ജോലിക്കെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം, വേണ്ടത് നിങ്ങളേക്കാള്‍ കഴിവുള്ളയാളെ
നിയമന രീതികള്‍ക്ക് ആഗോളതലത്തില്‍ വലിയ മാറ്റങ്ങള്‍, ചിലത് പരീക്ഷിക്കാം
'നിങ്ങളെക്കാളും കഴിവുള്ള ആളുകളെ ജീവനക്കാരായി നിയമിക്കുക' എന്ന് വിജയിച്ച പല ബിസിനസ് നേതാക്കളും പറയാറുണ്ട്. ഒരു ബിസിനസ്സില്‍ അത്രത്തോളം പ്രാധാന്യമുള്ള ഒന്നാണ് അതിലെ ജീവനക്കാര്‍. ബിസിനസിനെ ഉയര്‍ന്ന തലങ്ങളിലേക്ക് വളര്‍ത്താന്‍ നിലവാരമുള്ള ജീവനക്കാര്‍ കൂടിയേ തീരു.
എന്നാല്‍ ഇന്ന് നമ്മുടെ നാട്ടിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നം ജീവനക്കാരുടെ ലഭ്യതകുറവാണ്. വരുന്ന ജീവനക്കാര്‍ക്ക് തൊഴില്‍ പരിജ്ഞാനം ഇല്ല എന്നത് മറ്റൊരു വെല്ലുവിളിയാണ്.
ഇനി ജീവനക്കാരെ ലഭിച്ചാലും അവരെ പരിശീലിപ്പിച്ചെടുക്കാനായി ധാരാളം സമയവും പണവും നിക്ഷേപിക്കേണ്ടതായിവരും. അവര്‍ സ്ഥാപനത്തില്‍ അധികകാലം തുടര്‍ന്നില്ല എങ്കില്‍ ആ നിക്ഷേപം നഷ്ടത്തില്‍ കലാശിക്കും. ഇതെല്ലം മാറ്റിവച്ചാല്‍, കഴിവുള്ള ആളുകളില്‍ പലര്‍ക്കും ജീവനക്കാരായി തുടരാന്‍ താല്പര്യമില്ലാത്തതിനാല്‍, സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ശ്രമിക്കും. ഇത് ബിസിനസ്സില്‍ ജീവനക്കാരുടെ ക്ഷാമത്തിന് ഇടയാക്കുകയും, ബിസിനസ്സിന്റെ വളര്‍ച്ച മന്ദഗതിയില്‍ ആവുകയും ചെയ്യും.
ജീവനക്കാരുടെ നിയമന രീതികള്‍ ആഗോളതലത്തില്‍തന്നെ വലിയ മാറ്റങ്ങള്‍ വരുന്നുണ്ട്. അതില്‍ ചിലതെങ്കിലും നമ്മുടെ നാട്ടിലെ സംരംഭങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്.
1. ഓട്ടോമേഷന്‍:
ഏതൊരു സാധാരണക്കാരനും ഉപയോഗിക്കത്തക്കരീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വളരുന്ന സാഹചര്യത്തില്‍ അതുപയോഗിച്ച് ചില തൊഴിലുകളെങ്കിലും ഓട്ടോമേറ്റ് ചെയ്യാവുന്നതാണ്. എ.ഐ പവര്‍ഡ് അസിസ്റ്റന്റുകള്‍ അല്ലെങ്കില്‍ വര്‍ക്ക്ഫ്‌ളോ ഓട്ടോമേഷന്‍ പ്ലാറ്റ്ഫോമുകള്‍ പോലുള്ള സോഫ്റ്റ്‌വെയർ ടൂളുകള്‍ ഉപയോഗിച്ച് ഡാറ്റാ എന്‍ട്രി, ഷെഡ്യൂളിംഗ്, ഇമെയില്‍ മാനേജ്മെന്റ്, ഡോക്യുമെന്റ് പ്രോസസ്സിംഗ് എന്നിവ ഓട്ടോമേറ്റ് ചെയ്യാവുന്നതാണ്.
അടിസ്ഥാനപരമായ കസ്റ്റമര്‍ ഇന്‍ക്വയറികളും സപ്പോര്‍ട്ട് ടാസ്‌കുകളും ചാറ്റ്‌ബോട്ടുകള്‍ അല്ലെങ്കില്‍ ഓട്ടോമേറ്റഡ് ഫോണ്‍ സിസ്റ്റങ്ങള്‍ വഴി കൈകാര്യം ചെയ്യാന്‍ കഴിയും. ഇമെയില്‍ മാര്‍ക്കറ്റിംഗ് കാമ്പെയ്നുകള്‍, സോഷ്യല്‍ മീഡിയ പോസ്റ്റിംഗ്, ലീഡ് ക്വാളിഫിക്കേഷന്‍ എന്നിവ മാര്‍ക്കറ്റിംഗ് ഓട്ടോമേഷന്‍ പ്ലാറ്റ്ഫോമുകളും സി.ആര്‍.എം സിസ്റ്റങ്ങളും ഉപയോഗിച്ച് ഓട്ടോമേറ്റ് ചെയ്യാവുന്നതാണ്.
