നിങ്ങള്‍ വായിച്ചിരിക്കേണ്ട അഞ്ചു പുസ്തകങ്ങള്‍

നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍ പരിചയപ്പെടാം

Update: 2023-05-21 03:56 GMT

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഞാന്‍ വായിച്ച പുസ്തകങ്ങള്‍ എന്നില്‍ ചെലുത്തിയ സ്വാധീനം വലുതാണ്. ചെറുപ്രായത്തിനിടയില്‍ ഇവയൊക്കെ വായിക്കാനായത് ഞാന്‍ ഭാഗ്യമായി കരുതുന്നു. സ്വയം നന്നായി മനസിലാക്കാനും മാനസിക വികാസം നേടാനും ഒറ്റയ്ക്കല്ലെന്ന തോന്നല്‍ ഉണ്ടാക്കാനും ജീവിതം തന്നെ മാറ്റിമറിച്ച തീരുമാനങ്ങള്‍ എടുക്കാന്‍ പ്രചോദനമേകാനും എന്നെ സഹായിച്ചവയാണ് ഈ ലേഖനത്തില്‍ ഞാന്‍ പരാമര്‍ശിക്കുന്ന ഓര്‍മക്കുറിപ്പുകളും ജീവചരിത്രങ്ങളും.ഒരുപക്ഷേ, ഈ പുസ്തകങ്ങള്‍ നിങ്ങളിലും അതേ മാറ്റം വരുത്തിയേക്കാം.

സ്റ്റീവ് ജോബ്‌സ്

ഞാന്‍ ഒരിക്കലും ആപ്പ്‌ളിന്റെയോ ടെക്‌നോളജിയുടെയോ ആരാധകനായിരുന്നില്ല. എന്നാല്‍ ജോബ്‌സിന്റെ ജീവചരിത്രം പിടിച്ചിരുത്തി വായിപ്പിക്കുന്ന ഒന്നായിരുന്നു. അദ്ദേഹത്തിന്റെ ജീവിതകഥ രസകരമാണ്. ജോബ്‌സിന്റെ ജീവചരിത്രകാരന്‍ വാള്‍ട്ടര്‍ ഐസക്‌സണ്‍ അത് മനോഹരമായി വിവരിച്ചിട്ടുമുണ്ട്.

കുട്ടിക്കാലത്ത് പലവിധ നിബന്ധനകളിലൂടെ (childhood conditioning) വളര്‍ന്നുവരുന്നതിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് മനസിലാക്കാന്‍ ഈ പുസ്തകം എന്നെ സഹായിച്ചു. ജീവിതത്തില്‍ കണ്ടുമുട്ടുന്ന ചില ആളുകളെ കൂടുതലായി മനസിലാക്കാനും അവരോട് സഹാനുഭൂതിയോടെ പെരുമാറാനും അതെന്നെ പഠിപ്പിച്ചു. (ജനിച്ചയുടന്‍ ദത്തുപുത്രനാകേണ്ടി വന്നയാളാണ് ജോബ്‌സ്. അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം അതിന്റെ വേദനയും ദേഷ്യവും അദ്ദേഹം കൊണ്ടുനടന്നു).

നിയന്ത്രണങ്ങളോട് പ്രതിപത്തിയുള്ള ആളാണ് ജോബ്‌സ്. പക്ഷേ ഈ പുസ്തകമെഴുത്തില്‍ അദ്ദേഹം വാള്‍ട്ടര്‍ ഐസക്‌സണിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി എന്നതാണ് അത്ഭുതം.

ഞാന്‍ ജോബ്‌സിന്റെ വ്യക്തിത്വത്തിന്റെ ആരാധകനല്ലെങ്കിലും അദ്ദേഹത്തിന്റെ മനോഭാവത്തോടും ജീവിത വീക്ഷണത്തോടും സമാനമായ കാഴ്ച്ചപ്പാട് എനിക്കും തോന്നി. ക്യാന്‍സര്‍ ബാധിതനായി മരിക്കും മുമ്പ് തന്നെ കുറിച്ചു പുസ്തകം എഴുതാന്‍ വാള്‍ട്ടര്‍ ഐസക്‌സണിനെ ചുമതലപ്പെടുത്തിയതില്‍ അദ്ദേഹത്തോട് ഏറെ നന്ദിയുണ്ട്.

ഒരു പെണ്‍കുട്ടിയുടെ ഡയറി ( Diary of a Young Girl)

രണ്ടാം ലോക മഹായുദ്ധ കാലത്ത് ആന്‍ ഫ്രാങ്ക് എന്ന ജൂത പെണ്‍കുട്ടിയും കുടുംബവും നാസികളില്‍ നിന്ന് ഒളിച്ച് സീക്രട്ട് അനെക്‌സില്‍ താമസിച്ചിരുന്ന സമയത്തെ യഥാര്‍ത്ഥ കഥയാണ് 'Diary of a Young Girl'. വര്‍ഷങ്ങളായി ഞാന്‍ ഒരുപാട് കേട്ടിട്ടുള്ള ഒരു പുസ്തകമായിരുന്നു ഇത്. വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ പട്ടികയില്‍ ഏറെക്കാലമായി ഇതുണ്ടായിരുന്നു. തന്റെ ജീവിത വളര്‍ച്ചയില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ പുസ്തകമാണ് ഇതെന്ന് എന്റെ തൂലികാ സുഹൃത്ത് സൂചിപ്പിച്ചപ്പോഴാണ് ഒടുവില്‍ ഞാനിത് വായിച്ചത്.

