ഒരു ടിവി ഷോയില്‍ നിന്ന് ഞാന്‍ പഠിച്ച വലിയ പാഠം

വെറും വിനോദം എന്നതിനപ്പുറം ചിലപ്പോള്‍ ഒരു ടിവി ഷോയില്‍ നിന്ന് പോലും മഹത്തായ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും

Update:2022-03-27 10:50 IST

ഏകദേശം അഞ്ചു വര്‍ഷം മുമ്പാണ് ഞാന്‍ ആദ്യമായി സ്റ്റാര്‍ ട്രക്ക് (ഒറിജിനല്‍ സീരീസ്) കാണുന്നത്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും പഴയ ടിവി ഷോയാണത്. 1966 ലാണത് പുറത്തിറങ്ങിയത്.

പല സ്റ്റാര്‍ വാര്‍സ് ഫാന്‍സിനും സ്റ്റാര്‍ ട്രക്ക് അത്ര ഇഷ്ടമല്ല (അവരത് ഒരിക്കലും കാണാന്‍ മെനക്കെട്ടില്ലെങ്കില്‍ പോലും). അതുപോലെ തന്നെ വലിയൊരു സ്റ്റാര്‍ വാര്‍സ് ആരാധകനായ ഞാനും ഇത്രയും കാലം അത് കാണാന്‍ കൂട്ടാക്കിയിരുന്നില്ല. എന്റെ ജ്യേഷ്ഠന്‍ അത് കാണാന്‍ തുടങ്ങുകയും രസകരമാണെന്ന് പറയുകയും ചെയ്തപ്പോഴാണ് ഒടുവില്‍ ഞാനത് കണ്ടുകളയാം എന്നു തീരുമാനിച്ചത്.

സ്റ്റാര്‍ ട്രക്കിനെ കുറിച്ച് അത്ര പരിചയമില്ലാത്തവര്‍ക്ക് വേണ്ടി ചെറു വിവരണം ഇതാ...

2260 കളില്‍ ക്ഷീരപഥ ഗാലക്സിയില്‍ നടക്കുന്ന കാര്യങ്ങളാണ് ഷോയില്‍ കാണിക്കുന്നത്. പുതിയ ലോകങ്ങളും ജീവിതങ്ങളും നാഗരികതകളും തേടി അഞ്ചു വര്‍ഷത്തെ മിഷനുമായി അവിടെയെത്തിയ യുഎസ്എസ് എന്റര്‍പ്രൈസ്സ് സ്പേസ്ഷിപ്പിന്റെയും അതിലെ ജീവനക്കാരുടെയും സാഹസികതയാണ് ഷോയുടെ കാതല്‍.

അത് കണ്ടപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സിലായി, ഞാന്‍ അതു വരെ കണ്ടിരുന്ന ടി വി ഷോകളെ പോലെയൊന്നുമായിരുന്നില്ല സ്റ്റാര്‍ ട്രെക്ക്. അവയെക്കാളും വ്യത്യസ്തമായിരുന്നു, നല്ല രീതിയില്‍.

സ്റ്റാര്‍ ട്രക്ക് എനിക്ക് കണ്ടപ്പോള്‍ തന്നെ ഇഷ്ടമായത്, മറ്റ് മിക്ക ടിവി ഷോകളില്‍ നിന്നും വ്യത്യസ്തമായി അതിന് ഒരു ആഴവും സത്തയും ഉണ്ടായിരുന്നു എന്നതാണ്. വിനോദം പകരുന്നതിനൊപ്പം ആഴത്തില്‍ ചിന്തിപ്പിക്കുന്നതുമായിരുന്നു, അത്.

സ്റ്റാര്‍ ട്രക്കില്‍ എനിക്ക് പ്രത്യേകിച്ചും ഇഷ്ടപ്പെട്ട ഒരു കാര്യം, ഷോയിലെ പ്രതിനായകരുടെ ചിത്രീകരണമാണ്. സാധാരണയായി സിനിമകളിലും ടിവി ഷോകളിലും നായകന്മാരെയും വില്ലന്മാരെയും നല്ലവരും മോശം ആളുകളും എന്ന രീതിയിലാണ് ചിത്രീകരിക്കാറുള്ളത്. എന്നാല്‍ സ്റ്റാര്‍ ട്രക്കില്‍ ഈ ലളിതമായ അവതരണത്തിനപ്പുറം ധാര്‍മികമായി നല്ലതിനും മോശത്തിനും ഇടയിലായാണ് പലപ്പോഴും വില്ലന്മാരെ അവതരിപ്പിച്ചിരിക്കുന്നത്.

