ശന്തനു നാരായണും അജയ് ബംഗയും 'ഫോര്‍ച്യൂണ്‍ ബിസിനസ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍'

ലോകം മുഴുവന്‍ സ്തംഭനാവസ്ഥയില്‍ ആക്കിയ കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യക്കാര്‍ക്ക് ഏറെ അഭിമാനം നല്‍കി മികച്ച വിജയം കൈവരിച്ചിരിക്കുകയാണ് രണ്ട് ഇന്ത്യാക്കാര്‍. അറിയാം ഈ വ്യക്തിത്വങ്ങളെ .

Update:2020-12-05 19:11 IST

ഇന്ത്യാക്കാരായ അഡോബ് സി ഇ ഓ ശന്തനു നാരായണും മാസ്റ്റര്‍ കാര്‍ഡ് സി ഇ ഓ അജയ് ബംഗയും ഫോര്‍ച്യൂണ്‍ മാഗസിന്റെ 2020ലെ ബിസിനസ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ശന്തനു എട്ടാം സ്ഥാനവും അജയ് ഒമ്പതാം സ്ഥാനവും കരസ്ഥമാക്കിയ ലിസ്റ്റില്‍ ഒന്നാമത് ടെസ്ല സി ഇ ഓ എലണ്‍ മസ്‌ക്കാണ്. ഇത് രണ്ടാം വട്ടമാണ് മസ്‌ക് ഒന്നാമതെത്തുന്നത്.

സാമ്പത്തിക രംഗം കൂപ്പുകുത്തിയ 2020 ന്റെ മൂന്നാം പാദത്തില്‍ ശന്തനു നയിക്കുന്ന അഡോബ് എക്കാലത്തെയും വലിയ വരുമാനനേട്ടം കൈവരിച്ചതിനാണ് ഫോര്‍ച്യൂണ്‍ അദ്ദേഹത്തെ ആദരിക്കുന്നത്. ഒരോ വര്‍ഷവും 14 ശതമാനം വളര്‍ച്ച കൈവരിച്ച് 3.3 ബില്യണ്‍ യു എസ്സ് ഡോളര്‍ എന്ന റെക്കോര്‍ഡ് നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് അഡോബ്. കമ്പനിയുടെ ഡിജിറ്റല്‍ മീഡിയ വിഭാഗമാണ് നേട്ടങ്ങള്‍ക്ക് പിന്നില്‍.

ഒരു തമിഴ് കുടുംബത്തിലെ രണ്ടാമത്തെ മകനായി ജനിച്ച ശന്തനു പഠിച്ചു വളര്‍ന്നത് ഹൈദരാബാദില്‍. അമ്മ അമേരിക്കന്‍ സാഹിത്യം പഠിപ്പിക്കുന്ന അദ്ധ്യാപികയായിരുന്നു. അച്ഛനാകട്ടെ ഒരു പ്ലാസ്റ്റിക് കമ്പനി നടത്തുകയായിരുന്നു. ഹൈദരാബാദ് പബ്ലിക് സ്‌കൂളില്‍ പഠിച്ച ശന്തനു ഉസ്മാനിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കിയ ശേഷം 1986 ല്‍ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തര ബിരുദത്തിന് അമേരിക്കയിലെ ഓഹിയോ ബൗളിംഗ് ഗ്രീന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയുടെ കീഴില്‍ ബെര്‍ക്ക്‌ലിയിലുള്ള ഹാസ് സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ നിന്ന് എം ബി എ കൂടി നേടി. അവിടെ വച്ച കണ്ടുമുട്ടിയ ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഡോക്ടറേറ്റുള്ള റെനിയാണ് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി, ഇപ്പോള്‍ കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോയില്‍ താമസിക്കുന്നു.