പുസ്തകത്തിന്റെ തുടക്കത്തില്‍ ആനിന്റെ എഴുത്ത് ഒരു സാധാരണ കൗമാരക്കാരിയുടേത് തന്നെയായിരുന്നു. എന്നാല്‍ പുസ്തകം അവസാനിക്കുമ്പോള്‍ അവര്‍ നേടുന്ന വളര്‍ച്ചയും പക്വതയും എത്രമാത്രമാണെന്നത് അതിശയിപ്പിക്കുന്നതാണ്.

ഒരു പതിനഞ്ചുകാരിയുടെ എഴുത്താണ് അതെന്ന് നിങ്ങള്‍ ഒരിക്കലും വിശ്വസിക്കില്ല. 'പ്രായത്തില്‍ കവിഞ്ഞ അറിവുള്ളയാള്‍' എന്ന വിശേഷണം ആനിന്റെ കാര്യത്തില്‍ ഏറ്റവും അനുയോജ്യം തന്നെയാണ്. എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് Diary of a Young Girl. പല രാജ്യങ്ങളിലും പല ഹൈസ്‌കൂളുകളും വിദ്യാര്‍ത്ഥിള്‍ക്ക് ഇത് നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ്.


എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍

മഹാത്മ ഗാന്ധിയെന്ന് വിളിക്കുന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ആത്മകഥയാണ് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍. കുട്ടിക്കാലം മുതലുള്ള അദ്ദേഹത്തിന്റെ ജീവിതം, ശൈശവ വിവാഹം, ലണ്ടനിലെ പഠനം, ദക്ഷിണാഫ്രിക്കയിലെയും ഇന്ത്യയിലെയും അനീതിക്കെതിരായ പോരാട്ടം, ഭക്ഷണ ക്രമത്തിലും ബ്രഹ്‌മചര്യത്തിലുമുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ തുടങ്ങിയവ പുസ്തകത്തിലുണ്ട്.

പുസ്തകത്തിലുടനീളം അദ്ദേഹം ആരാണെന്ന് സത്യസന്ധമായി വെളിവാക്കുന്നു. അവിശ്വസനീയമാം വിധം ഹൃദയസ്പര്‍ശിയും പ്രചോദനാത്മകവുമാണ് ഈ പുസ്തകം.


ഷൂ ഡോഗ്

നൈക്കിയുടെ(Nike) സഹസ്ഥാപകനായ ഫില്‍ നൈറ്റ് എഴുതിയ ആകര്‍ഷകമായ ഓര്‍മക്കുറിപ്പാണ് ഷൂ ഡോഗ്. നൈക്കിയുടെ ആദ്യ പത്തുവര്‍ഷത്തെ കുറിച്ചും ഈ സ്‌പോര്‍ട്‌സ് കമ്പനിയുടെ അണിയറ കഥകളുമാണ് ഈ പുസ്തകം പ്രധാനമായും പങ്കുവെയ്ക്കുന്നത്. മനോഹരമായ കഥ പറച്ചില്‍ രീതിയും തന്റെ സംരംഭക ജീവിതത്തില്‍ ഉണ്ടായ ഉയര്‍ച്ച താഴ്ച്ചകളെ കുറിച്ചുള്ള നൈറ്റിന്റെ സത്യസന്ധമായ തുറന്നുപറച്ചിലുമാണ് ഈ പുസ്തകത്തെ വേറിട്ടു നിര്‍ത്തുന്നത്.


 



ഈറ്റ്, പ്രേ, ലവ്

Eat, Pray,Love എന്ന പുസ്തകം വായിക്കാന്‍ എനിക്ക് പ്രേരണയായത് എന്താണെന്ന് ഓര്‍മ വരുന്നില്ല. പക്ഷേ അത് വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എനിക്ക് ആദ്യമായി തനിച്ചുള്ള യാത്ര നടത്താന്‍ പ്രചോദനമേകിയ പുസ്തകങ്ങളിലൊന്നാണിത്. മറ്റൊന്ന് 'Apprenticed to a Himalayan Master'എന്ന പുസ്തകമാണ്.

ഇറ്റലി, ഇന്ത്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നാലു മാസം വീതം താന്‍ നടത്തിയ തനിച്ചുള്ള യാത്രകളുടെ കഥകളാണ് എഴുത്തുകാരിയായ എലിസബത്ത് ഗില്‍ബെര്‍ട്ട് Eat, Pray, Love  എന്ന പുസ്തകത്തില്‍ വിവരിക്കുന്നത്. ഈ പുസ്തകത്തെ കുറിച്ച് ആളുകള്‍ക്ക് ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാകാം. എന്നിരുന്നാലും ഈ പുസ്തകത്തില്‍ നിന്ന് ഏറെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ടെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടു തന്നെ ഈ പുസ്തകം വായിച്ചിരിക്കേണ്ടത് തന്നെയാണ്.


ലേഖകന്റെ കൂടുതൽ ലേഖനങ്ങൾക്കായി : thesouljam.com / The Soul Jam Podcast

പോഡ്കാസ്റ്റ് കേൾക്കാൻ : https://open.spotify.com/show/2DjJkbo2W8SBu8ynKTeXHM

Tags:    

Similar News