ഈ ടിവി ഷോ നമ്മളില്‍ പ്രതിനായകരോടും അനുകമ്പ തോന്നിപ്പിക്കുകയും അവരുടെ വീക്ഷണ കോണില്‍ കൂടി കാര്യങ്ങള്‍ നോക്കിക്കാണാന്‍ നമ്മളെ പ്രേരിപ്പിക്കുകയും ചെയ്യുന്നതായിരുന്നു. വില്ലന്മാര്‍ ക്രൂരമായ ഉദ്ദേശ്യങ്ങള്‍ കൊണ്ടല്ല, മറിച്ച് നിസ്സഹായത കൊണ്ടാണ് അത്തരം കാര്യങ്ങള്‍ ചെയ്തു പോകുന്നതെന്ന് ഇത് കാണിച്ചു തരുന്നു.

എന്റെ അമ്മ പലപ്പോഴും പറയാറുള്ള ഒരു കാര്യം എന്നെ ചിന്തിപ്പിക്കാറുണ്ട് - ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരോട് ദേഷ്യത്തിനു പകരം അനുകമ്പയാണ് തോന്നേണ്ടതെന്ന്.

അകമേ ആഴത്തില്‍ മുറിവേറ്റിരിക്കുന്ന ഒരാള്‍ക്ക് മാത്രമേ അത്തരത്തിലുള്ള ദുഷിച്ച കുറ്റകൃത്യങ്ങള്‍ ചെയ്യാനാവൂ എന്നാണ് അമ്മയുടെ അഭിപ്രായം. 'മുറിവേറ്റ ആളുകളാണ് മുറിവേല്‍പ്പിക്കുന്നത്' (Hurt people, hurt people)എന്നു പറയുന്നതു പോലെ. നിങ്ങളിത് പതുക്കെ വീണ്ടും വായിക്കുക. ഇതെപ്പോഴും മനസ്സില്‍ വെക്കേണ്ട കാര്യമാണ്.

യഥാര്‍ത്ഥത്തില്‍ സന്തോഷവും സമാധാനവും അനുഭവിക്കുന്ന ആരും ആളുകളെ വേദനിപ്പിക്കാനോ കുറ്റകൃത്യത്തിലേര്‍പ്പെടാനോ ആഗ്രഹിക്കില്ല. നമ്മുടെ ജീവിതത്തില്‍, നമ്മള്‍ എപ്പോഴും ശരിയാണെന്നും മറ്റുള്ളവര്‍ തെറ്റാണെന്നും ചിന്തിക്കുന്നത് എളുപ്പമുള്ള കാര്യമാണ്. അല്ലെങ്കില്‍ നമ്മളെ നല്ലവരായും മറ്റുള്ളവരെ മോശക്കാരായും കാണുന്നത്.

എന്നാല്‍ കാര്യങ്ങളെ പലപ്പോഴും വളരെ ലളിതമായി വീക്ഷിക്കുന്നതു കൊണ്ടു സംഭവിക്കുന്നതാണത്; മിക്ക സിനിമകളിലും വില്ലന്മാരെ ഒരു കരുണയും അര്‍ഹിക്കാത്ത ഹൃദയശൂന്യരായി ചിത്രീകരിക്കുന്നതു പോലെ.

യഥാര്‍ത്ഥ ജീവിതത്തില്‍, ആളുകള്‍ക്ക് മോശം, ദുഷ്ടന്‍/ദുഷ്ട തുടങ്ങിയ ലേബല്‍ നല്‍കുന്നതിനേക്കാള്‍ അത് ഏറെ സങ്കീര്‍ ണ മാണ്. അതുകൊണ്ട് പലപ്പോഴും ആളുകളെ ഇത്തരം വിഭാഗങ്ങളായി തരംതിരിക്കുന്നത് ഉപേക്ഷിച്ച് അവരുടെ വീക്ഷണകോണിലൂടെ കാര്യങ്ങള്‍ കണ്ട് കൂടുതല്‍ അനുകമ്പയുള്ള സമീപനം സ്വീകരിക്കുന്നതാണ് നല്ലത്. അത് അത്ര എളുപ്പമല്ലെങ്കിലും നമുക്കെല്ലാവര്‍ക്കും സാധ്യമാണ്. കോപത്തിന്റെയും പകയുടെയും അനാവശ്യ ഭാരം പേറാതെ ജീവിക്കാന്‍ ഇത് നമ്മെ സഹായിക്കും.

For more simple and practical tips to live better and be happier visit anoop's website: https://www.thesouljam.com

Tags:    

Similar News