നിങ്ങളുടെ ബിസിനസ് ആശയം വിജയിക്കുമോ? അത് അറിയാനുള്ള വഴിയിതാ

നൂതനമായ ബിസിനസ് ആശയമാണ് നിങ്ങളുടേതെങ്കില്‍ അതിന്റെ വിജയ സാധ്യത പരിശോധിക്കാനുള്ള മാര്‍ഗം ഇതാണ്

Update: 2022-10-30 07:00 GMT

ഒരു ബിസിനസ് ആശയം വിജയിക്കുമോ ഇല്ലയോ എന്ന് എങ്ങനെ മനസിലാക്കാം? ഒരിക്കലും ഒരു ബിസിനസ് ആശയവും നൂറുശതമാനം വിജയിക്കുമെന്നോ പരാജയപെടുമെന്നോ ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ് പറയാന്‍ കഴിയില്ല.

എന്നാല്‍ തിരഞ്ഞെടുത്ത ബിസിനസ് ആശയം നിലവില്‍ മാര്‍ക്കറ്റില്‍ മറ്റാരെങ്കിലും ചെയ്ത് വിജയിച്ചതാണെങ്കില്‍ ആ ഒരു കാരണംകൊണ്ടുതന്നെ ആശയത്തിന് വിജയ സാധ്യത ഉണ്ടെന്ന് പറയാം. എന്നാല്‍ വളരെ നൂതനമായ ഒരു ബിസിനസ് ആശയമാണ് ഉള്ളതെങ്കില്‍ അതിന്റെ വിജയസാധ്യത മനസിലാക്കാന്‍ 3 കാര്യങ്ങള്‍ ആഴത്തില്‍ അവലോകനം ചെയ്യേണ്ടതുണ്ട്. അവ ഓരോന്നായി പരിശോധിക്കാം.

1. Desirability : നിങ്ങളുടെ ആശയത്തില്‍ നിന്ന് ആളുകള്‍ക്ക് ശരിക്കും നേട്ടങ്ങള്‍ ലഭിക്കുന്നുണ്ടോ? നിങ്ങളുടെ ബിസിനസ്സ് ആശയം ഉപഭോക്താക്കളുടെ എന്ത് 'വേദന'യാണ് അഭിസംബോധന ചെയ്യുന്നത്? ബിസിനസ് ആശയം വളരെ മഹത്തരമായിരിക്കാം എന്നാല്‍ ആ ആശയത്തില്‍ നിന്നുമുണ്ടാകുന്ന ഉല്‍പ്പന്നമോ സേവനമോ ആളുകള്‍ക്ക് ആവശ്യമില്ലാത്തതാണെങ്കില്‍ അത് മാര്‍ക്കറ്റില്‍ പരാജയപ്പെട്ടുപോകും. ഉപഭോക്താവ് നിങ്ങളുടെ ഉല്‍പ്പന്നം ഉപയോഗിക്കുന്നതുവഴി ലഭിക്കുന്ന നേട്ടങ്ങള്‍ എന്തെന്ന് മനസിലാക്കുക. എല്ലാ ആളുകളും നമ്മുടെ ഉപഭോക്താക്കള്‍ അല്ല എന്നും അറിയുക. അതിനാല്‍ നിങ്ങള്‍ ലക്ഷ്യമിടുന്ന ഉപഭോക്താവിന്റെ പ്രായം, സ്ഥലം, വിദ്യാഭ്യാസം, വരുമാനം എന്നവ മനസിലാക്കുക.

2. Feasibility : ഉല്‍പ്പന്നം നിങ്ങള്‍ക്ക് നിര്‍മ്മിക്കാനാകുമോ? ഉല്‍പ്പന്നം സൃഷ്ടിക്കാന്‍ നിങ്ങള്‍ക്ക് മതിയായ സാങ്കേതികവിദ്യ ഉണ്ടോ? അത് യാഥാര്‍ത്ഥ്യമാക്കാന്‍ നിങ്ങള്‍ക്ക് വൈദഗ്ധ്യമുള്ള ഹ്യൂമന്‍ റിസോഴ്‌സ് ഉണ്ടോ? പദ്ധതി പൂര്‍ത്തിയാക്കാന്‍ നിങ്ങളുടെ പക്കല്‍ മതിയായ ഫണ്ടുണ്ടോ? ഈ പ്രോജക്റ്റ് നിങ്ങള്‍ക്ക് പ്രായോഗികമാണോ അല്ലയോ എന്ന് ചോദിക്കുക. ബിസിനസ് ആശയം മികച്ചതാണെങ്കിലും അത് നടപ്പിലാക്കാനുള്ള ശേഷി നിങ്ങള്‍ക്കില്ല എങ്കില്‍ ആ ബിസിനസ് ആശയം നിങ്ങളെ കൂടുതല്‍ പ്രശ്‌നത്തിലേക്കേ തള്ളിവിടുകയുള്ളു.

3. Viability : ഈ ബിസിനസ്സില്‍ നിന്ന് നിങ്ങള്‍ക്ക് എത്രത്തോളം ലാഭം ലഭിക്കും? നിങ്ങളുടെ ആശയത്തിന് ആവശ്യമുള്ള ലാഭം നേടാനുള്ള മാര്‍ക്കറ്റബിലിറ്റി ഉണ്ടോ? ഉല്‍പ്പന്നം മികച്ചതായിക്കോട്ടെ, എന്നാല്‍ ഒരു ഉല്‍പ്പന്നം വില്‍ക്കുന്നതില്‍നിന്നും എത്രത്തോളം ലാഭം ലഭിക്കുന്നു എന്നത് പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. വിറ്റുവരവിനെ മാത്രം അടിസ്ഥാനപ്പെടുത്തി സംരംഭത്തിന്റെ വിജയത്തെ അളക്കരുത്. അളവുകോല്‍ എന്നത് മാര്‍ജിനും ലാഭവും ആയിരിക്കണം. എപ്പോഴാണ് ബ്രേക്ക് ഈവന്‍ പോയിന്റില്‍ എത്താന്‍ കഴിയുക എന്നതും അറിയേണ്ടത് അനിവാര്യമാണ്. ഈ പ്രോജക്റ്റ് പ്രായോഗികമാണെന്ന് ഉറപ്പാക്കുക.

ഈ മൂന്നു കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് കുറവാണെങ്കില്‍ അത് ആ ആശയത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അതിനാല്‍ ഏതൊരു ആശയം തിരഞ്ഞെടുക്കുമ്പോഴും അതില്‍ ഈ 3 കാര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

Tags:    

Similar News