സമയം കുറവാണെന്ന് തോന്നുന്നുണ്ടോ, ഇതാ ഒരു പരിഹാരം!

ഫോൺ ഉപയോഗം കുറച്ച് കൂടുതൽ സമയം കണ്ടെത്താൻ പ്രായോഗിക നിർദേശങ്ങൾ

Update:2020-11-15 08:31 IST

ഇക്കാലത്ത് എപ്പോഴും പറഞ്ഞു കേൾക്കാറുള്ള ഒരു കാര്യമാണ് നമ്മുടെ ജീവിതം ഏറെ തിരക്ക് പിടിച്ചതായി മാറിയെന്ന്. എന്നാൽ മിക്കപ്പോഴും നമ്മൾ തന്നെയാണ് അതങ്ങനെ തിരക്കേറിയതായി മാറ്റുന്നത്. സോഷ്യല്‍ മീഡിയ, യൂട്യൂബ്, നെറ്റ്ഫ്‌ളിക്‌സ്, ഇമെയിലുകള്‍, നിരന്തരമായ നോട്ടിഫിക്കേഷനുകള്‍ എന്നിങ്ങനെ നമ്മളെ തിരിക്കിലാക്കുന്ന എന്തെങ്കിലുമൊക്കെ എപ്പോഴും ഉണ്ടാകും.