എം ബി എ ക്ക് ശേഷം സിലിക്കോണ്‍ വാലിയില്‍ മേഷുറെക്‌സ് ഓട്ടോമേഷന്‍ സിസ്റ്റംസ് എന്ന സ്റ്റാര്‍ട്ട് അപ്പില്‍ ചേര്‍ന്നു. പിന്നീട ആപ്പിള്‍ കമ്പനിയില്‍ എത്തിയ അദ്ദേഹം അവിടെ വിവിധ സീനിയര്‍ മാനേജ്മന്റ് തസ്തികകളില്‍ ജോലി ചെയ്ത ശേഷം സിലിക്കോണ്‍ ഗ്രാഫിക്‌സ് എന്ന കമ്പനിയില്‍ ചേര്‍ന്നു. 1996 ല്‍ അദ്ദേഹം ഡിജിറ്റല്‍ ഫോട്ടോ ഷെയറിങ് എന്ന ആശയത്തിന്റെ ഉപജ്ഞാതാക്കളായ പിക്ട്ര എന്ന കമ്പനിയുടെ സഹസ്ഥാപകനായി.

1998 ല്‍ ആഗോള തലത്തിലെ ഉല്‍പ്പന്ന വികസനത്തിന്റെ സീനിയര്‍ വൈസ് പ്രസിഡണ്ട് ആയിട്ടാണ് ശന്തനു അഡോബില്‍എത്തുന്നത്. 2001 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. പിന്നീട് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആയി. 2005 ല്‍ പ്രസിഡണ്ട് ആന്‍ഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആയി.

2007 ല്‍ ബ്രൂസ് ഷിസന്‍ സി ഇ ഓ സ്ഥാനം ഒഴിഞ്ഞപ്പോള്‍ ആ സ്ഥാനത്തേക്ക് ശന്തനു ഉയര്‍ത്തപ്പെട്ടു. അതിന് ശേഷം ശാന്തനുവിന്റെ നേതൃത്വത്തില്‍ കമ്പനി അഭൂതപൂര്‍വ്വമായ നേട്ടങ്ങളാണ് കൈവരിച്ചത്. ഫോട്ടോഷോപ്പ്, പ്രീമിയര്‍ പ്രോ , അക്രോബാറ്റ്/പി ഡി എഫ് തുടങ്ങിയ വിപ്ലവാത്മക പ്രോഗ്രാമുകള്‍ അദ്ദേഹം കൊണ്ടുവന്നു. 2018 ആകുമ്പോഴേക്ക് 100 ബില്യണ്‍ ഡോളര്‍ നേട്ടത്തോടെ അഡോബ് 'ഫോര്‍ച്യൂണ്‍ 400' പട്ടികയില്‍ കയറി. മോസ്റ്റ് ഇന്നൊവേറ്റീവ് കമ്പനികളുടെ പട്ടികയില്‍ പതിമൂന്നാത്തെ സ്ഥാനത്ത് എത്തുകയും ചെയ്തു. 

അജയ് ബംഗ കഴിഞ്ഞ പത്ത് വര്‍ഷമായി മാസ്റ്റര്‍ കാര്‍ഡിന്റെ സി ഇ ഓയാണ്. ജനുവരി ഒന്നിന് ആ പദവി ഒഴിയുന്നതിന് തൊട്ടു മുമ്പാണ് ഫോര്‍ച്യൂണ്‍ ലിസ്റ്റില്‍ ഒമ്പതാം സ്ഥാനം എന്ന നേട്ടം അദ്ദേഹത്തെ തേടി വന്നിരിക്കുന്നത്.

അജയിന്റെ പത്ത് വര്‍ഷത്തെ മാസ്റ്റര്‍ കാര്‍ഡ് സി ഇ ഓ സ്ഥാനം മികച്ച കോര്‍പ്പറേറ്റ് നേതൃത്വം എങ്ങനെയായിരിക്കണം എന്ന കാര്യത്തില്‍ ഒരു പാഠം ആണെന്നാണ് ഫോര്‍ച്യൂണ്‍ മാഗസിന്‍ അഭിപ്രായപ്പെട്ടത്. ഓരോ വര്‍ഷവും 19 ശതമാനമാണ് ലാഭവളര്‍ച്ച. ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്ക് 1600 ശതമാനം റിട്ടേണ്‍. പരിസ്ഥിതി സംരക്ഷണ രംഗത്ത് ഒരുപാട് സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കിയതും ജീവനക്കാര്‍ക്ക് നല്‍കിയ ഉദാരമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയതും ഇതിന് പുറമെ. പുതിയ സി ഇ ഓ യ്ക്ക് അദ്ദേഹം കൈമാറുന്ന മറ്റൊരു പദ്ധതി കൂടിയുണ്ട്. ബാങ്കുമായി ബന്ധമില്ലാത്ത നൂറു കോടി പേരെ സാമ്പത്തിക ചങ്ങലയിലേക്ക് കൊണ്ടുവരാനുള്ള ബൃഹത്തായൊരു പദ്ധതി.

