ജീവിതം രസകരമാക്കും, ഈ ചെറുകാര്യം!
ചെയ്യുമ്പോൾ ആദ്യം അല്‍പ്പം അസ്വസ്ഥത തോന്നിയേക്കാമെങ്കിലും ജീവിതത്തിന് കൂടുതല്‍ നിറം പകരുന്ന ഒരു കാര്യത്തെക്കുറിച്ചാണ് ഈ ലേഖനം
വര്‍ഷങ്ങളായി ഞാന്‍ കാണാത്ത, സംസാരിക്കാത്ത, പ്രത്യേകിച്ച് സ്‌കൂള്‍ കാലഘട്ടത്തില്‍ എനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടാന്‍ ഈ വര്‍ഷമാദ്യം മുതല്‍ ഞാന്‍ ബോധപൂര്‍വ്വം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ അവരില്‍ കുറേപേരുമായി സന്തോഷകരമായ കൂടിച്ചേരലുകള്‍ നടത്താനും സംസാരിക്കാനുമൊക്കെ സാധിച്ചു. ഞാന്‍ അപ്പോള്‍ കണ്ട ഏതാണ്ടെല്ലാവരും തന്നെ സ്‌കൂള്‍ കാലഘട്ടത്തിലേതിനേക്കാള്‍ മികച്ച വ്യക്തികളായി മാറിയതായും എനിക്ക് തോന്നി.
അവരെല്ലാം കൂടുതല്‍ തുറന്ന മനഃസ്ഥിതിയുള്ള, കൂടുതല്‍ സൗഹാര്‍ദ്ദ മനോഭാവമുള്ള വ്യക്തികളായി മാറി. അതുകൊണ്ട് തന്നെ എനിക്ക് വളരെ എളുപ്പത്തില്‍ അവരുമായി കണക്ട് ചെയ്യാനും പറ്റി.
ഇക്കാര്യം ഞാന്‍ എന്റെ അമ്മയോട് സൂചിപ്പിച്ചപ്പോള്‍, അമ്മ പറഞ്ഞു,ഞാന്‍ കൂടുതല്‍ സൗഹാര്‍ദ്ദ മനോഭാവമുള്ള തുറന്ന മനഃസ്ഥിതിക്കാരനായി മാറിയതുകൊണ്ടാകാം ഒരുപക്ഷേ ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും കണ്ടവരോട് മുന്‍പെന്നത്തേക്കാള്‍ കണക്ട് ആകാന്‍ സാധിച്ചതെന്ന്.
അമ്മ പറഞ്ഞത് ശരിയായിരിക്കാം. കാരണം, സ്‌കൂള്‍ കുട്ടിയായിരിക്കെ മറ്റുള്ളവരെ ഒരുപക്ഷേ വിമര്‍ശന ബുദ്ധിയോടെ ( judgemental)യാകാം ഞാന്‍ വീക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ അവരുമായി കൂടുതല്‍ ഇടപഴകാന്‍ അതൊരു തടസ്സമായി നിന്നിട്ടുണ്ടാകും.
എന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പരിചയക്കാരെ വീണ്ടും കാണാന്‍ ശ്രമിക്കുമ്പോള്‍ കുറച്ചൊരു സംശയം മനസ്സിലുണ്ടായിരുന്നു. അവര്‍ ശരിക്കും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്നതായിരുന്നു അത്. (അവരിലൊരാളെ കണ്ടിട്ടും സംസാരിച്ചിട്ടും ഏതാണ്ട് പത്തുവര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു) പ്രത്യക്ഷത്തില്‍ ഒരു കാരണവുമില്ലാതെ, പൊട്ടിവീണതുപോലെ അവരെ കാണാന്‍ ഞാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്ക് എന്ത് തോന്നുമെന്നായിരുന്നു എന്റെ പേടി. എന്നാല്‍ അവരെ കണ്ടപ്പോള്‍ ആ അസ്വാസ്ഥ്യമൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, അത് ഏറെ ആസ്വാദ്യകരമായിരുന്നു.
അസ്വസ്ഥമാക്കുന്ന ചില കാര്യങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് ആളുകളുമായി ഇടപഴകാനും മറ്റുമുള്ള സന്ദര്‍ഭങ്ങളില്‍ നിന്ന്, രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. എന്നാല്‍, എന്റെ ഏകാന്ത യാത്രകളിലൂടെ ഞാന്‍ പഠിച്ച ഒരു പ്രധാന കാര്യം ഇതായിരുന്നു:
നിങ്ങളുടെ മനസ്സിലെ പേടികളെ നിങ്ങള്‍ അവഗണിച്ച് മുന്നോട്ട് പോകുമ്പോള്‍, ആളുകളുമായി ഇടപെടാൻ തുടങ്ങുമ്പോള്‍ അത്ഭുതകരമായ കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാം.
അതുകൊണ്ട് വര്‍ഷങ്ങളായി നിങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലാത്തവരെ കാണാനും സംസാരിക്കാനും ബന്ധപ്പെടാനുമൊക്കെ നോക്കൂ.
ഇങ്ങനെ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അത് തടയാനുള്ള നൂറ് കാരണങ്ങള്‍ നിങ്ങളുടെ മനസ്സ് തന്നെ നിരത്തും. അതോടെ നിങ്ങളുടെ ശ്രമങ്ങള്‍ നിര്‍ത്തരുത്. കാരണം നമ്മുടെ മനസ്സ് പ്രകൃത്യാ തന്നെ ഭീരുവാണ്, നമ്മെ വഴിതെറ്റിക്കാനുമിടയുണ്ട്.
ദീര്‍ഘനാളുകള്‍ക്കു ശേഷം പഴയ സുഹൃത്തുക്കളെ അല്ലെങ്കില്‍ പരിചയക്കാരെ കാണുന്നത് ഏറെ രസകരമായ, സന്തോഷം പകരുന്ന, പ്രചോദിപ്പിക്കുന്ന കാര്യമായാണ് എനിക്ക് തോന്നിയത്. നിങ്ങളുടെ അനുഭവവും അങ്ങനെ തന്നെയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.
For more simple and practical tips to live better and be happier visit Anoop's website: https://www.thesouljam.com