അയയ്‌ക്കേണ്ട മെസേജുകള്‍, പരിശോധിക്കാനുള്ള ഇമെയിലുകള്‍, കാണാനുള്ള വീഡിയോകള്‍ ഇവയൊക്കെ നമ്മുടെ സമയം കവര്‍ന്നെടുക്കുകയും മറ്റൊന്നിനും സമയം ഇല്ലാതെയാക്കുകയും ചെയ്യുന്നു. ആളുകള്‍ പ്രതിദിനം ശരാശരി മൂന്നേകാല്‍ മണിക്കൂർ ഫോണിൽ ചെലവഴിക്കുന്നതായാണ് റെസ്‌ക്യൂടൈം നടത്തിയ ഒരു ഗവേഷണം വെളിപ്പെടുത്തുന്നത്. സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളില്‍ 20 ശതമാനത്തോളം പേര്‍ പ്രതിദിനം നാലര മണിക്കൂറിൽ കൂടുതൽ ചെലവഴിക്കുന്നുണ്ട്.
സ്മാർട്ട്‌ ഫോൺ ഉപയോഗിക്കാതിരിക്കുന്നതു ഇപ്പോൾ സങ്കല്‍പ്പിക്കാനാവാത്തതും ചിലര്‍ക്കെങ്കിലും തീരെ അപ്രായോഗികവുമാണ്. അതിനാല്‍ മിതത്വം പാലിക്കുക എന്നതാണ് ഇവിടെ പ്രധാനം. നിങ്ങളുടെ ഫോണ്‍ ഉപയോഗം കുറയ്ക്കാനും നിങ്ങളുടെ സമയം വീണ്ടെടുക്കാനും ചില മാര്‍ഗങ്ങള്‍ ഇതാ:
സന്നദ്ധത അല്ലെങ്കില്‍ ആഗ്രഹം
നമ്മള്‍ സ്‌ക്രീനുകളില്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കുന്നതിന് ഒന്നാമതായി വേണ്ടത് ഉറച്ച സന്നദ്ധതയാണ്. ആഗ്രഹിക്കുന്നതിലും കൂടുതല്‍ സമയം നമ്മള്‍ ഫോണിലും മറ്റും ചെലവഴിക്കുന്നുവെന്ന് നമ്മില്‍ പലര്‍ക്കും സ്വയം അറിയാവുന്നതാണ്, എന്നിട്ടും നമ്മുടെ ഉപയോഗം കുറയ്ക്കാന്‍ നമ്മള്‍ക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഇച്ഛാശക്തി ആവശ്യമാണെന്ന് പറയുന്നത്. അപ്പോള്‍ സ്‌ക്രീന്‍ സമയം കുറയ്ക്കുന്നതിനുള്ള നമ്മുടെ തീരുമാനത്തെ മറ്റ് പതിവ് ശീലങ്ങൾ തകിടം മറിക്കില്ല.
നോട്ടിഫിക്കേഷനുകള്‍ ഓഫാക്കുക
പൊതുവേ നിരുപദ്രവകരമാണ് നോട്ടിഫിക്കേഷനുകളെന്ന് തോന്നും, പക്ഷേ ശരിക്കും അങ്ങനെയാണോ?
നിരന്തരമായ നോട്ടിഫിക്കേഷനുകള്‍ നമ്മുടെ ശ്രദ്ധയെ വളരെയധികം വ്യതിചലിപ്പിക്കുമെന്നും ഉല്‍പ്പാദനക്ഷമത 40 ശതമാനം വരെ കുറയ്ക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഇടയ്ക്കിടെയുണ്ടാകുന്ന ഇത്തരം തടസങ്ങള്‍ നമ്മുടെ തലച്ചോറിന്റെ രസതന്ത്രത്തെ മാറ്റുകയും ഉത്കണ്ഠയും സമ്മര്‍ദ്ദവും അനുഭവപ്പെടാന്‍ ഇടയാക്കുകയും ചെയ്യും.
അപ്പോള്‍ നോട്ടിഫിക്കേഷനുകള്‍ ഓഫാക്കുക അല്ലെങ്കില്‍ നിശബ്ദമാക്കി വയ്ക്കുക എന്നതാണ് ഇതിനൊരു പരിഹാരം. പക്ഷേ അവയില്‍ ചിലത് നിങ്ങള്‍ ശ്രദ്ധ കൊടുക്കേണ്ടവയായിരിക്കും. അതായത് ഔദ്യോഗികമായ ആശയവിനിമയങ്ങളാണെങ്കില്‍ ഈ മാര്‍ഗം പ്രായോഗികമാകില്ല. അത്തരം സാഹചര്യത്തില്‍ ഒഴിവാക്കാനാകാത്ത ചില നോട്ടിഫിക്കേഷന്‍ മാത്രം ഓണ്‍ ആക്കി വയ്ക്കുകയും അല്ലാത്തത് ഓഫ് ചെയ്ത് വയ്ക്കുകയും ചെയ്യുക. നോട്ടിഫിക്കേഷനുകള്‍ വരുമ്പോള്‍ അത് പരിശോധിക്കാനുള്ള പ്രേരണയെ ചെറുക്കാന്‍ പൊതുവേ പ്രയാസമാണ്. ഒരു നോട്ടിഫിക്കേഷന്‍ നോക്കാനായിരിക്കും ഫോണ്‍ എടുക്കുക. പക്ഷേ, അതില്‍ അവസാനിക്കില്ല. ഒന്നിനു പുറകേ മറ്റൊന്നെന്ന രീതിയില്‍ അതിങ്ങനെ നോക്കിക്കൊണ്ടേയിരിക്കും. നമ്മള്‍ അത് തിരിച്ചറിയുമ്പോഴേക്കും അരമണിക്കൂര്‍ കഴിഞ്ഞിരിക്കും.