2. കഴിവുകള്‍ അടിസ്ഥാനമാക്കിയുള്ള നിയമനം:
ഒരുകാലത്ത് ജോലികള്‍ക്ക് അടിസ്ഥാന യോഗ്യത നിര്‍ബന്ധമായിരുന്നു എങ്കില്‍ ഇന്ന് അതിനെ ആശ്രയിച്ചുമാത്രം നിയമനം നടത്താന്‍ സാധിക്കില്ല. കാരണം ഇന്ന് വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ നൈപുണ്യവും തമ്മില്‍ ബന്ധമില്ല.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് തൊഴിലിലെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും നിര്‍വഹിക്കാനുള്ള കഴിവ് ഉണ്ടാവണമെന്നില്ല. അതിനാല്‍
വിദ്യാഭ്യാസയോഗ്യത മാറ്റിനിര്‍ത്തി അടിസ്ഥാനപരമായ നൈപുണ്യം ഉണ്ടോ എന്ന് പരിശോധിക്കുക. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം, വേഗത്തില്‍ കാര്യങ്ങള്‍ ചെയ്യാനും പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള നൈപുണ്യം എന്നിവയെല്ലാം പരിഗണിക്കാം. ഇത് ഒരിക്കലും 5 മിനിറ്റ് നേരത്തെ അഭിമുഖത്തില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞെന്നുവരില്ല.
അതിനാല്‍ ചില ടാസ്‌കുകള്‍ കൊടുത്ത് അവരുടെ പ്രകടനം വിലയിരുത്തേണ്ടിവരും. ഇത്തരം അടിസ്ഥാന നൈപുണ്യം ഉണ്ടെങ്കില്‍
മറ്റുള്ള തൊഴില്‍പരമായ വിഷയങ്ങള്‍ എളുപ്പത്തില്‍ പരിശീലിപ്പിച്ചെടുക്കാന്‍ സംരംഭകര്‍ക്ക് സാധിക്കും.
3. റിമോട്ട് വര്‍ക്കിംഗ്:
ലോക്ഡൗണ്‍ സമയത്താണ് വര്‍ക്ക് ഫ്രം ഹോം എന്ന ആശയം സ്ഥാപനങ്ങള്‍ നടപ്പിലാക്കിയത്. അതെ രീതി ഇന്ന് ചെറിയസ്ഥാപനങ്ങള് നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് വിജയിപ്പിച്ചെടുക്കാന്‍ കഴിയുന്നില്ല. വീട്ടിലിരുന്ന് തൊഴിലെടുക്കുമ്പോള്‍ ജീവനക്കാര്‍ക്ക് അവരുടെ പൂര്‍ണ ശ്രദ്ധ തൊഴിലില്‍ കേന്ദ്രീകരിക്കാന്‍ സാധിക്കാതെവരുന്നു എന്നത് വര്‍ക്ക് ഫ്രം ഹോം എന്ന ആശയത്തിന്റെ പ്രധാന ന്യൂനതയാണ്.
അതിനാല്‍ പ്രത്യേക കഴിവുകള്‍ വേണ്ടുന്ന എന്നാല്‍ ലഭ്യതക്കുറവുള്ള തൊഴില്‍ മാത്രം റിമോട്ട് രീതിയില്‍ നടപ്പാക്കുന്നത് പരിഗണിക്കാവുന്ന കാര്യമാണ്. ഇത് കഴിവുള്ള ജീവനക്കാരെ ലോകത്തിന്റെ പല സ്ഥലങ്ങളില്‍ നിന്നും കണ്ടെത്താന്‍ സഹായിക്കും. പക്ഷെ കൃത്യമായ സമയപരിധിയും ജോലിയുടെ ഗുണനിലവാരം അളക്കലും ഇവിടെ അനിവാര്യമാണ്.
4. വിശദമായ തൊഴില്‍ വിവരണം:
ജീവനക്കാരില്‍ നിന്നും സ്ഥാപനം പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും ഒപ്പം വര്‍ക്ക്ഫ്‌ളോയും വിവരിക്കുന്ന ഡോക്യുമെന്റ് തയ്യാറാക്കി നല്‍കുന്നത് തൊഴിലിനെ കുറിച്ചുള്ള ഒരു വ്യക്തത അവരില്‍ ഉണ്ടാക്കും.
കൂടാതെ നിര്‍ബന്ധമായും ഓഫര്‍ ലെറ്ററും, അപ്പോയ്ന്റ്‌മെന്റ് ലൈറ്റും ഒരു എച്ച്ആര്‍ അഭിഭാഷകന്റെ സഹായത്താല്‍ തയ്യാറാക്കി ജീവനക്കാര്‍ക്ക് നല്‍കുക. ഭാവില്‍ തൊഴില്‍ സംബന്ധമായി വന്നേക്കാവുന്ന റിസ്‌കുകള്‍ ഒഴിവാക്കാനും ജീവനക്കാര്‍ തൊഴിലിനെ ഗൗരവസ്വഭാവത്തില്‍ കാണുന്നതിനും ഇത് സഹായിക്കും.
തൊഴില്‍ അറിയുന്ന തൊഴിലാളികളെ ലഭിക്കുന്നത് അത്ര എളുപ്പമല്ല എന്നതിനാല്‍തന്നെ പഠിക്കാന്‍ ശേഷിയുള്ള ആളുകളെ തൊഴിലിനെടുത്ത് അവരെ തൊഴില്‍ പഠിപ്പിക്കുക എന്ന സമീപനമേ ഇനിയുള്ളകാലത്ത് ഗുണപ്രദമാവുള്ളു.
Siju Rajan
Business and Brand Consultant
CEO & Co-Founder - BRANDisam LLP
www.sijurajan.com
+91 8281868299
info@sijurajan.com