നിങ്ങളുടെ സ്വപ്‌നം തകരുന്നതിന്റെ കാരണം ഇതാണോ?

സ്വപ്‌ന സാക്ഷാത്കാരത്തിന്റെ പാതയില്‍ ഈ നിസാര ഒഴിവുകഴിവ് നിങ്ങള്‍ക്ക് തടസ്സമാകരുത്

Update: 2021-11-14 03:30 GMT

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തബല ഇതിഹാസം സക്കീര്‍ ഹുസൈന്റെ ലൈവ് ആയ സംഗീതകച്ചേരി കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായി. അതിൽ ആദ്യത്തെ 20 മിനുറ്റോളം അദ്ദേഹത്തിന്റെ പ്രകടനം സത്യത്തില്‍ അത്ര ഗംഭീരമൊന്നും അല്ലായിരുന്നു. എന്നാല്‍ പിന്നീട് പരിപാടി പുരോഗമിക്കുന്തോറും അത് കൂടുതല്‍ നന്നായിക്കൊണ്ടിരുന്നു. പ്രോഗ്രാമിന്റെ അവസാനം കാണികളെല്ലാവരും മാസ്മരിക പ്രകടനത്തില്‍ മയങ്ങുകയും അദ്ദേഹത്തിന്റെ കഴിവില്‍ അത്ഭുതം കൂറുകയും ചെയ്തു.

ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ആ സംഗീത പരിപാടിയില്‍ പങ്കെടുക്കാനായതില്‍ സന്തോഷം തോന്നുന്നു. കാരണം അന്ന്, എന്റെ സുഹൃത്ത് അവസാന നിമിഷം പിന്‍വാങ്ങിയതിനാല്‍ തനിച്ച് പ്രോഗ്രാമില്‍ പോകണോ എന്ന സംശയിച്ചിരുന്നു. അങ്ങനെ മടിച്ച് പോകാതിരുന്നെങ്കില്‍ അതൊരു വലിയ നഷ്ടം തന്നെ ആയിരുന്നേനെ.

നമ്മള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന പല കാര്യങ്ങളില്‍ നിന്നും നമ്മെ തടയുന്ന ഒന്നാണ് കൂട്ടിന് ആളില്ല എന്നത്. എന്തെങ്കിലും കാര്യം ചെയ്യാന്‍ പുറപ്പെടുപ്പോള്‍ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ കൂട്ടിനുണ്ടാവുമെന്ന് പ്രതീക്ഷിക്കുകയും അവര്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്നു. അത് ചിലപ്പോള്‍ യാത്രയാവാം, മെഡിറ്റേഷന്‍ അല്ലെങ്കില്‍ യോഗ ക്ലാസില്‍ ചേരുന്നതാവാം, അല്ലെങ്കില്‍ ജിമ്മില്‍ പോകുന്നതാകാം.

ഈയടുത്തായി ഒരു സുഹൃത്ത് എന്നോട് പറയുകയായിരുന്നു- വര്‍ഷങ്ങളായി പല കാര്യങ്ങളും അവള്‍ ചെയ്യാന്‍ ആഗ്രഹിച്ചെങ്കിലും കൂട്ടിന് ആരുമില്ല എന്ന കാരണം കൊണ്ട് മാത്രം പലതും സാധിച്ചില്ല എന്ന്. നാടകങ്ങള്‍ കാണുക, മ്യൂസിയം സന്ദര്‍ശിക്കുക, യാത്ര ചെയ്യുക, ബുക്ക് ക്ലബില്‍ ചേരുക തുടങ്ങി പല കാര്യങ്ങളും.

എന്റെ ജീവിതത്തിലേക്ക് തന്നെ തിരിഞ്ഞു നോക്കുമ്പോള്‍, എന്തെങ്കിലും ചെയ്യുന്നതിനായി കൂടെ ആളെ കിട്ടാനായി കാത്തിരുന്നിരുന്നുവെങ്കില്‍ എന്റെ പല പ്രിയപ്പെട്ട അനുഭവങ്ങളും ഒരിക്കലും സംഭവിക്കില്ലായിരുന്നു.

ഞാന്‍ എടുത്ത, ജീവിതം മാറ്റിമറിച്ച തീരുമാനങ്ങളിലൊന്ന് (മൂന്നു മാസം ഇന്ത്യ ചുറ്റി സഞ്ചരിക്കുക) കൂടെ വരാന്‍ ആര്‍ക്കെങ്കിലും വേണ്ടി കാത്തിരുന്നുവെങ്കില്‍ ഒരിക്കലും നടക്കില്ലായിരുന്നു.

നമ്മളില്‍ തന്നെ തൃപ്തി കണ്ടെത്താനും സ്വന്തം കമ്പനി ആസ്വദിക്കാനും പഠിക്കേണ്ടത് അത്യാവശ്യമാണ്. വ്യത്യസ്തങ്ങളായ ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും ആഗ്രഹങ്ങളുമുള്ള സവിശേഷ വ്യക്തിത്വങ്ങളാണ് നമ്മളെല്ലാവരും. ഞാന്‍ എന്റെ ജീവിതത്തില്‍ നിന്ന് മനസ്സിലാക്കിയ ഒരു കാര്യം, നിങ്ങളില്‍ പ്രകാശം നിറയ്ക്കുന്നതും പൂര്‍ണ ഹൃദയത്തോടെ ആസ്വദിക്കാന്‍ കഴിയുന്നതുമായ കാര്യങ്ങള്‍ പിന്തുടരാന്‍ നിങ്ങള്‍ക്ക് എപ്പോഴും കൂട്ടുണ്ടായിരിക്കണമെന്നില്ല.

എന്നാല്‍ നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും നിറവേറ്റുന്നതില്‍ നിന്ന് തടയാന്‍, കൂട്ടിന് ആളില്ല എന്നത് ഒരു കാരണമായി മാറാന്‍ അനുവദിക്കരുത്.

ഞാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ചെയ്യാതിരിക്കാനുള്ള കാരണമായി എന്റെ ജീവിതത്തില്‍ പല തവണ അത് മാറിയിട്ടുണ്ട്. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അതൊരു നിസാര ഒഴിവുകഴിവ് മാത്രമായിരുന്നുവെന്ന് തോന്നുന്നു.

കൂട്ടുണ്ടായിരിക്കണമെന്ന് എനിക്ക് തോന്നിയിരുന്ന ചില കാര്യങ്ങള്‍ തനിയെ ചെയ്യുമ്പോള്‍ അസ്വസ്ഥത ഉണ്ടായിട്ടുണ്ട്. പക്ഷേ അവസാനം, എനിക്ക് അത് സന്തോഷം പകര്‍ന്നിട്ടുണ്ടെന്ന് മാത്രമല്ല, അതില്‍ ഖേദം തോന്നിയിട്ടേയില്ല.

അതിനാല്‍ ഞാന്‍ നിങ്ങളോടൊരു ചോദ്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നു: -

നിങ്ങള്‍ ഒരു കമ്പനിയുണ്ടെങ്കില്‍ ചെയ്യാം എന്നു കരുതി ജീവിതത്തില്‍ ചെയ്യാതിരിക്കുന്ന ഒരു കാര്യം എന്താണ്?

For more simple and practical tips to live better and be happier visit Anoop's website: https://www.thesouljam.com

Tags:    

Similar News