രണ്ടു വര്‍ഷം മുമ്പാണ് ഞാന്‍ എന്റെ വാട്ട്സ്ആപ്പ് നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്തത്. ഫോണില്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കാന്‍ മാത്രമല്ല, നല്ലൊരു മാനസികാവസ്ഥ ഉണ്ടാകാനും ഇത് എന്നെ സഹായിച്ചു.
ഉപയോഗശൂന്യമായ ഗ്രൂപ്പുകളില്‍ നിന്ന് പുറത്തുകടക്കുക, അല്ലെങ്കില്‍ നിശബ്ദമാക്കുക
നമ്മള്‍ അനുവദിച്ചാല്‍ ഒരോ ദിവസവും വിവരങ്ങളുടെ ഒരു കുത്തൊഴുക്കാണ് നമ്മിലേക്ക് വന്ന് ചേരുന്നത്. ഇത്രയും അധികം വിവരങ്ങള്‍ നമുക്ക് അനിവാര്യമാണോ അതോ നമുക്ക് വേണ്ടത് മാത്രം തെരഞ്ഞെടുക്കണോ? ഇത് തീരുമാനിക്കേണ്ടത് നമ്മളാണ്. 
നമ്മില്‍ പലരും പല ഗ്രൂപ്പുകളിലും അംഗങ്ങളായിരിക്കും, അതിലെല്ലാം ദിവസവും അനന്തമായ ഫോര്‍വേര്‍ഡ് മെസേജുകള്‍ കാണും.നമുക്ക് കാര്യമായ മൂല്യമൊന്നും അവ നല്‍കുന്നില്ല, പക്ഷേ നമ്മുടെ സമയം അപഹരിക്കുന്നു. അവ നിശബ്ദമാക്കിവയ്ക്കുകയോ അല്ലെങ്കില്‍ അത്തരം ഗ്രൂപ്പുകളില്‍ നിന്ന് പുറത്തുകടക്കുകയോ ചെയ്യുകയാണെങ്കില്‍ അവ ചെക്ക് ചെയ്യേണ്ട പ്രശ്‌നം വരുന്നില്ല.
നിങ്ങളെ വ്യാപൃതരാക്കുന്ന, അര്‍ത്ഥവത്തായ എന്തെങ്കിലും കണ്ടെത്തുക
അര്‍ത്ഥവത്തായ എന്തെങ്കിലും കാര്യങ്ങളിലേക്ക് നിങ്ങള്‍ക്ക് മുഴുകാനായാല്‍ ഒരു പരിത്യാഗം ചെയ്യുന്നുവെന്ന തോന്നലില്ലാതെ തന്നെ ഫോണില്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കാന്‍ സാധിക്കും. സ്‌ക്രീന്‍ സമയം വെട്ടിക്കുറയ്ക്കുന്നത് വഴി നിങ്ങള്‍ എല്ലായ്പ്പോഴും ചെയ്യാന്‍ ആഗ്രഹിക്കുന്നതും എന്നാല്‍ സമയം ലഭിക്കാത്തതുമായ പല കാര്യങ്ങൾക്കും സമയം കിട്ടും. 
സുഹൃത്തുക്കളുമായി കൂടുതല്‍ സമയം ചെലവഴിക്കുക, ഒരു പുസ്തകം വായിക്കുക, ഒരു സംഗീത ഉപകരണം പഠിക്കുക, അല്ലെങ്കില്‍ നിങ്ങളുടെ ഹോബികൾക്കായി കൂടുതല്‍ സമയം ചെലവഴിക്കുക എന്നിങ്ങനെ എന്തെങ്കിലുമൊക്കെ ആയിരിക്കാം.
നിങ്ങളുടെ സമയം ട്രാക്കുചെയ്യുക
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, ഞാന്‍ വിചാരിക്കുന്നതിലും കൂടുതല്‍ സമയം ഫോണില്‍ ചെലവഴിക്കുന്നതായി കണ്ടെത്തിയപ്പോള്‍, Usage Time എന്ന ആപ്ലിക്കേഷന്‍ ഞാന്‍ ഡൗണ്‍ലോഡുചെയ്തു. പേര് സൂചിപ്പിക്കുന്നത് പോലെ, നിങ്ങളുടെ ഫോണുകളില്‍ നിങ്ങള്‍ ചെലവഴിക്കുന്ന സമയം, ഓരോ ആപ്പിലും നിങ്ങള്‍ ചെലവഴിച്ച സമയം, ദിവസം മുഴുവന്‍ നിങ്ങളുടെ ഫോണ്‍ എത്ര തവണ അണ്‍ലോക്കുചെയ്തു എന്നിവയൊക്കെ ഇത് കാണിക്കുന്നു.