ശന്തനുവിനെപ്പോലെ ഹൈദരാബാദ് പബ്ലിക് സ്‌കൂളില്‍ പഠിച്ച അജയ് ബംഗ 1960 ല്‍ പൂനെയില്‍ ഒരു സിഖ് കുടുംബത്തിലാണ് ജനിച്ചത്. പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ അച്ഛന്‍ പട്ടാളത്തില്‍ലെഫ്റ്റനന്റ് ജനറല്‍ ആയിരുന്നു. ഹൈദരാബാദ് കൂടാതെ സെക്കന്ദരാബാദ്, ജലന്ധര്‍, ഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ കൂടി പഠിച്ച അജയ് ഷിംലയിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് എക്കണോമിക്‌സില്‍ ബിരുദം നേടിയ ശേഷം അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് എം ബി എ യ്ക്ക് തത്തുല്യമായ പി ജി പി ഇന്‍ മാനേജ്‌മെന്റ് കരസ്ഥമാക്കി.

1981 ല്‍ നെസ്ലെയിലാണ് അജയ് തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. പതിമൂന്ന് വര്‍ഷം സെയില്‍സ് , മാര്‍ക്കറ്റിംഗ്, ജനറല്‍ മാനേജ്‌മെന്റ് തുടങ്ങി പല ജോലികള്‍ ചെയ്ത ശേഷം പെപ്‌സികോയില്‍ ചേര്‍ന്ന് അവരുടെ അന്താരാഷ്ട്ര ഫാസ്റ്റ് ഫുഡ് ഫ്രാന്‍ഞ്ചൈസി തുടങ്ങുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

ന്യൂയോര്‍ക്ക് ഹാള്‍ ഓഫ് സയന്‍സിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയര്‍മാന്‍, നാഷണല്‍ അര്‍ബന്‍ ലീഗിന്റെ ബോര്‍ഡ് മെമ്പര്‍ എന്നീ പദവികള്‍ വഹിച്ച അദ്ദേഹം സിറ്റി ബാങ്കിന്റെ ആഫ്രിക്കന്‍ ഹെറിറ്റേജ് നെറ്റ് വര്‍ക്കിന്റെ ബിസിനസ് സ്‌പോണ്‍സര്‍ ആയി. പിന്നീട് പല സാമൂഹിക വികസന പദ്ധതികളിലും ഭാഗവാക്കായി. 2005 - 2009 കാലത്ത് സിറ്റി ബാങ്കിന്റെ ആഗോള തലത്തിലുള്ള മൈക്രോ ഫൈനാന്‍സിങ് മേഖലയിലെ നയങ്ങളുടെ ചുക്കാന്‍ പിടിച്ചു. 2020 ല്‍ അദ്ദേഹം ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കോമേഴ്സ് ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കപ്പട്ടു.

മാസ്റ്റര്‍ കാര്‍ഡ് പ്രസിഡണ്ടും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്ന അജയ് 2010 ലാണ് സി ഇ ഓ ആയി നിയമിതനാകുന്നത്. 2015 ല്‍ അന്നത്തെ യു എസ് പ്രസിഡണ്ട് ബാരാക് ഒബാമ ബംഗയെപ്രസിഡണ്ടിന്റെ ട്രേഡ് പോളിസി ആന്‍ഡ് നെഗോഷിയേഷന്‍സ് അഡൈ്വസറി കമ്മിറ്റി അംഗമായി നിയമിച്ചു. 2016 ല്‍ ഇന്ത്യ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.

Tags:    

Similar News