അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളും, കുതന്ത്രങ്ങളിലൂടെയാണെങ്കിലും അത് തരണം ചെയ്യാന്‍ അയാള്‍ നടത്തിയ ശ്രമങ്ങളും അനുഭവങ്ങളില്ലാതെ എഴുതാനാവില്ല എന്ന തിരിച്ചറിവില്‍ രചയിതാവിനെ ഞാന്‍ നേരിട്ടു വിളിച്ചിരുന്നു. ഈ നോവലിലെ ഒരു കഥാപാത്രം ഞാന്‍ തന്നെയാണെന്ന് പറഞ്ഞെങ്കിലും ഇതിലാരാണെന്ന് അവര്‍ പറഞ്ഞില്ല. ആരാവും ആ കഥാപാത്രം? എന്തായാലും ഒന്നുറപ്പ്. ആരെയും ഗ്ലോറിഫൈ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലാത്ത ഈ നോവലിലെ വിവരങ്ങള്‍ അത്രയും സത്യസന്ധമാണ്.
ജെനിയെ നോക്കി.
അവള്‍ പുഞ്ചിരിച്ചു. ഈ കണ്ടുമുട്ടലില്‍ ആദ്യമായി ഹൃദയത്തില്‍ നിന്നുള്ള അവളുടെ ചിരി വീണ്ടും കണ്ടു.
കരഘോഷം സ്റ്റേജിലേക്ക് കണ്ണുകള്‍ പായിച്ചു. വാക്കുകള്‍ അവസാനിക്കുന്നു. കയ്യിലിരുന്ന വെട്ടിത്തിളങ്ങുന്ന ഡയമണ്ട് കല്ല് !
കടലാസ്സില്‍ പൊതിഞ്ഞു പൊടുന്നനെ അത് പോക്കറ്റിലാക്കി. അത്രയ്ക്കും സത്യസന്ധമായ വിവരണങ്ങളില്‍ എന്തിനാണീ കല്ല്.
-അവസാനിച്ചു


Tags:    

Similar News