ഈ ഡാറ്റ കൈവശം വയ്ക്കുന്നത് ഫോണില്‍ ചെലവഴിച്ച സമയത്തെക്കുറിച്ച് നമ്മളെ ബോധവാന്മാരാക്കാന്‍ നല്ലതാണ്. ഒപ്പം നമുക്ക് ആവശ്യമുള്ള സ്‌ക്രീന്‍ സമയത്തില്‍ ടാര്‍ഗെറ്റുകള്‍ സജ്ജീകരിക്കാനും അവ ട്രാക്കുചെയ്യാനും സഹായിക്കുന്നു.
വ്യക്തമായ ഉദ്ദേശ്യത്തോടെ ഫോണ്‍ ഉപയോഗിക്കുക
നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചുകിട്ടില്ല. പലപ്പോഴും പറഞ്ഞു പഴകിയ വാചകമാണിത് . പക്ഷേ, നമ്മുടെ ഫോണ്‍ ഉപയോഗം മന:പൂര്‍വവും ലക്ഷ്യബോധമുള്ളതുമാണെങ്കില്‍ ഇതില്‍ ചെലവഴിക്കുന്ന സമയം നമുക്ക് ഗണ്യമായി കുറയ്ക്കാം. സൈക്കോളജി പ്രൊഫസറും ദി ഡിസ്ട്രാക്റ്റ് മൈന്‍ഡിന്റെ രചയിതാവുമായ ലാറി റോസന്‍ സിഎന്‍ബിസിയോട് പറഞ്ഞതിങ്ങനെയാണ് ,-'' അലേര്‍ട്ടുകളോ നോട്ടിഫിക്കേഷനുകളോ ഇല്ലെങ്കില്‍ പോലും മിക്ക ആളുകളും 15 മിനിറ്റ് ഇടവിട്ട് ഫോണ്‍ പരിശോധിക്കുന്നു''.
നിങ്ങള്‍ക്ക് എന്താണ് പ്രധാനപ്പെട്ടത് അല്ലെങ്കില്‍ നിങ്ങള്‍ ചെലവഴിക്കുന്ന സമയത്തിന് മൂല്യം നല്‍കുന്നതെന്താണ് എന്ന് മനസിലാക്കി നിങ്ങളുടെ സ്‌ക്രീന്‍ സമയത്തിന് മുന്‍ഗണന നിശ്ചയിക്കുക..
നിങ്ങള്‍ക്ക് ഫോണ്‍ എടുക്കാന്‍ അതിയായ പ്രേരണയുണ്ടാകുമ്പോള്‍ നിങ്ങളോട് തന്നെ ചില ചോദ്യങ്ങള്‍ ചോദിക്കുക, ഇതില്‍ സത്യസന്ധത പുലര്‍ത്താന്‍ തയ്യാറാകുകയും വേണം.
* ഞാന്‍ എന്തിനാണ് ഇപ്പോള്‍ ഫോണ്‍ പുറത്തെടുക്കുന്നത്?
* ഇത് ചെയ്യുന്നത് എന്റെ ജീവിതത്തിന് എങ്ങനെ മൂല്യമുണ്ടാക്കും?
* ഇത് അടിയന്തിരമാണോ? കുറച്ചു കഴിഞ്ഞായാലും പോരെ?
ഒരു നീണ്ട ദിവസത്തിനുശേഷം, സോഷ്യല്‍ മീഡിയയില്‍ പരതിയോ, YouTube അല്ലെങ്കില്‍ നെറ്റ്ഫ്‌ളി ക്‌സില്‍ വീഡിയോ കണ്ടോ ഒക്കെ നമ്മളെ തന്നെ സന്തോഷിപ്പിക്കാന്‍ നമ്മള്‍ ആഗ്രഹിക്കാറുണ്ട്. അവ നമുക്ക് പെട്ടെന്നൊരു സംതൃപ്തി നല്‍കുമെങ്കിലും ഇത്തരം ശീലമുണ്ടാക്കുന്നത് ദീര്‍ഘകാലത്തില്‍ വലിയ നേട്ടം നല്‍കില്ല.
അതേസമയം, നിങ്ങള്‍ പുസ്തകങ്ങള്‍ വായിക്കുകയാണെങ്കില്‍ അതില്‍ നിന്നുള്ള ആശയങ്ങള്‍ ജീവിതത്തില്‍ മാറ്റം വരുത്തിയേക്കാം, വ്യായാമം ചെയ്യുന്നതും നിങ്ങളുടെ മാനസികാവസ്ഥയും ആരോഗ്യവും  മെച്ചപ്പെടുത്തും.
അതായത് നിങ്ങളുടെ ഹോബികള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കുന്നത് കാലക്രമേണ കൂടുതല്‍ സംതൃപ്തി നല്‍കും. അതിനാല്‍, നമ്മുടെ സമയം എങ്ങനെ ചെലവഴിക്കുന്നു എന്നതിന്റെ ദീര്‍ഘകാല പ്രത്യാഘാതത്തെക്കുറിച്ച് ചിന്തിക്കുന്നത് പ്രധാനപ്പെട്ടതെന്തെന്ന് തിരിച്ചറിയാനും നമ്മുടെ സമയം കൂടുതല്‍ വിവേകപൂര്‍വ്വം ഉപയോഗിക്കാനും സഹായിക്കുന്നു. 

Read the original article in English


Tags:    

Similar News